Kottayam Local

കുടിവെള്ള വിതരണം; റോഡിന്റെ ഇരുഭാഗങ്ങളിലും പൈപ്പ് ലൈന്‍ സ്ഥാപിക്കും: കലക്ടര്‍

കോട്ടയം: കുടിവെള്ള വിതരണത്തിന് പരിഹാരമായി റോഡിന്റെ ഇരുഭാഗങ്ങളിലായി പൈപ്പ് ലൈനിട്ട് കണക്ഷന്‍ നല്‍കാന്‍ കലക്ടര്‍ കെഎസ്റ്റിപിയോട് നിര്‍ദേശിച്ചു. കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ നടന്ന കെഎസ്ടിപി ജലവിഭവ വകുപ്പ് എന്നിവയുടെ സംയുക്തയോഗത്തിലാണ് നിര്‍ദ്ദേശം. കെഎസ്ടിപിയുടെ റോഡ് പണിയുമായി ബന്ധപ്പെട്ട് കുടിവെള്ള വിതരണത്തില്‍ തടസ്സമുണ്ടായത് നീക്കാനാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്.
ബേക്കര്‍ ജങ്ഷന്‍ മുതല്‍ നാഗമ്പടം വരെയുളള ഭാഗങ്ങളില്‍ ഇപ്രകാരം കണക്ഷന്‍ നല്‍കണം. മുന്‍സിപ്പാലിറ്റി ഭാഗങ്ങളില്‍ ഡെപ്പോസിറ്റ് സ്‌കീമില്‍ പൈപ്പുകളിലെ ലീക്ക് പരിഹരിക്കണം. ഒരാഴ്ചയ്ക്കകം ഇത്തരം പ്രവൃത്തികള്‍ തീര്‍ക്കേണ്ടതാണ്.
കഞ്ഞിക്കുഴി മുതല്‍ തുരുത്തേല്‍ പാലം വരെ മുന്‍സിപ്പല്‍ പരിധിയില്‍ വരുന്ന ഭാഗങ്ങളിലും കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്റെ ചെലവില്‍ പ്രവര്‍ത്തികള്‍ ചെയ്യാനുള്ള എസ്റ്റിമേറ്റ് എടുത്ത് ഉടന്‍ പണികള്‍ ചെയ്യണമെന്നും കലക്ടര്‍ അറിയിച്ചു.
യോഗത്തില്‍ കോട്ടയം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ . പി ആര്‍ സോന, എഡിഎം പി അജന്തകുമാരി, വൈസ് ചെയര്‍പേഴ്‌സണ്‍ ജാന്‍സി ജേക്കബ്, കൗണ്‍സിലര്‍ രാധാകൃഷ്ണന്‍ കോയിക്കല്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it