kasaragod local

കുടിവെള്ള പദ്ധതിയുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ട് വര്‍ഷങ്ങളായി; നാട്ടുകാര്‍ ദുരിതത്തില്‍

ബദിയടുക്ക: ബില്ല് അടക്കാത്തതിനേ തുടര്‍ന്ന് മാടത്തടുക്ക കുടിവെള്ള പദ്ധതിയുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. കുടിവെള്ളം മുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടുവെങ്കിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ തയ്യാറായില്ല. ഇതോടെ ഒരു പ്രദേശത്തുകാര്‍ക്ക് കുടിവെള്ളം കിട്ടാക്കനിയാവുന്നു.
ബദിയടുക്ക പഞ്ചായത്തിലെ ആറാം വാര്‍ഡില്‍പ്പെടുന്ന മുച്ചിര്‍ക്കവെ, മാടത്തടുക്ക തുടങ്ങിയ സ്ഥലങ്ങളിലെ ഏകദേശം നൂറോളം കുടുംബങ്ങളാണ് ജലത്തിനായി നേട്ടോട്ടമോടുന്നത്. 2005ല്‍ ജില്ലാ പഞ്ചായത്ത് പ്രദേശത്തെ രൂക്ഷമായ കുടിവെള്ള ക്ഷാമം കണക്കിലെടുത്ത് 30 ലക്ഷം രൂപ ചെലവില്‍ ജലനിധി പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാടത്തടുക്ക കുടിവെള്ള പദ്ധതിക്ക് രൂപം നല്‍കിയത്.
ഇതിന് വേണ്ടി മാടത്തടുക്കയിലെ കുന്നിന്‍ ചെരിവില്‍ കൂറ്റന്‍ ടാങ്ക് നിര്‍മിക്കുകയും ചെയ്തു. അഞ്ചു കിലോ മീറ്റര്‍ അകലെയുള്ള പള്ളത്തടുക്ക പുഴയില്‍ നെല്ലിക്കളയയില്‍ കുഴല്‍ കിണറും പമ്പ് ഹൗസും നിര്‍മിച്ച് പൈപ്പ് ലൈന്‍ വലിച്ച് ഒരോ വീട്ടിലേക്കും ശുദ്ധ ജലം എത്തിക്കുന്ന സംവിധാനം ഒരുക്കിയിരുന്നു.
പിന്നീട് പദ്ധതിയുടെ ചുമതല ഗുണ ഭോക്തൃ കമ്മിറ്റിക്ക് കൈമാറുകയും ചെയ്തു. പ്രതിമാസം 150 രൂപ വൈദ്യുതി ബില്ല് അടക്കുന്നതിനും മാറ്റുമായി ഒരോ ഗുണഭോക്താവും നല്‍കണമെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു.
ഇത് പ്രകാരം രണ്ടു വര്‍ഷത്തോളം നല്ല നിലയില്‍ പദ്ധതി പ്രവര്‍ത്തിച്ചുവെങ്കിലും പിന്നിട് പദ്ധതിയുടെ നടത്തിപ്പുകാരനായ പമ്പിങ് ഓപറേറ്റര്‍ വൈദ്യുതി ബില്ല് അടക്കുന്നതില്‍ വീഴ്ച വരുത്തി. വൈദ്യുതി ബന്ധം വിച്ഛേദിക്കുമ്പോള്‍ 3800 രൂപ തുക അടക്കാന്‍ ഉണ്ടായിരുന്നത് നിലവില്‍ കുടിശ്ശിക 32,000 രൂപയായി മാറുകയും ചെയ്തു. ഇതോടെ പമ്പ് ഹൗസും ടാങ്കും നോക്ക് കുത്തിയായി മാറുമ്പോള്‍ മോട്ടറും മറ്റും തുരുമ്പെടുത്ത് നശിക്കുമ്പോള്‍ മറ്റോരു വശത്ത് കുടിവെള്ളത്തിന് വേണ്ടി നെട്ടോട്ടമോടുകയാണ് ജനം.
പഞ്ചായത്ത് അധികൃതര്‍ സംഭവത്തില്‍ ഇടപ്പെട്ട് വൈദ്യുതി കുടിശ്ശിക അടച്ച് തീര്‍ത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശമെന്ന നിലയില്‍ പദ്ധതി പ്രവര്‍ത്തനം കാര്യക്ഷമമാക്കുവാനുള്ള നടപടുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it