Kottayam Local

കുടിവെള്ള വിതരണം പ്രതിസന്ധിയില്‍

കാഞ്ഞിരപ്പള്ളി: അഞ്ചിലിപ്പ കുടിവെള്ള പദ്ധതിയില്‍ ജലവിതരണം നടത്തുന്ന മോട്ടോര്‍ സ്ഥാപിച്ചിരിക്കുന്ന കെട്ടിടം ഇടിഞ്ഞുവീഴാറായ നിലയില്‍.  അഞ്ചിലിപ്പ - മണ്ണാറക്കയം റോഡിന് സമീപം ചിറ്റാര്‍ പുഴയുടെ തീരത്ത് നിര്‍മിച്ചിരിക്കുന്ന പമ്പ് ഹൗസാണ് അപകടഭീഷണി നേരിടുന്നത്.  ചിറ്റാര്‍ പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പമ്പ്ഹൗസ് ആറ്റുതീരത്തെ മണ്‍തിട്ട ഇടിഞ്ഞതിനെ തുടര്‍ന്ന് ചെരിഞ്ഞിരിക്കുകയാണ്. കെട്ടിടം ഇടിഞ്ഞാല്‍ പമ്പും മോട്ടറും വെള്ളത്തില്‍ മുങ്ങാന്‍ സാധ്യതയുള്ളതിനാല്‍ പമ്പ് ഹൗസില്‍ നിന്നും പമ്പും മോട്ടോറും സമീപത്തുള്ള വീട്ടുമുറ്റത്തേയ്ക്ക് മാറ്റിയിട്ടുണ്ട്.   ഇതോടെ മേഖലയിലെ മലയോര പ്രദേശങ്ങള്‍ ഉള്‍പെടെയുള്ളിടത്ത് ജലവിതരണം പ്രതിസന്ധിയിലായി. 15 വര്‍ഷം മുമ്പ് 15 ലക്ഷം രൂപാ മുടക്കി നിര്‍മിച്ച പദ്ധതിയ്ക്ക്  കുളം പുതിയത് നിര്‍മിക്കുന്നതിനായി അഞ്ചു ലക്ഷം രൂപ അനുവദിക്കുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നു. 180 ഓളം കുടുംബങ്ങള്‍ക്കായി നിര്‍മിച്ച കുടിവെള്ള പദ്ധതിയില്‍ ജലവിതരണം നിലച്ചതോടെ അഞ്ചിലിപ്പ കോളനി, മാളിയേക്കല്‍, നെടുങ്ങാട് പ്രദേശം നിവാസികള്‍ ഏറെ ബുദ്ധിമുട്ടുകയാണ്. ചിറ്റാര്‍ പുഴയുടെ തീരത്ത് താല്‍ക്കാലിക അടിത്തറ നിര്‍മിച്ച് ഷെഡ് കെട്ടി  പമ്പും മോട്ടോറും സ്ഥാപിച്ച് ജലവിതരണം പുനരാരംഭിക്കാനുള്ള ശ്രമത്തിലാണെന്ന് പഞ്ചായത്തംഗം റോസമ്മ വെട്ടിത്താനം അറിയിച്ചു.
Next Story

RELATED STORIES

Share it