കുടുംബത്തിന്റെ മാപ്പ് കോടതി സ്വീകരിച്ചു വധശിക്ഷ ഒഴിവായി; ആഷിഫിന്റെ ഘാതകന്‍ സൗദിയില്‍ ഉടനെ ജയില്‍മോചിതനാകും

അല്‍ഹസ: ഏഴു വര്‍ഷം മുമ്പ് പാലക്കാട് ഒറ്റപ്പാലം പാലപ്പുറം ലക്ഷംവീട് കോളനിയില്‍ പാലത്തിങ്കല്‍ മുഹമ്മദലി-ആയിഷ ദമ്പതികളുടെ മകന്‍ ആഷിഫി (24)നെ കൊലപ്പെടുത്തിയ ഇന്ത്യക്കാരനു വധശിക്ഷ ഒഴിവായി. പ്രതി ഉത്തര്‍പ്രദേശ് ഗോണ്ട സ്വദേശി മുഹര്‍റം അലി ഷഫീഉല്ല(40)ക്ക് മാപ്പു നല്‍കുന്നതായി ആഷിഫിന്റെ കുടുംബം സമര്‍പ്പിച്ച രേഖ അല്‍ഹസ ശരീഅഃ കോടതി അംഗീകരിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഷഫീഉല്ലക്ക് ഒരു മാസത്തിനകം തടവില്‍ നിന്നു മോചിതനായി നാട്ടിലേക്ക് മടങ്ങാനാകും.
അല്‍ഹസ ദ്രീസ് പെട്രോള്‍ പമ്പിലെ സൂപ്പര്‍വൈസറായിരുന്നു ആഷിഫ്. അവിടത്തെ ജീവനക്കാരനായിരുന്നു ഷഫീഉല്ല. നല്ല സുഹൃത്തുക്കളായിരുന്നു ഇരുവരും. സംഭവദിവസം രാത്രി ഉറങ്ങിക്കിടന്ന ആഷിഫിനെ മുഹര്‍റം അലി കഴുത്തറുത്തുകൊന്നതായാണ് കേസ്. പ്രതി ഷഫീഉല്ല അന്നുതന്നെ അറസ്റ്റിലായി. ആഷിഫ് തന്നെ വിഷം തന്നു കൊല്ലുമെന്ന തോന്നലാണ് കൊലയ്ക്ക് കാരണമെന്ന് പ്രതി കോടതിയില്‍ മൊഴി നല്‍കി.
അല്‍ഹസ കോടതിയില്‍ കേസ് നടക്കുന്നതിനിടെ മനോവിഭ്രാന്തി പ്രകടിപ്പിച്ച ഷഫീഉല്ലയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി. 2017 നവംബറില്‍ പ്രതിക്ക് വധശിക്ഷ വിധിച്ചു. എന്നാല്‍ ചികില്‍സയിലായതിനാല്‍ വധശിക്ഷ നടപ്പായില്ല. വധിക്കപ്പെട്ട വ്യക്തിയുടെ കുടുംബം മാപ്പു കൊടുത്താല്‍ വധശിക്ഷ ഒഴിവാക്കാനാവുമെന്ന വ്യവസ്ഥ കുടുംബത്തിനു പ്രതീക്ഷയേകി.
ആഷിഫിന്റെ കുടുംബത്തിന്റെ ദയ തേടി കഴിഞ്ഞ റമദാനില്‍ മെയ് 30നു പ്രതിയുടെ ഭാര്യ റസിയയും സഹോദരങ്ങളും മലപ്പുറത്തെത്തി മാധ്യമപ്രവര്‍ത്തകരെ കണ്ടു. മാധ്യമപ്രവര്‍ത്തകര്‍ കുടുംബത്തെ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ സമീപത്ത് എത്തിച്ചു. പ്രതി ഷഫീഉല്ലക്ക് നിരുപാധികം മാപ്പു കൊടുക്കുന്നതായി സഹോദരങ്ങള്‍ക്കൊപ്പം പാണക്കാട്ടെ വസതിയിലെത്തിയ ആഷിഫിന്റെ ഉമ്മ ആയിഷാബീവി പ്രഖ്യാപിച്ചു. മകനെ നഷ്ടപ്പെട്ടതിനു പകരം ഒരു കുടുംബനാഥനെ കൊലയ്ക്കു കൊടുത്തിട്ട് എന്തു നേടാന്‍ എന്നായിരുന്നു ഉമ്മയുടെ വാക്കുകള്‍.
പ്രതിക്ക് നിരുപാധികം മാപ്പു നല്‍കുന്ന സത്യവാങ്മൂലത്തി ല്‍ ആഷിഫിന്റെ ഉമ്മ ആയിഷാബീവി, സഹോദരങ്ങളായ ഇബ്രാഹീം, അബ്ദുല്‍ ലത്തീഫ്, ഖദീജാബീവി, ഫാത്തിമ ഒപ്പുവച്ചു. കുടുംബത്തിന്റെ പ്രതിനിധിയായി അല്‍ഹസ കെഎംസിസി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് ഹംസ സമര്‍പ്പിച്ച ഈ രേഖ സ്വീകരിച്ചാണ് കഴിഞ്ഞ ദിവസം കേസ് അവസാനിപ്പിച്ചതായി കോടതി അറിയിച്ചത്. ഭാര്യ റസിയയും പ്രായമായ രണ്ടു പെണ്‍മക്കളും ചെറിയ മകനുമടങ്ങുന്ന കുടുംബത്തിന്റെ നാഥനാണ് ഷഫീഉല്ല. കോടതി മാപ്പ് അംഗീകരിച്ചതോടെ നിര്‍ധന കുടുംബത്തിന് ആഹ്ലാദമായി.
ദിയ (ബ്ലഡ് മണി)യായി ഒന്നും സ്വീകരിക്കാതെ മകന്റെ ഘാതകനു മാപ്പു കൊടുത്ത ആയിഷാബീവിയുടെ ദരിദ്ര കുടുംബം വാടകവീട്ടിലാണ് താമസം. അവര്‍ക്ക് വീട് പണിതുനല്‍കുമെന്ന് പ്രഖ്യാപിച്ച സൗദി കിഴക്കന്‍ പ്രവിശ്യ കെഎംസിസി അതിനുള്ള ശ്രമത്തിലാണ്. അല്‍ഹസ കെഎംസിസി ഭാരവാഹികളായ എ പി ഇബ്രാഹീം മുഹമ്മദ്, ടി കെ കുഞ്ഞാലസ്സന്‍കുട്ടി, മജീദ് കൊടശ്ശേരി, സി എം കുഞ്ഞിപ്പഹാജി, സി പി ഗഫൂര്‍, അബ്ദുസ്സലാം തുടങ്ങിയവരാണ് ആഷിഫ് വധക്കേസില്‍ സജീവമായി ഇടപെട്ടത്.
Next Story

RELATED STORIES

Share it