palakkad local

കുടുംബനാഥന്‍ ആത്മഹത്യ ചെയ്തിട്ടും ഒഴിയാബാധയായി വാഹന വായ്പാ കമ്പനി

ആലത്തൂര്‍: കടബാധ്യതയില്‍ നിന്നു രക്ഷനേടാന്‍ കുടുംബനാഥന്‍ ജീവനൊടുക്കിയിട്ടും വീട്ടമ്മയ്കും രണ്ടുപെണ്‍മക്കള്‍ക്കും ഒഴിയാബാധയായി വാഹന വായ്പാ കമ്പനി. ജീവിതം വഴിമുട്ടിയ പുതിയങ്കം മന്ദ്യങ്കോട്ടിലെ റഷീദയ്ക്(48) തലചായ്കാനുള്ള ചെറിയ വീടും മൂന്നു സെന്റും നിയമ നടപടിയിലൂടെ വസൂലാക്കാനുള്ള ശ്രമത്തിലാണ് ധനകാര്യ സ്ഥാപനം. ഭര്‍ത്താവ് സെയ്ദ് മുഹമ്മദ് 2013 മാര്‍ച്ചിലാണ് വായ്പയെടുത്ത് പെട്ടി ഓട്ടോ വാങ്ങിയത്.
പ്രതിമാസ അടവ് 5284 രൂപയായിരുന്നു.17,500 രൂപ ആദ്യം അടയ്കുകയും ചെയ്തു.ആദ്യത്തെ മൂന്നുമാസം കൃത്യമായി വായ്പ അടച്ചു.തുടര്‍ന്നുള്ള രണ്ട് മാസം കുടിശ്ശികയായി.മൂന്നാം മാസത്തേതും കുടിശ്ശികയായാല്‍ വണ്ടി പിടിച്ചെടുക്കുമെന്നു കമ്പനിക്കാര്‍ അറിയിച്ചു. 2013 സെപ്തംബറില്‍ രണ്ടാമത്തെ മകളുടെ വിവാഹം കഴിഞ്ഞതിന്റെ അഞ്ചാം ദിവസം സെയ്ദ് മുഹമ്മദ് ആത്മഹത്യ ചെയ്തു.
വായ്പ അടയ്കാന്‍ വഴിയില്ലെന്നു പറഞ്ഞ് റഷീദയും മക്കളും ധനകാര്യ സ്ഥാപനത്തില്‍ വാഹനം തിരിച്ചേല്‍പ്പിച്ചു. ധനകാര്യ സ്ഥാപനം മുന്‍കൈയ്യെടുത്ത്, കാട്ടുശ്ശേരിയില്‍ വാടകയ്ക് താമസിച്ചിരുന്നയാള്‍ക്ക് വാഹനം വില്‍ക്കാന്‍ കരാറായി.നാല്‍പതിനായിരം രൂപ വിലയായി നിശ്ചയിച്ചു.ഇതില്‍ നിന്ന് മൂന്നു മാസത്തെ കുടിശ്ശിക കുറച്ച് 25,000 രൂപ റഷീദയ്ക് നല്‍കി.
വാഹനം പുതിയ ഉടമയുടെ പേരിലേക്കു മാറ്റുന്നതിനുള്ള സമ്മത പത്രങ്ങളും ഒപ്പിട്ടു നല്‍കി. ആര്‍ടിഒ ഓഫിസില്‍ അറിയിച്ച് പേര് മാറ്റുന്നതിനുള്ള നടപടി കമ്പനിയോ വാഹനം വാങ്ങിയ ആളുടെയോ ഭാഗത്തു നിന്ന് ഉണ്ടായില്ല. വാഹനം വാങ്ങിയ ആള്‍ വൈകാതെ ഓട്ടോയുമായി സ്ഥലം വിടുകയും വായ്പ തിരിച്ചടവ് മുടക്കുകയും ചെയ്തു.
ഇയാളെയും വാഹനത്തെയും കുറിച്ച് ഇപ്പോള്‍ വിവരമൊന്നുമില്ല. എരിമയൂര്‍ ഗ്രാമ പഞ്ചായത്ത്, ഇഎംഎസ് ഭവന പദ്ധതിയും ഇന്ദിര ആവാസ് യോജനയും മുഖേന നല്‍കിയ മൂന്നു സെന്റ് സ്ഥലവും വീടും മാത്രമാണു റഷീദയുടെ ആകെ സമ്പാദ്യം.തലയില്‍ രക്തം കട്ടപ്പിടിക്കുന്ന അസുഖത്തിനു ചികിത്സയിലാണ് ഇവര്‍
.പെണ്‍മക്കളെ വിവാഹം ചെയ്തിരിക്കുന്നവരും സാമ്പത്തിക ശേഷി ഉള്ളവരല്ല.കുടിശ്ശികയും പലിശയും അടക്കം 1,85,000 രൂപ അടയ്ക്കാനുണ്ടെന്നാണ് വായ്പാ കമ്പനി അധികൃതര്‍ പറയുന്നത്.
Next Story

RELATED STORIES

Share it