Kottayam Local

കുടിവെള്ള പൈപ്പുകള്‍ പുനസ്ഥാപിക്കാന്‍ 42 ലക്ഷം ചെലവഴിക്കുന്നു



പൊന്‍കുന്നം: റോഡ് നിര്‍മാണത്തെ തുടര്‍ന്ന്് പൈപ്പ് തകര്‍ന്ന് നിലച്ച കുടിവെള്ളവിതരണം 42 ലക്ഷം രൂപ മുടക്കി പുനസ്ഥാപിക്കുന്നു. പാലാ പൊന്‍കുന്നം റോഡില്‍ പൊന്‍കുന്നം ടൗണ്‍ മുതല്‍ ഒന്നാം മൈല്‍ വരെയുള്ള പൈപ്പിടുന്നതിനാണ് ഈ ചെലവ്. കെഎസ്ടിപി റോഡ് നിര്‍മിച്ചപ്പോള്‍ വാട്ടര്‍ അതോറിറ്റി സ്ഥാപിച്ചിരുന്ന പൈപ്പുകള്‍ എല്ലാം തകര്‍ന്നിരുന്നു.റോഡ് നിര്‍മാണത്തിനിടയില്‍ വകുപ്പുകളുടെ ഏകോപനം ഉണ്ടായിരുന്നെങ്കില്‍ ഈ പൈപ്പ് സ്ഥാപിക്കാന്‍ ചെലവാകുന്ന 42 ലക്ഷം രൂപയുടെ അധിക ബാധ്യത ഒഴിവാക്കാമായിരുന്നു. ടൗണ്‍ മുതല്‍ ഒന്നാം മൈല്‍ വരെയുള്ള വീടുകളുടെ 68 കണക്ഷനുകളും തകര്‍ന്നിരുന്നു. വീടുകളുടെ കണക്ഷന്‍ പൈപ്പുകളുടെ കാര്യത്തില്‍ തീരുമാനമാക്കാതെ റോഡ് ടാറിങ് നടത്തി പൂര്‍ത്തികരിച്ചു. ഇവയൊക്കെ പുനസ്ഥാപിക്കുമെന്ന് അന്ന് കെഎസ്ടിപി പറഞ്ഞിരുന്നുവെങ്കിലും നടപടിയുണ്ടായിരുന്നില്ല.കുടിവെള്ളം നിലച്ചതോടെ നാട്ടുകാര്‍ പരാതിയുമായി രംഗത്തു വന്നു.ഇതോടെ വാട്ടര്‍ അതോറിറ്റി വീണ്ടും പൈപ്പ് സ്ഥാപിക്കാന്‍ കെഎസ്ടിപിയുടെ അനുമതി തേടിയെങ്കിലും നിര്‍മാണം പൂര്‍ത്തിയാക്കിയ റോഡ് വെട്ടിപ്പൊളിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ച് കെഎസ്ടിപി നിന്നു. പ്രധാന പൈപ്പില്‍ നിന്നും അഞ്ചു സ്ഥലത്തായി കണക്ഷനുകള്‍ നല്‍കാന്‍ പോയിന്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അവിടെ നിന്നും കണക്ഷന്‍ എടുക്കാന്‍ കഴിയുമെന്ന് കെഎസ്ടിപി അറിയിച്ചു.ഇതോടെ ഡോ.എന്‍ ജയരാജ് എംഎല്‍എ തന്റെ ഫണ്ടില്‍ നിന്നും പുതിയ പൈപ്പുകള്‍ സ്ഥാപിക്കുന്നതിനായി 42 ലക്ഷം രൂപ അനുവദിച്ചു.പുതിയ പൈപ്പുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ ആരംഭിച്ചു. റോഡിന്റെ ഇരുവശങ്ങളിലുമായി ഇരുമ്പു പൈപ്പുകള്‍ സ്ഥാപിച്ച് പ്രധാന പൈപ്പില്‍ നിന്നുള്ള പോയിന്റുകളില്‍ ഘടിപ്പിച്ചു കുടിവെള്ള വിതരണം പുനസ്ഥാപിക്കുന്ന ജോലികളാണ് നടക്കുന്നത്.
Next Story

RELATED STORIES

Share it