thrissur local

കുടിവെള്ള വിതരണ പൈപ്പ് ലൈനില്‍ പൊട്ടല്‍ ; ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം പാഴാവുന്നു



തൃശൂര്‍: പീച്ചി ഡാമില്‍ നിന്നും തൃശൂര്‍ നഗരത്തിലേക്കും സമീപപ്രദേശങ്ങളിലേക്കും കുടിവെള്ളം വിതരണം ചെയ്യുന്ന പൈപ്പ് ലൈന്‍ മണ്ണുത്തിക്കും തോട്ടപ്പടിയ്ക്കും ഇടയില്‍ പൊട്ടിയതിനെത്തുടര്‍ന്ന് ലക്ഷക്കണക്കിന് ലിറ്റര്‍ കുടിവെള്ളം പാഴാകുന്നു. പൈപ്പ് ലൈന്‍ പൊട്ടിത്തകര്‍ന്ന് മാസങ്ങളായിട്ടും വാട്ടര്‍ അതോറിറ്റി ഇതുവരെയും പൈപ്പ് ലൈനിലെ കേടുപാടുകള്‍ തീര്‍ത്തിട്ടില്ല. ജില്ലയില്‍ പല മേഖലകളിലും രൂക്ഷമായ കുടിവെള്ളക്ഷാമം നിലനില്‍ക്കുമ്പോള്‍ ഒരു മണിക്കൂര്‍ ഏറ്റവും ചുരുങ്ങിയത് ഒരു ലക്ഷം ലിറ്റര്‍ കുടിവെള്ളമാണ് അനാവശ്യമായി ഒഴുകിപ്പോകുന്നത്. തൃശൂരിലേക്കുള്ള കുടിവെള്ളത്തിന്റെ പ്രധാന്യം കണക്കിലെടുത്താണ് കടുത്ത വരള്‍ച്ച ഉണ്ടായിട്ടും പീച്ചി ഡാമിലെ വെള്ളം കാര്‍ഷിക ആവശ്യങ്ങള്‍ക്കും മറ്റും തുറന്നുവിടാത്തത്. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും കൃഷി ആവശ്യങ്ങള്‍ക്ക് ജലസേചനം ലഭ്യമാകുന്നതിനും ജനപ്രതിനിധികളുടെയും വിവിധ രാഷ്ട്രീയ പ്രതിനിധികളുടെയും അഭ്യര്‍ത്ഥന പ്രകാരം പീച്ചിഡാമില്‍ നിന്നും കുറച്ച് ദിവസം വെള്ളം കനാലുകളില്‍ക്കൂടിയും പുഴയില്‍ക്കൂടിയും വെള്ളം തുറന്ന് വിട്ടിരുന്നു. കുടിവെള്ളത്തിന് ഇത്രമാത്രം പ്രാധാന്യം നല്‍കിയിട്ടാണ് വാട്ടര്‍ അതോറിറ്റി ലക്ഷക്കണക്കിന് ലിറ്റര്‍ കുടിവെള്ളം പാഴാക്കുന്നത്. കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് ഡാമിന്റെ സമീപപ്രദേശത്തുപോലും കൃഷി നശിച്ചിരിക്കുകയാണ്. കുടിവെള്ളത്തിന് ഇത്രയധികം പ്രാധാന്യമുള്ള ഈ സാഹചര്യത്തിലാണ് വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥ മൂലം ലക്ഷകണക്കിന് ലിറ്റര്‍ വെള്ളം ദിവസേന പാഴാക്കുന്നത്. ഈ പാഴാക്കുന്ന ജലം പീച്ചിഡാമില്‍ സംരക്ഷിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ഉള്‍പ്പടെ ജില്ലയിലെ കുടിവെള്ളക്ഷാമവും കര്‍ഷകരുടെ കൃഷിയും സംരക്ഷിക്കാമായിരുന്നു. ശുദ്ധജലം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്ഡഗ്രസ് ഒല്ലൂര്‍ നിയോജകമണ്ഡലം കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് കെ പി എല്‍ദോസ് അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ യോഗം  ഷിജു വെളിയത്ത് ഉദ്ഘാടനം ചെയ്തു.
Next Story

RELATED STORIES

Share it