thrissur local

കുടുംബങ്ങള്‍ക്ക് നമ്മുടെ വടക്കാഞ്ചേരി പദ്ധതിയില്‍ സൗജന്യ അംഗത്വം

വടക്കാഞ്ചേരി: വടക്കാഞ്ചേരി നിയോജകമണ്ഡലത്തില്‍ പ്രളയക്കെടുതിയിലും മണ്ണിടിച്ചിലിലും അകപ്പെട്ട കുടുംബങ്ങള്‍ക്ക് നമ്മുടെ വടക്കാഞ്ചേരി എന്ന സമ്പൂര്‍ണ്ണ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ സൗജന്യ അംഗത്വവും കുറാഞ്ചേരിയിലെ അപകടത്തില്‍ മരണപ്പെട്ട ഈ പദ്ധതിയില്‍ നേരത്തേ അംഗങ്ങളായിരുന്ന രണ്ട് കുടുംബനാഥന്‍മാരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും നല്‍കുമെന്ന് അനില്‍ അക്കര എം. എല്‍. എ അറിയിച്ചു.
പദ്ധതിയില്‍ അംഗങ്ങളാകുന്നതിന് നിശ്ചിത അപേക്ഷാ ഫാമില്‍ കുടുംബനാഥന്റെ ഫോട്ടോയും ആധാറിന്റെ പകര്‍പ്പും, ഗ്രാമപഞ്ചായത്ത് മെമ്പറുടെയോ നഗരസഭാ കൗണ്‍സിലറുടെയോ സാക്ഷ്യപത്രവും സഹിതം അപേക്ഷ നല്‍കണം.
വടക്കാഞ്ചേരി നഗരസഭ, തെക്കുംകര, മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തുകളിലെ കുടുംബങ്ങള്‍ വടക്കാഞ്ചേരി എം.എല്‍.എ ഓഫീസിലും അടാട്ട്, കോലഴി, അവണൂര്‍, തോളൂര്‍, കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ കുടുംബങ്ങള്‍ അമല ആശുപത്രിയിലെ ഹെല്‍പ്പ് ഡെസ്‌കിലുമാണ് അപേക്ഷ നല്‍കേണ്ടത്. മൂന്ന് മാസം പ്രായമുള്ള കുട്ടി മുതല്‍ 64 വയസ്സു വരെയുള്ള വ്യക്തികള്‍ക്കാണ് പദ്ധതിയില്‍ അംഗങ്ങളാകാന്‍ സാധിക്കുക.
ഒരു വര്‍ഷം കുടുംബത്തിന് 50,000 രൂപ വരെയുള്ള സൗജന്യ ചികില്‍സ നവംബര്‍ 01 മുതല്‍ 24 മണിക്കൂര്‍ മുതല്‍ കിടത്തി ചികില്‍സയ്ക്ക് ഇന്ത്യയിലെ പ്രധാന ആശുപത്രികളില്‍ ലഭ്യമാകുന്നതാണ്. രണ്ടാം വര്‍ഷത്തിലേക്ക് കടന്ന ഈ പദ്ധതിയില്‍ ഈ വര്‍ഷം പുതുക്കിയ അംഗങ്ങളുടെ കാഷ് ലെസ്സ് കാര്‍ഡുകളുടെ വിതരണം സപ്തംബര്‍ 07 മുതല്‍ ആരംഭിക്കും. വടക്കാഞ്ചേരി നഗരസഭയിലെ പഴയ വടക്കാഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രദേശത്തെ കാര്‍ഡുകളുടെ വിതരണം സപ്തംബര്‍ 07 ന് ഉച്ചക്ക് രണ്ട് മുതല്‍ കേരളവര്‍മ്മാ വായനശാലയില്‍ വിതരണം ചെയ്യും.
വടക്കാഞ്ചേരി എം.എല്‍.എ ഓഫീസിലും അമല ആശുപത്രിയിലെ ഹെല്‍പ്പ് ഡെസ്‌കിലും പുതുതായി പദ്ധതിയില്‍ അംഗങ്ങളാകുന്നതിനു വേണ്ടി സപ്തംബര്‍ 30 വരെ പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ടെന്നും ഇവര്‍ക്ക് നവംബര്‍ 01 മുതല്‍ സൗജന്യ ചികില്‍സ ലഭ്യമാകുമെന്നും അനില്‍ അക്കര എം.എല്‍.എ അറിയിച്ചു.

Next Story

RELATED STORIES

Share it