കുടുംബങ്ങളില്‍ പകുതിയും അനര്‍ഹര്‍

വി ജി  പോറ്റി  കിളിമാനൂര്‍

കിളിമാനൂര്‍: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പുതുക്കല്‍ നടപടി സംസ്ഥാനത്താകമാനം ആരംഭിച്ചു. പദ്ധതിയില്‍ അംഗങ്ങളായ കുടുംബങ്ങളില്‍ പകുതിയിലധികവും അനര്‍ഹരാണെന്നാണു പുതുക്കല്‍ കേന്ദ്രങ്ങളില്‍ നിന്നു പുറത്തുവരുന്ന വിവരം.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കുടുംബങ്ങളും സാമ്പത്തികമായി ഉയര്‍ന്ന നിലവാരമുള്ളവരും റേഷന്‍ കാര്‍ഡില്‍ പ്രതിമാസം 10,000 രൂപയിലധികം വരുമാനമുള്ളവരും പദ്ധതിയില്‍ കടന്നുകൂടിയിട്ടുണ്ട്. സമൂഹത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെയും പരമ്പരാഗത തൊഴിലാളികളുടെയും ആരോഗ്യസുരക്ഷയ്ക്കു വേണ്ടി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണിത്.
അത്തരത്തിലുള്ള ഒരു കുടുംബത്തിലെ അഞ്ചംഗങ്ങള്‍ക്ക് പ്രതിവര്‍ഷം 30,000 രൂപയുടെ സൗജന്യ ചികില്‍സ നിശ്ചിത ആശുപത്രികളില്‍ ലഭിക്കും. ഒപ്പം 60 വയസ്സ് കഴിഞ്ഞവര്‍ക്ക് അധികമായി 30,000 രൂപയുടെ ചികില്‍സയും ലഭിക്കുന്ന തരത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിനു പുറമേ അനുബന്ധ പദ്ധതിയായ ചിസ് പ്ലസ് പദ്ധതിയിലൂടെ ഹൃദയം, വൃക്ക, കരള്‍, തലച്ചോര്‍ എന്നിവയെ ബാധിക്കുന്ന രോഗങ്ങള്‍, കാന്‍സര്‍, അപകടം മൂലമുള്ള ട്രോമാകെയര്‍ എന്നിവയ്ക്ക് 70,000 രൂപയുടെ അധിക സൗജന്യ ചികില്‍സ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ആശുപത്രി മുഖേന നല്‍കുന്നുണ്ട്. നിലവില്‍ റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി ചേര്‍ന്നാണു പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുന്നത്. പ്രതിവര്‍ഷം ഇതിനായി കോടികളാണ് ചെലവിടുന്നത്. റേഷന്‍ കാര്‍ഡിനെ ആധാരമാക്കിയാണ് ഇപ്പോള്‍ കുടുംബങ്ങളെ പദ്ധതിയില്‍ അംഗമാക്കിയിരിക്കുന്നത്. നിരവധി കുടുംബങ്ങളുടെ റേഷന്‍ കാര്‍ഡുകള്‍ തന്നെ സുതാര്യവും വസ്തുതാപരമായി ശരിയുമല്ലാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളത്.
കാര്‍ഡുകള്‍ തന്നെ നാലായി തരംതിരിച്ചിട്ടുണ്ട്. പഴയ റേഷന്‍ കാര്‍ഡിനെ അടിസ്ഥാനമാക്കി എടുത്ത സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡുകളാണ് ഇപ്പോള്‍ ഒരു പരിശോധനയുമില്ലാതെ പുതുക്കിനല്‍കുന്നത്. നിലവിലെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് കഴിഞ്ഞ മൂന്നുവര്‍ഷമായി വര്‍ഷാവര്‍ഷം 30 രൂപ ഗുണഭോക്താവില്‍ നിന്ന് ഈടാക്കി പുതുക്കിനല്‍കുകയാണ്. പല പദ്ധതികളിലൂടെയും സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ആനുകൂല്യങ്ങള്‍ അനര്‍ഹര്‍ തട്ടിയെടുക്കുന്നതുപോലെ ഈ പദ്ധതിയിലൂടെയും അനര്‍ഹര്‍ സംസ്ഥാനത്താകമാനം ആനുകൂല്യം തട്ടിയെടുക്കുന്നു എന്നതാണു വസ്തുത. അതേസമയം, നിരവധി അര്‍ഹര്‍ വിവിധ കാരണങ്ങളാല്‍ പദ്ധതിക്ക് പുറത്താവുകയും ചെയ്യുന്നു.
Next Story

RELATED STORIES

Share it