malappuram local

കുടിവെള്ള പദ്ധതിയുടെ നിര്‍മാണം പാതിവഴിയില്‍ നിലച്ചു

എടക്കര: മലയോര മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ആരംഭിച്ച കുടിവെള്ള പദ്ധതിയുടെ നിര്‍മാണം പാതിവഴിയില്‍ നിലച്ചു. ചുങ്കത്തറ പഞ്ചായത്തിലെ പൂക്കോട്ടുമണ്ണയില്‍ ആരംഭിച്ച പദ്ധതിയാണ് ജലസംഭരണി സ്ഥാപിക്കാന്‍ സ്ഥലം കണ്ടെത്താന്‍ കഴിയാതെ നിര്‍മാണ പ്രവര്‍ത്തികള്‍ നിലച്ചത്. ഇതോടെ പദ്ധതിക്കായി അനുവദിച്ച കേന്ദ്ര ഫണ്ട് ലാപ്‌സായി. ചുങ്കത്തറ, എടക്കര, വഴിക്കടവ്. പോത്തുകല്‍ പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി 2014ല്‍ ആണ് ചാലിയാറിന്റെ പൂക്കോട്ടുമണ്ണ ചൂരക്കണ്ടി കടവില്‍ പദ്ധതിക്ക് തുടക്കം കുറിച്ചത്. വിവിധ പഞ്ചായത്തുകളെ യോജിപ്പിച്ച് നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ നിന്നായിരുന്നു ഫണ്ട് അനുവദിച്ചത്. ജല അതോറിറ്റിയെ പ്രവര്‍ത്തന ചുമതല ഏല്‍പ്പിച്ച പദ്ധതിക്ക് 14 കോടി രൂപയാണ് ചെലവ് പ്രതീക്ഷിച്ചിരുന്നത്. ഇതിന്റെ ഭാഗമായി 2015ല്‍ ചാലിയാറില്‍ പൂക്കോട്ടുമണ്ണ കടവിലെ റെഗുലേറ്റര്‍ കം ബ്രിഡ്ജിന് സമീപമുള്ള പുറംപോക്ക് സ്ഥലത്ത് ജല അതോറിറ്റി ഒന്നേക്കാല്‍ കോടി ചെലവില്‍ കിണറും പമ്പ് ഹൗസും നിര്‍മിച്ചു. സമീപത്തെ ചൂരക്കണ്ടി കുന്നിന്‍മുകളില്‍ സ്ഥലം വിലക്ക് വാങ്ങി ജലസംഭരണി നിര്‍മിക്കാനായിരുന്നു പദ്ധതി. ഇവിടെ നിന്നും നാല് പഞ്ചായത്തുകളിലെ മുഴുവന്‍ പ്രദേശങ്ങളിലേക്കും പൈപ്പ് വഴി കുടിവെള്ളമത്തെിക്കലായിരുന്നു ലക്ഷ്യം. ഇതിനായി എട്ടുലക്ഷം രൂപ ചെലവഴിച്ച് ജല അതോറിറ്റി ഉപഗ്രഹ സര്‍വേ നടത്തിയിരുന്നു. ചൂരക്കണ്ടിയിലെ കുന്ന് അനുയോജ്യമാണെന്ന് കണ്ടത്തെുകയും ചെയ്തു. ജല സംഭരണി  സ്ഥാപിക്കാനുള്ള സ്ഥലം ഏറ്റെടുത്ത് നല്‍കേണ്ട ചുമതല ഗുണഭോക്തൃ പഞ്ചായത്തുകള്‍ക്കായിരുന്നു. പദ്ധതി നിലനില്‍ക്കുന്ന ചുങ്കത്തറ പഞ്ചായത്തിന്റെ പേരിലായിരുന്നു സ്ഥലം രജിസ്റ്റര്‍ ചെയ്യേണ്ടത്. ചൂരക്കണ്ടി കുന്നിലെ 80 സെന്റ് സ്ഥലം കണ്ടത്തെുകയും വില നിശ്ചയിച്ച് അളന്ന് തിട്ടപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ തുടര്‍ നടപടികളൊന്നും പൂര്‍ത്തിയാക്കാന്‍ ഗ്രാമപഞ്ചായത്തുകള്‍ക്കായില്ല. ഇതിനിടയിലാണ് കാലാവധി കഴിഞ്ഞ പദ്ധതികളുടെ ഫണ്ട് പിന്‍വലിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ഈ പദ്ധതിക്ക് അനുവദിച്ച തുകയും പിന്‍വലിച്ചത്. മേഖലയിലെ നാല് പഞ്ചായത്തുകളും വേനലില്‍ കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്നവയാണ്. ടാങ്കറുകളില്‍ വെള്ളമത്തെിക്കാനായി ലക്ഷകണക്കിന് രൂപയാണ് ഓരോ പഞ്ചായത്തും ക്ഷാമം മറികടക്കാന്‍ ചെലവിടുന്നത്.
Next Story

RELATED STORIES

Share it