കുടിശ്ശിക വര്‍ധന; കാരുണ്യ ചികില്‍സാ പദ്ധതി പാതിവഴിയില്‍ നിലച്ചു

തിരുവനന്തപുരം: വൃക്കരോഗികളും ഹൃദ്രോഗികളും കാന്‍സര്‍ രോഗികളുമടക്കം നിരവധിപേര്‍ക്ക് ആശ്രയമായി സര്‍ക്കാര്‍ നടപ്പാക്കിയ കാരുണ്യ ചികില്‍സാ പദ്ധതി പാതിവഴിയില്‍ നിലച്ചു. കുടിശ്ശിക വര്‍ധിച്ചതാണു പദ്ധതിയെ പ്രതിസന്ധിയിലാക്കിയത്.
ചികില്‍സാ ഇനത്തില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് 400 കോടിയിലേറെ രൂപയുടെ കുടിശ്ശികയാണു സര്‍ക്കാര്‍ വരുത്തിയിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായുള്ള കാരുണ്യ ലോട്ടറിയില്‍ നിന്ന് 2311 കോടി രൂപയിലേറെ വരുമാനം ലഭിച്ചിട്ടും 841 കോടി മാത്രമാണ് ഇതുവരെ രോഗികള്‍ക്കായി വിതരണം ചെയ്തിട്ടുള്ളത്. പണം കിട്ടാതെവന്നതോടെ പദ്ധതിയില്‍ നിന്നു സ്വകാര്യ ആശുപത്രികള്‍ പിന്‍വാങ്ങിയതോടെയാണു രോഗികളുടെ ചികില്‍സ മുടങ്ങിയത്. ഡയാലിസിസിന് ഉള്‍പ്പെടെയുള്ള ചികില്‍സകള്‍ക്കു കാരുണ്യ പദ്ധതിയില്‍ നിന്നു ധനസഹായം പ്രതീക്ഷിച്ച് കഴിഞ്ഞിരുന്ന ആയിരക്കണക്കിനു രോഗികളും ഇതോടെ പെരുവഴിയിലായി. പദ്ധതിയില്‍ നിന്നു പണം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ചികില്‍സയ്ക്കിറങ്ങിയ പല കുടുംബങ്ങളും കടക്കെണിയിലാണ്. കോടികളുടെ കുടിശ്ശിക വന്നതോടെ പദ്ധതിയുമായി സഹകരിച്ചിരുന്ന സ്വകാര്യ ആശുപത്രികളും ചികില്‍സയുടെ പണം ലഭിക്കാതെ കുരുക്കിലായി. കുടിശ്ശിക വന്നതോടെ സര്‍ക്കാര്‍ ആശുപത്രികള്‍ക്കുള്ള വിലകൂടിയ മരുന്നുകളുടെയും ഇംപ്ലാന്റുകളുടെയും വിതരണം മരുന്നുകമ്പനികളും നിര്‍ത്തിവച്ചു. എന്നാല്‍, 70 കോടി രൂപയോളം വിതരണം ചെയ്‌തെന്നും കുടിശ്ശിക തീര്‍ക്കാന്‍ 200 കോടി രൂപ അടിയന്തരമായി നല്‍കണമെന്നു സര്‍ക്കാരിനോട് ആവശ്യപ്പെട്ടെന്നുമാണ് അധികൃതരുടെ വിശദീകരണം.
അതേസമയം, കാരുണ്യ പദ്ധതി സാധാരണക്കാരായ രോഗികള്‍ക്കു ബാധ്യതയായി തീരുകയാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. കാരുണ്യ ഭാഗ്യക്കുറിയിലൂടെ സ്വരൂപിച്ച ബാക്കി പണം എന്തു ചെയ്തുവെന്നു സര്‍ക്കാര്‍ വ്യക്തമാക്കണം. കാരുണ്യ ഫണ്ടില്‍ കോടികളുണ്ടായിട്ടും ചികില്‍സ നിഷേധിക്കുന്ന സര്‍ക്കാര്‍ നടപടി ക്രൂരമാണ്. പാവപ്പെട്ട രോഗികളുടെ ആശങ്ക തീര്‍ക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. കാരുണ്യ പദ്ധതി തുടരുകയും മുടക്കമില്ലാതെ ചികില്‍സാസഹായം അനുവദിക്കുകയും ചെയ്യണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it