Alappuzha local

കുടിവെള്ള പൈപ്പ് ലൈന്‍ മാറ്റിസ്ഥാപിക്കല്‍ വൈകുന്നു

കുട്ടനാട്: കുട്ടനാട്ടില്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച പദ്ധതി പ്രകാരമുള്ള കുടിവെള്ള പൈപ്പ് ലൈന്‍ മാറ്റിസ്ഥാപിക്കല്‍ വൈകുന്നു. 13ാം ധനകാര്യകമ്മീഷന്‍ 70കോടി രൂപയായിരുന്നു പൈപ്പ്‌ലൈനുകള്‍ സ്ഥാപിക്കുന്നതിന്അനുവദിച്ചിരുന്നത്.
വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ നിന്നും കുട്ടനാട്ടിലെ വിവിധ ഓവര്‍ഹെഡ് ടാങ്കുകളിലേക്കുള്ള പൈപ്പ്‌ലൈനുകള്‍ സ്ഥാപിക്കുന്നതിനായിരുന്നു ധനകാര്യകമ്മീഷന്‍ പണമനുവദിച്ചത്. എന്നാല്‍ ഇതിനുള്ള പ്രവര്‍ത്തനമാരംഭിച്ച് രണ്ടു വര്‍ഷം പിന്നിടുമ്പോഴും ഈ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ വാട്ടര്‍ അതോറിറ്റിക്കായിട്ടില്ല. പദ്ധതി പൂര്‍ത്തിയാക്കിയാല്‍ പൊതുടാപ്പുകളിലേക്കുള്ള പൈപ്പ്‌ലൈനുകള്‍ സ്ഥാപിക്കുന്നതിനായി 70 കോടിരൂപ കൂടി അനുവദിക്കാമെന്ന വാഗ്ദാനമുണ്ടായിരുന്നു.
എന്നാല്‍, നിലവിലെ പണികള്‍ പൂര്‍ത്തിയാവാത്തത് കൂടുതല്‍ തുക ലഭിക്കുന്നതിനു തടസമായിരുക്കുകയാണ്. പതിറ്റാണ്ടുകള്‍ക്കു മുമ്പു സ്ഥാപിച്ചിട്ടുള്ള പൈപ്പ്‌ലൈനുകളാണ് ഇപ്പോഴും കുട്ടനാട്ടില്‍ കുടിവെള്ളവിതരണത്തിനുപയോഗിക്കുന്നത്. പഴയ പൈപ്പ്‌ലൈനുകള്‍ പൊട്ടിയൊഴുകുന്നതുമൂലം പലയിടത്തും റോഡുകള്‍ തകരുന്നതു കുട്ടനാട്ടിലെ പതിവു സംഭവമായി മാറിക്കഴിഞ്ഞു.
കിലോമീറ്ററിനു കോടികള്‍ ചിലവഴിച്ചു നിര്‍മിച്ച എസി റോഡിന്റെ മിക്ക പ്രദേശങ്ങളും തകര്‍ന്ന നിലയിലാണ്. എസി റോഡില്‍ മങ്കൊമ്പ് തെക്കേക്കരയിലെ ചമ്പക്കുളം ജങ്ഷനു സമീപം ദിവസേന നൂറുകണക്കിന് ലിറ്റര്‍ കുടിവെള്ളമാണ് പൈപ്പ് ലൈനിലെ തകരാറ് മൂലം ഇത്തരത്തില്‍ കുടിവെള്ളം പാഴാകുന്നത്. ഇതേസ്ഥലത്ത് നേരത്തെയും നിരവധി തവണ ഇത്തരത്തില്‍ പൈപ്പ് ലൈനില്‍ തകരാര്‍ സംഭവിച്ച് വെള്ളം പാഴാകാറുണ്ടായിരുന്നു.
വീടുകളിലേക്കും പൊതുടാപ്പുകളിലേക്കുമുള്ള ചെറിയ ലൈനിലെ തകരാര്‍ മൂലമാണ് വെള്ളമൊഴുകിപ്പോവുന്നതെന്നാണ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറയുന്നത്.
മങ്കൊമ്പ് തെക്കേക്കരയില്‍ റോഡില്‍ ഇതുമൂലം കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. വെള്ളം പമ്പുചെയ്യുന്ന സമയങ്ങളില്‍ പുറത്തേക്കു വെള്ളമൊഴുകുകയും അല്ലാത്തസമയങ്ങളില്‍ മലിനജലം ലൈനുകളില്‍ കടന്നു കുടിവെള്ളം മലിനമാവുകയും ചെയ്യുന്നുണ്ട്.
Next Story

RELATED STORIES

Share it