World

കുടുംബങ്ങളില്‍ നിന്ന് കുട്ടികളെ വേര്‍പ്പെടുത്തില്ല

വാഷിങ്ടണ്‍: യുഎസില്‍ പിടിയിലാവുന്ന അനധികൃത കുടിയേറ്റ കുടുംബങ്ങളില്‍ നിന്ന് ഇനി കുട്ടികളെ വേര്‍പ്പെടുത്തില്ല. കുട്ടികളെ കുടുംബത്തോടൊപ്പം താമസിക്കാന്‍ അനുവദിക്കുന്ന ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പിട്ടു.
മെക്‌സിക്കന്‍ അതിര്‍ത്തിയില്‍  പിടികൂടിയ കുടിയേറ്റ കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളെ വേര്‍പ്പെടുത്തിയതു രാജ്യത്തിനകത്തും പുറത്തും വ്യാപക വിമര്‍ശനത്തിനിടയാക്കിയിരുന്നു. യുഎസ് ആഭ്യന്തര സെക്രട്ടറി കേഴ്സ്റ്റീന്‍ നീല്‍സണ്‍ തയ്യാറാക്കിയ ഉത്തരവില്‍  ബുധനാഴ്ചയാണു ട്രംപ് ഒപ്പുവച്ചത്.
പുതിയ ഉത്തരവ് പ്രകാരം കുട്ടികളെ രക്ഷിതാക്കളില്‍ നിന്ന് അകറ്റില്ല. എന്നാല്‍ കുടിയേറ്റക്കാരെ ഫെഡറല്‍ കസ്റ്റഡിയില്‍ സൂക്ഷിക്കുകയും നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
അതിര്‍ത്തി സുരക്ഷ ശക്തമാക്കുന്നതോടൊപ്പം കുടിയേറ്റക്കാരുടെ വികാരം കൂടി മാനിച്ചു കുടുംബത്തോടൊപ്പം നില്‍ക്കാന്‍ അവരെ അനുവദിക്കുമെന്നും ഉത്തരവില്‍ ഒപ്പു വച്ച ശേഷം ട്രംപ് വ്യക്തമാക്കി. അനധികൃത കുടിയേറ്റക്കാര്‍ക്കെതിരേയുള്ള സീറോ ടോളറന്‍സ് പോളിസി തുടരുമെന്നും അദ്ദേഹം അറിയിച്ചു.
അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്ത് തടവു കേന്ദ്രങ്ങളിലേക്കു മാറ്റുമ്പോള്‍ നിന്നു കുട്ടികളെ മാറ്റിത്താമസിപ്പിക്കുന്ന നയമായിരുന്നു ട്രംപ്  നേരത്തെ സ്വീകരിച്ചിരുന്നത്.
രക്ഷിതാക്കളില്‍ നിന്നു അകറ്റിയ കുഞ്ഞ് കരയുന്ന ചിത്രങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവരികയും ഇത് അന്താരാഷ്ട്രതലത്തില്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കുകയും ചെയ്തിരുന്നു. ഇതിനിടെ ട്രംപിന്റെ മകളും ഉപദേഷ്ടാവുമായ ഇവാന്‍ക ട്രംപും കുട്ടികളെ കുടുംബത്തില്‍ നിന്നും വേര്‍പ്പെടുത്തുന്ന നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായി യുഎസ് മാധ്യമങ്ങള്‍ വ്യക്തമാക്കി.
ചൊവ്വാഴ്ച സെനറ്റര്‍മാരുമായുള്ള കൂടിക്കാഴ്ചക്കിടെ ട്രംപ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നു സിഎന്‍എന്നും വാഷിങ്ടണ്‍ പോസ്റ്റും റിപോര്‍ട്ട് ചെയ്തു.
എന്നാല്‍  ഇക്കാര്യ ത്തില്‍ ഇവാന്‍ക പരസ്യ പ്രസ്താവന നടത്തിയിരുന്നില്ല. നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച്് ട്രംപിന്റെ ഭാര്യ മെലാനിയുടെ വക്താവ് പ്രസ്താവന ഇറക്കിയിരുന്നു.
Next Story

RELATED STORIES

Share it