malappuram local

കുടിവെള്ള പദ്ധതിക്ക് അനുവദിച്ച 30 ലക്ഷം പാഴാക്കി

എടക്കര: മാലിന്യ സംസ്‌കരണത്തിനായി സര്‍ക്കാര്‍ അനുവദിച്ച ഒമ്പതു ലക്ഷം രൂപ പാഴാക്കിയതിനു പിന്നാലെ കുടിവെള്ള പദ്ധതിക്കനുവദിച്ച 30 ലക്ഷം രൂപയും ചുങ്കത്തറ ഗ്രാമപ്പഞ്ചായത്ത് പാഴാക്കിയതായി ആക്ഷേപം. കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ജില്ലാ ആരോഗ്യ വകുപ്പിന്റെ റിപോര്‍ട്ടുകള്‍ പുറത്തു വന്നിട്ടും മാലിന്യ നിര്‍മാര്‍ജനത്തിന് പദ്ധതിയൊരുക്കാത്ത ചുങ്കത്തറ പഞ്ചായത്ത് അധികാരികളുടെ നിലപാടുകള്‍ക്കെതിരേ പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് കുടിവെള്ള പദ്ധതിയും അട്ടിമറിച്ചതായുള്ള ആക്ഷേപമുയര്‍ന്നത്. 2016-17 വര്‍ഷം സര്‍ക്കാര്‍ പദ്ധതികള്‍ക്ക് അംഗീകാരം ലഭിക്കണമെങ്കില്‍ മാലിന്യ സംസ്‌കരണത്തിന് ഫണ്ട് നീക്കിവയ്ക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം കാറ്റില്‍ പറത്തുകയായിരുന്നു. ക്ലീന്‍ ചുങ്കത്തറ എന്ന പേരില്‍ ഒമ്പതു ലക്ഷം രൂപ നീക്കിവച്ച് പ്രവൃത്തി ഒന്നും നടത്താതെ ഫണ്ട് ലാപ്‌സായി.
തുടര്‍ന്ന് ഇന്ന് ചേര്‍ന്ന ഭരണ സമിതിയില്‍ വിഷയം സംബന്ധിച്ച് ചര്‍ച്ച ചെയ്‌തെങ്കിലും തീരുമാനമായില്ല. ഇതിനിടെ കഴിഞ്ഞ വര്‍ഷം നടക്കാതെ പോയ 30 ലക്ഷത്തിന്റെ കുടിവെള്ള പദ്ധതി അതീവ രഹസ്യമായി 2018-19 വര്‍ഷത്തില്‍  സ്പില്‍ ഓവറാക്കി ചെയ്യാന്‍ നടത്തിയ നീക്കം പരാജയപ്പെടുകയായിരുന്നു. മാര്‍ച്ച് ഒന്നിന് മുമ്പായി എഗ്രിമെന്റ് വയ്്ക്കാന്‍ അധികൃതര്‍ കാണിച്ച വിമുഖതയാണ് ഫണ്ട് ലാപ്‌സാവാന്‍ കാരണമായത്. വിവരം ഭരണസമിതിയില്‍ വന്‍ വാക്കേറ്റത്തിനിടയാക്കി. തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ യോഗത്തില്‍ പ്രധിഷേധം രേഖാമൂലം ഒപ്പുവച്ചറിയിച്ചു.
പ്ലാസ്റ്റിക് മാലിന്യം സംസ്‌കരിക്കുന്ന പഞ്ചായത്തിലെ ഇന്‍സുലേറ്റര്‍ പ്രവര്‍ത്തനരഹിതമായിട്ട് മാസങ്ങളായി. പ്ലാസ്റ്റിക് നിലത്തിട്ട് കത്തിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇത് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്നു. അധികൃതരുടെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങളുടെ നേതൃത്വത്തില്‍ ഉപവാസ സമരം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it