palakkad local

കുടിവെള്ള വിതരണത്തിന് ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് 10 ലക്ഷം വിനിയോഗിക്കാം: ജില്ലാ കലക്ടര്‍

പാലക്കാട്: ജില്ലയിലെ കുടിവെള്ള വിതരണത്തിനും അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കുമായി ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് പത്ത് ലക്ഷം രൂപ വരെ വിനിയോഗിക്കാമെന്ന് ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി അറിയിച്ചു. കലക്ടറേറ്റില്‍ ചേര്‍ന്ന വരള്‍ച്ചാ അവലോകനയോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍.നേരത്തെ റവന്യൂവകുപ്പിന് മാത്രമെ കുടിവെള്ള വിതരണത്തിനു അനുമതിയുണ്ടായിരുന്നുള്ളു.
കുടിവെള്ളവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികള്‍ക്കും കുടിവെള്ള വിതരണത്തിനുമാണ് ഗ്രാമപഞ്ചായത്തുകള്‍ തുക വിനിയോഗിക്കേണ്ടത്. നിലവില്‍ റവന്യൂ വകുപ്പ് നടത്തുന്ന കുടിവെള്ള വിതരണം തുടരാനും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. മുനിസിപ്പാലിറ്റികള്‍ക്ക് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി 15 ലക്ഷം രൂപയും വിനിയോഗിക്കാം. തനതു പ്ലാന്‍ ഫണ്ടില്‍ നിന്നാണ് സ്ഥാപനങ്ങള്‍ തുക ചെലവിടേണ്ടത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഇതു സംബന്ധിച്ച് പ്രചാരണ പരിപാടികള്‍ ഉണ്ടാവില്ലെന്ന് ഉറപ്പ് വരുത്തണം, രാഷ്ട്രീയ പാര്‍ട്ടികളോ സംഘടനകളോ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മുതലെടുക്കുന്നില്ലെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍ ഉറപ്പുവരുത്തണം.
ഇതു സംബന്ധിച്ച് കാര്യങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
ഗ്രാമ പഞ്ചായത്തുകള്‍ മുഖ്യകവലകള്‍ കേന്ദ്രീകരിച്ച് തണ്ണീര്‍പന്തലുകള്‍ പ്രവര്‍ത്തിച്ചുവരുന്നതായി പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ യോഗത്തില്‍ അറിയിച്ചു. ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും തണ്ണീര്‍ പന്തലുകള്‍ ഉറപ്പാക്കും. നെഹ്‌റുയുവകേന്ദ്രയുമായി സഹകരിച്ച് യുവജനസംഘടനകളെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കും.
അവധി കാലത്ത് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ കലക്ടര്‍ വിദ്യാഭ്യാസ ഡപ്യുട്ടി ഡയറക്ടറോട് ആവിശ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് ആവിശ്യമെങ്കില്‍ പരിശോധന നടത്താനും ഡപ്യുട്ടി ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ദേശീയ തൊഴില്‍ ഉറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുളങ്ങള്‍ നവീകരിക്കുന്നതിനും കിണറുകളും ചെക്ക് ഡാമുകളും നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി പ്രൊജക്ട് ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പറഞ്ഞു. വ്യക്തികളുടെ അനുമതി ലഭിക്കുകയാണെങ്കില്‍ സ്വകാര്യകുളങ്ങളും നന്നാക്കി നല്‍കും. യോഗത്തില്‍ എ.ഡിഎം. ഡോ. ജെ ഒ അരുണ്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ എ നാസര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ വേണുഗോപാലന്‍ നായര്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it