thrissur local

കുടിവെള്ള വിതരണം നിലച്ചിട്ട് നാലു മാസം; കാഞ്ഞിരപ്പള്ളിയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാവുന്നു

കാഞ്ഞിരപ്പള്ളി: കുടിവെള്ളക്ഷാമം രൂക്ഷമായതോടെ കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ ഒമ്പത്, 10, 11 വാര്‍ഡുകളില്‍ താമസിക്കുന്ന ജനങ്ങള്‍ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ പോലുമാവാതെ ദുരിതത്തില്‍.
50 ലക്ഷം രൂപ ജില്ലാ പഞ്ചായത്തില്‍ നിന്നു മുടക്കി കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാനായി ആരംഭിച്ച നാച്ചികോളനി-വട്ടകപ്പാറ കുടിവെള്ള പദ്ധതി പ്രദേശത്തെ 800 ലേറെ കുടുംബങ്ങള്‍ക്ക് എറെ ആശ്വാസമായിരുന്നു.
എന്നാല്‍ മേഖലയിലെ കുടിവെള്ള വിതരണം നിലച്ചിട്ട് നാലു മാസത്തിലേറെയായി. വാഴേപ്പറമ്പിലും കൊടുവന്താനത്തുമായി നിര്‍മിച്ച രണ്ട് കിണറുകളില്‍ നിന്നാണ് കുടിവെള്ള വിതരണം.
മെയിന്‍ റോഡില്‍ നിന്നു വളരെ ഉയരത്തിലുള്ള വട്ടകപ്പാറമല, നാച്ചികോളനി, കൊടുവന്താനം, വാഴേപറമ്പ്, പത്തേക്കര്‍, കല്ലുങ്കല്‍ കോളനി എന്നീ പ്രദേശങ്ങളില്‍ കുടിവെള്ളം എത്തിച്ചിരുന്നത് രണ്ട് കിണറ്റില്‍ നിന്നാണ്. പദ്ധതിയുടെ ആരംഭകാലത്ത് സ്ഥാപിച്ചിരുന്ന പൈപ്പുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ച് പൊട്ടി ജലം നഷ്ടപ്പെടുന്ന അവസ്ഥയിലാണ്. കൂടാതെ മോട്ടോറുകള്‍ തകരാറിലായതും ജല വിതരണത്തിന് തടസ്സമായി മാറി. ഒരു വര്‍ഷം മുമ്പ് രണ്ടര ലക്ഷം രൂപ മുടക്കി പൈപ്പ് ലൈനിന്റെയും മോട്ടോര്‍, പമ്പ് എന്നിവയുടെയും അറ്റകുറ്റപ്പണികള്‍ ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. മൂന്നു മാസത്തെ വൈദ്യുതി ബില്ലുതന്നെ 24,000 രൂപയാണ് അടയ്‌ക്കേണ്ടത്.
പമ്പ് ഓപറേറ്റര്‍ക്കും ബില്‍ കലക്ടര്‍ക്കും മാസങ്ങളായി ശമ്പളം നല്‍കാത്തതു മൂലം ജോലിയില്‍ നിന്നു പിരിഞ്ഞുപോയി. പൈപ്പ് ലൈനുകള്‍ മാറുന്നതിനും മോട്ടോര്‍ മാറ്റി സ്ഥാപിക്കുന്നതിനുമായി ലക്ഷങ്ങള്‍ മുടക്കിയാലെ കുടിവെള്ള വിതരണം സാധ്യമാവൂ.
രണ്ട് കിലോമീറ്റര്‍ ദൂരം തലയില്‍ ചുമന്നാണ് കുടിവെള്ളം വീടുകളിലെത്തിക്കുന്നതിന്. ആഴ്ച്ചയിലൊരിക്കല്‍ എസ്ഡിപിഐ വട്ടകപ്പാറ ബ്രാഞ്ച് മേഖലയില്‍ സൗജന്യമായി കുടിവെള്ളം എത്തിക്കുന്നുണ്ടെങ്കിലും കുടിവെള്ള പ്രശ്‌നത്തിന് ഇതൊന്നും പരിഹാരമാവുന്നില്ല. മൂന്ന് വാര്‍ഡുകളിലെ ജനപ്രതിനിധികളും ഗുണഭോക്താക്കളും ഉള്‍പ്പെടെ ഒമ്പത് അംഗങ്ങള്‍ ഉള്‍പ്പെടുന്ന കുടിവെള്ള സൊസൈറ്റിയ്ക്കു കീഴിലാണ് കുടിവെള്ള പദ്ധതി നടപ്പാക്കിയത്.
ത്രിതല പഞ്ചായത്തംഗങ്ങളും എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ കനിഞ്ഞെങ്കില്‍ മാത്രമേ മേഖലയിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാവുകയുള്ളു.
Next Story

RELATED STORIES

Share it