kozhikode local

കുടിവെള്ള പ്രശനം; നഗരസഭയിലേക്ക് പ്രതിഷേധ മാര്‍ച്ച്

പയ്യോളി: കുടിവെള്ള പ്രശനം പരിഹരിക്കുന്നതില്‍ നഗരസഭയ്ക്ക് പരിമിതികളുണ്ടങ്കില്‍ സമരത്തോട് ഐക്യപ്പെടണമെന്ന് പരിസ്ത്ഥിതി പ്രവര്‍ത്തക പ്രഫ. കുസുമം. തീരദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ നഗരസഭ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് നടന്ന ജല സമര സമിതി മാര്‍ച്ച് ഉദ്ഘാടനം ചെയ്യുയായിരുന്നു അവര്‍. സമരത്തില്‍  നൂറുകണക്കിന് പേര്‍ പങ്കെടുത്തു.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ കനത്ത വെയിലിനെയും പോലിസ് തീര്‍ത്ത സുരക്ഷയെയും വകവെക്കാതെ മാര്‍ച്ചില്‍ പങ്കെടുത്തു. രാവിലെ പത്തരയോടെ ബീച്ച് റോഡില്‍ നിന്നാരംഭിച്ച മാര്‍ച്ച്— ദേശീയപാതയില്‍ പ്രവേശിച്ച ശേഷം കെഎസ്ഇബി റോഡിലൂടെ നഗരസഭയിലേക്ക് കടക്കുന്ന ഭാഗത്ത് വച്ച് പോലിസ് തടഞ്ഞു. പയ്യോളി സിഐക്ക്  മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ളത് കാരണം കൊയിലാണ്ടി സിഐ കെ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ ശക്തമായ പോലിസ് സന്നാഹമാണ് മാര്‍ച്ച് നേരിടാന്‍ ഉണ്ടായിരുന്നത്.  രണ്ട് മണിക്കൂറോളം നീണ്ടുനിന്ന മാര്‍ച്ച് തികച്ചും സമാധാനപരമായിരുന്നു.
ഒടുവില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ ടി വിനോദിന്റെ മധ്യസ്ഥതയില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ മഠത്തില്‍ നാണുവിന്റെ നേതൃത്വത്തില്‍ ജലസമരസമിതിയുമായി നടത്തിയ ചര്‍ച്ചയില്‍ വെള്ളിയാഴ്ച കെ ദാസന്‍ എംഎല്‍എയെ പങ്കെടുപ്പിച്ച് ചര്‍ച്ചക്ക് തയ്യാറാണെന്ന് നഗരസഭ അറിയിച്ചതോടെ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
ജില്ലാ സമ്മേളനത്തിന്റെ തിരക്കിലായ എംഎല്‍എ  ചര്‍ച്ചയ്ക്ക തയ്യാറാണെന്ന് നേരത്തെ അറിയിച്ചെങ്കിലും നഗരസഭാ പ്രതിനിധികളെ ഉള്‍പ്പെടുത്താതെയുള്ള ഒരു സന്ധി സംഭാഷണത്തിനും തങ്ങള്‍ ഇല്ലെന്ന് പറഞ്ഞതോടെ സമരക്കാരെ ചര്‍ച്ചയ്ക്ക വിളിക്കാന്‍ നഗരസഭാ പ്രതിനിധികള്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
പത്ത് മാസമായി ഏഴ് ഘട്ടം പിന്നിട്ട സമരക്കാരെ ഒരിക്കല്‍ പോലും ചര്‍ച്ചയ്ക്ക വിളിക്കാന്‍ തയ്യാറാവാത്ത പയ്യോളി നഗരസഭയുടെ നിലപാട് ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.  എം സമദ് അധ്യക്ഷത വഹിച്ചു.  സമര സമിതി നേതാക്കളായ നിസാര്‍ കഞ്ഞിരോളി, ശ്രീകല ശ്രീനിവാസന്‍, ഗീതാ പ്രകാശന്‍, അംബിക ഗിരി വാസന്‍, എം സി ബാലകൃഷ്ണന്‍, വി പി ഗോപി, വി പി സതീശന്‍, നിശ് ത്കുമാര്‍, എന്‍ നൂറുദ്ദീന്‍  നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it