ernakulam local

കുടിവെള്ള പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

മൂവാറ്റുപുഴ: ആരക്കുഴ ഗ്രാമപ്പഞ്ചായത്തിലെ മഞ്ഞുമാക്കിതടം കല്ലോലിക്കല്‍ കോളനി കുടിവെള്ള പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. എല്‍ദോ എബ്രഹാം എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 29.62ലക്ഷം രൂപ മുടക്കിയാണ് കുടിവെള്ള പദ്ധതി നടപ്പാക്കുന്നത്.
പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ ആരക്കുഴ ഗ്രാമപ്പഞ്ചായത്തിലെ ഒമ്പത്, പത്ത്, പതിനൊന്ന് വാര്‍ഡുകളിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാന്‍ കഴിയും.
പണ്ടപ്പിള്ളി ഭാഗത്ത് എംവിഐപി സ്ഥലത്തായി സ്ഥിതി ചെയ്യുന്ന നിലവിലെ കിണര്‍ നവീകരിച്ച ശേഷം മെയിന്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ച് മഞ്ഞുമാക്കിത്തടത്ത് നിലവിലുള്ള ടാങ്കില്‍ വെള്ളമെത്തിച്ച് വിതരണം ചെയ്യുന്നതാണ് പദ്ധതി. ഒന്നിടവിട്ട ദിവസങ്ങളില്‍ നാല് മണിക്കൂറാണ് പ്രദേശത്ത് കുടിവെള്ള വിതരണം നടക്കുന്നത്. അപ്രതീക്ഷിതമായി ഉണ്ടാവുന്ന വൈദ്യുതി മുടക്കവും പൈപ്പ് പൊട്ടലും സംഭവിച്ചാല്‍ പ്രദേശത്തുകാര്‍ കുടിവെള്ളത്തിനായി മറ്റ് മാര്‍ഗങ്ങള്‍ അന്വേഷിക്കേണ്ട അവസ്ഥയായിരുന്നു. മഞ്ഞുമാക്കിതടം കല്ലോലിക്കല്‍ കോളനി കുടിവെള്ള പദ്ധതിയെന്ന പ്രദേശവാസികളുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. തിരഞ്ഞെടുപ്പ് കാലമടക്കുമ്പോള്‍ വിഷയം സജീവ ചര്‍ച്ചയാവുമെങ്കിലും കുടിവെള്ള പദ്ധതി പ്രഖ്യാപനത്തില്‍ ഒതുങ്ങുകയാണ് പതിവ്. പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ ആരക്കുഴ പഞ്ചായത്തിലെ 9, 10, 11 വാര്‍ഡുകളിലെ മഞ്ഞുമാക്കിതടം, കല്ലോലിക്കല്‍ കോളനി, ചാന്ത്യം ഭാഗങ്ങളിലെ 140ഓളം കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ കഴിയും.
പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ഏഴാം വാര്‍ഡിലെ കുന്നേല്‍മലയിലേക്കും കുടിവെള്ളം വിതരണം ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ നടത്തിപ്പ് ചുമതല പ്രദേശവാസികളുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന ഗുണഭോക്തൃ സമിതിക്കാണെന്ന് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സിബി കുര്യാക്കോ പറഞ്ഞു.
Next Story

RELATED STORIES

Share it