kannur local

കുടിവെള്ള സ്രോതസ്സുകളില്‍ മാലിന്യം തള്ളന്നു

ഇരിട്ടി: കുടിവെള്ള സ്രോതസ്സുകളിലും ജനവാസകേന്ദ്രങ്ങളിലും അറവുമാലിന്യങ്ങള്‍ ഉള്‍പ്പെടെ തള്ളുന്നവര്‍ക്കെതിരേപ്രതിരോധ സേനയുമായി നാട്ടുകാര്‍ രംഗത്തെത്തി. ഇരിട്ടി-വള്ള്യാട്-എടക്കാനം റൂട്ടിലാണ് രാത്രി കാലങ്ങളില്‍ വ്യാപകമായി മാലിന്യങ്ങള്‍ തള്ളുന്നത്. കഴിഞ്ഞ രണ്ടുമാസമായി വാഹനങ്ങളില്‍ നിറച്ചുകൊണ്ടുവരുന്ന അറവുമാലിന്യങ്ങള്‍ വള്ള്യാട്, എടക്കാനം, ചേളത്തൂര്‍, പാലാപ്പറമ്പ്, കീരിയോട് പ്രദേശങ്ങളിലെ റോഡരികുകളിലും ഇരിട്ടി  നേരംപോക്ക്-എടക്കാനം-പഴശ്ശി ഡാം റോഡിനോട് ചേര്‍ന്നുള്ള പുഴയിലും ചാക്കുകെട്ടുകളിലാക്കി വലിച്ചെറിയുകയാണ്. കോഴി, പോത്ത്, പന്നി എന്നിവയുടെ മാലിന്യങ്ങളാണ് ഇവയിലേറെയും.
കടുത്ത വേനലില്‍ കിണറുകളിലെ വെള്ളം വറ്റിയതിനെ തുടര്‍ന്ന് നിരവധി പേര്‍ കുടിവെള്ളത്തിനും കുളിക്കാനും ആശ്രയിക്കുന്ന പഴശ്ശി പുഴയില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതു മൂലം ജനം ദുരിതത്തിലാണ്. ഇവ ചീഞ്ഞുനാറി ദുര്‍ഗന്ധം വമിക്കുന്നു. കൂടാതെ, ഇവിടങ്ങളില്‍ തെരുവുനായ്്ക്കളുടെ ശല്യവും രൂക്ഷമായി. ഈ സാഹചര്യത്തിലാണ് കുറ്റക്കാരെ പിടികൂടാന്‍ നാട്ടുകാര്‍ പ്രതിരോധ സേന രൂപീകരിച്ചത്.
ആദ്യഘട്ടമെന്നോണം മാലിന്യനിക്ഷേപത്തിനെതിരേ നടപടിയാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ ഇരിട്ടി നഗരസഭയ്ക്ക് പരാതി നല്‍കി. ഇതിനു പുറമെ നാട്ടുകാരുടെ നേതൃത്വത്തില്‍ നേരംപോക്ക് മുതല്‍ വള്ളിയാട്, എടക്കാനം, ചേളത്തൂര്‍ പ്രദേശങ്ങളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും.
മാലിന്യങ്ങള്‍ തള്ളുന്ന വാഹനങ്ങള്‍ പിടികൂടാന്‍ ഇവിടങ്ങളിലെ യുവാക്കളുടെ നേതൃത്വത്തില്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച് കീഴൂര്‍ മുതല്‍ പഴശ്ശി പ്രൊജക്റ്റ് വരെയുള്ള വള്ള്യാട്, എടക്കാനം, നെല്ലാറക്കല്‍, കപ്പണക്കുന്ന്, ചേളത്തൂര്‍, വെളിയമ്പ്ര കേന്ദ്രങ്ങളില്‍ രാത്രികാല നിരീക്ഷണവും കാവലും ഏര്‍പ്പെടുത്തും.
ഇരിട്ടി മേഖലകളിലെ അറവുകേന്ദ്രങ്ങളില്‍ പോലിസിന്റെ സഹായത്തോടെ നിരീക്ഷണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നടപടിയാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കി.
Next Story

RELATED STORIES

Share it