kozhikode local

കുടുംബത്തിലെ അത്താണിയും വിടവാങ്ങി; ഭാര്യയെയും ഇളയ മകനെയും ബാക്കിയാക്കി

കുഞ്ഞബ്ദുല്ല വാളൂര്‍

പേരാമ്പ്ര: പനി വിപത്തില്‍ പേരാമ്പ്ര ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്തിലെ സൂപ്പിക്കടയില്‍ സഹോദരങ്ങളായ രണ്ട് പേരും ജേഷ്ഠ ഭാര്യയും മരിച്ചതിനു പിന്നാലെ കുടുംബത്തിന്റെ അത്താണിയായ മൂസയും വിട പറഞ്ഞു. കുടുംബം ഒന്നാകെ പനി ബാധിച്ചു ചികില്‍സയിലായതോടെ വളച്ചു കെട്ടിയില്‍ വീട്ടില്‍ മൂകമായ അന്തരീക്ഷമായിരുന്നു.മൂസ, മറിയം ദമ്പതികളുടെ മക്കളായ സ്വാലിഹ് (26), സഹോദരന്‍ സാബിത്ത് (23) എന്നിവരാണു നിപാവൈറസ് പനി ബാധിച്ച് ആദ്യം മരിച്ചത്. സാബിത്തിന്റെ മരണം നിപാ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സംശയങ്ങള്‍ വിരല്‍ ചൂണ്ടുന്നത് നിപാ തന്നെയെന്നാണ്. നാട്ടില്‍ കര്‍മോല്‍സുകരായി എല്ലാ രംഗത്തും സജീവമായിരുന്ന രണ്ട് യുവാക്കളുടെ മരണം നാട്ടുകാര്‍ക്ക് ഏറെ വേദനയുണ്ടാക്കി.
ഇതിനിടയിലാണ് ഇവരുടെ പിതാവ് മൂസയും (62 ) മരണത്തിന് കീഴടങ്ങേണ്ടി വന്നത്. ജേഷ്ഠന്‍ മൊയ്തീന്‍ ഹാജിയുടെ ഭാര്യ മറിയം എന്നവര്‍ ഒരേ വീട്ടില്‍ എന്നപോലെ ഇവരുടെ വീട്ടില്‍ എത്തി പനി ബാധിച്ചവരെ പരിചരിച്ച് കഴിഞ്ഞ് വരികയായിരുന്നു. പനി ബാധിച്ച സ്വാലിഹിനേയും സാബിത്തിനേയും സ്വന്തം മക്കളെ പോലെയാണ് ഇവര്‍ പരിചരിച്ചത്. ഇവരും ചികില്‍സക്കിടെ മരണത്തിന് കീഴടങ്ങി.
ചികില്‍സയില്‍ കഴിഞ്ഞ സ്വാലിഹിന്റെ ഭാര്യ ആത്തിഫ (19) മാത്രമാണ് ഇപ്പോള്‍ സുഖം പ്രാപിച്ചു വരുന്നത്.പനി ബാധിച്ചു കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞ ആത്തിഫയെ എറണാകുളം അമൃത ആശുപത്രിയില്‍ ചികില്‍സിച്ചു കൊണ്ടിരിക്കുന്നു.സിവില്‍ എന്‍ജിനിയറായ സ്വാലിഹ്, വയറിങ് ജോലിയിലേര്‍പ്പെട്ടിരുന്ന സാബിത്തും കുടുംബത്തിന്റെ പ്രതീക്ഷകളായിരുന്നു. ഇളയ സഹോദരന്‍ മുഹമ്മദ് സാലിം 2013ല്‍ കടിയങ്ങാട്് ജങ്ഷനില്‍ ബൈക്ക്്് അപകടത്തില്‍ മരണപ്പെടുകയായിരുന്നു.
ഇന്ന് രണ്ട് സഹോദരങ്ങളുടെയും പിതാവിന്റെയും വിയോഗത്തില്‍ സാക്ഷിയാവാന്‍ വളച്ചുകെട്ടിയില്‍ ഇനി ഉമ്മയും മകനും മാത്രമാണ് അവശേഷിക്കുന്നത്. കണ്ണീര്‍ പൊഴിച്ച് തങ്ങള്‍ക്ക് വന്നുപെട്ട വിപത്തിനെ ഓര്‍ത്ത് ബന്ധുവീട്ടില്‍ കഴിഞ്ഞുവരുന്ന മകനും ഉമ്മയും പ്രാര്‍ഥിക്കുന്നു.. ഇനി ഒരാള്‍ക്കും ഈ ഗതി വരരുതെന്ന്.
Next Story

RELATED STORIES

Share it