malappuram local

കുടിവെള്ള സ്രോതസ്സ് മാലിന്യമുക്തമാക്കാന്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണം: ജില്ലാ കലക്ടര്‍

മലപ്പുറം: കുടിവെള്ള സ്രോതസ്സുകള്‍ മാലിന്യ മുക്തമാക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാരും ഹെല്‍ത്ത് ഇന്‍സ്‌പെകര്‍മാരും കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ. പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന ആരോഗ്യജാഗ്രത എന്ന പേരിലുള്ള പ്രതിരോധ യജ്ഞം ജില്ലയില്‍ നടപ്പാക്കുന്നതിന്റെ മുന്നോടിയായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ ജാഗ്രതയുടെ ജില്ലാതല ഉദ്ഘാടനം 6ന് രാവിലെ 10.30ന് മഞ്ചേരി ടൗണ്‍ഹാളില്‍ മന്ത്രി കെ ടി ജലീല്‍ നിര്‍വഹിക്കും. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടേയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ മാലിന്യനിര്‍മാര്‍ജനം കാര്യക്ഷമമാക്കും. എല്ലാ വാര്‍ഡുകളിലും ഹരിത കര്‍മസേന രൂപീകരിക്കും. നിലവില്‍ 77 ഹരിത കര്‍മസേനകള്‍ രൂപീകരിച്ച് പരിശീലനം നടത്തിവരുന്നതായി ശുചിത്വമിഷന്‍ കോ-ഓഡിനേറ്റര്‍ യോഗത്തില്‍ അറിയിച്ചു. കൊതുകിന്റെ ലാര്‍വകള്‍ കണ്ടെത്തി നശിപ്പിക്കുന്നതിന് മഴക്കാലത്തിനുമുമ്പുതന്നെ നടപടികള്‍ സ്വീകരിക്കും. കവുങ്ങ്, റബര്‍ തോട്ടങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്നത് തടയാന്‍ തോട്ടം ഉടമകളുടെ യോഗം വിളിക്കും. കൊതുകു നശീകരണത്തിന് വിദ്യാര്‍ഥികളുടെ സംഘങ്ങളെ നിയോഗിക്കുന്ന കാര്യം വിദ്യാഭ്യാസ വകുപ്പുമായി ചര്‍ച്ച ചെയ്ത് നടപ്പാക്കും. കൊതുക് സാന്ദ്രത കണ്ടെത്തുന്നതിന് കോളജുകളിലെ സുവോളജി വകുപ്പിലെ വിദ്യാര്‍ഥികളുടെ സഹായം തേടുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ ആവശ്യമായ ലാബുകള്‍ സജ്ജീകരിക്കുന്ന കാര്യം പരിഗണിക്കുമെന്നും ഇതിന്റെ സാധ്യത പരിശോധിച്ച് ഫണ്ട് ലഭ്യമാക്കാന്‍ ജില്ലാ പഞ്ചായത്ത് നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നത് ആരോഗ്യകരമല്ലെന്ന പ്രകൃതി ചികില്‍സകരുടെ വാദത്തില്‍ കഴമ്പില്ലെന്നും ഇത്തരം പ്രചാരണങ്ങളില്‍ വീണുപോവാതിരിക്കാന്‍ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു. കുടിയേറ്റ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ മലേറിയ പടരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വളാഞ്ചേരി, പെരിന്തല്‍മണ്ണ തുടങ്ങി കുടിയേറ്റ തൊഴിലാളികള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തും. സൗദി അറേബ്യയിലെ ജിസാനില്‍നിന്ന് നാട്ടിലെത്തുന്ന പ്രവാസികളില്‍ ഫാല്‍സിപാരം മലേറിയ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. ജില്ലയില്‍ പകര്‍ച്ചപ്പനി മരണങ്ങള്‍ റിപോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പുതുവര്‍ഷാരംഭത്തില്‍ തന്നെ പകര്‍ച്ച വ്യാധികള്‍ക്കെതിരേ ജാഗ്രത പുലര്‍ത്താനാണ് ആരോഗ്യ വകുപ്പിന്റെ ശ്രമം. ഡങ്കിയുടെ ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തി അത്തരം പ്രദേശങ്ങളില്‍ പ്രത്യേക കര്‍മപദ്ധതി തയ്യാറാക്കും. ആരോഗ്യ ജാഗ്രതയുടെ കര്‍മപദ്ധതി തയ്യാറാക്കി ജനുവരി അഞ്ചിനു മുമ്പ് ജില്ലാ മെഡിക്കല്‍ ഓഫിസില്‍ നല്‍കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു.
Next Story

RELATED STORIES

Share it