thrissur local

കുടിവെള്ള നിരക്ക് ഏകീകരണം: കോര്‍പറേഷന്‍ നടപടി തുടങ്ങി

തൃശൂര്‍: കോര്‍പറേഷന്‍ വിതരണം ചെയ്യുന്ന കുടിവെള്ള നിരക്ക് വാട്ടര്‍ അതോറിറ്റിയുടെ നിരക്കുമായി ഏകീകരിക്കുന്നതിന് കോര്‍പറേഷന്‍ നടപടിയാരംഭിച്ചു. ഫഌറ്റുകളിലെ കുടിവെള്ള നിരക്ക് ഗാര്‍ഹികേതര വിഭാഗത്തില്‍ നിന്നു ഗാര്‍ഹികവിഭാഗത്തിലേക്ക് മാറ്റും.
തൃശൂര്‍ കോര്‍പറേഷന്‍ പഴയ മുന്‍സിപ്പല്‍ പരിധിയിലെ 282 ഓളം ഫഌറ്റുകളുടെ കുടിവെള്ള ചാര്‍ജാണ് ഏകീകരണത്തിന്റെ ഭാഗമായി ഗാര്‍ഹിക വിഭാഗത്തിലേക്ക് മാറ്റുന്നത്. 89ല്‍ മുന്‍സിപ്പാലിറ്റിയില്‍ നിന്ന് കുടിവെള്ള വിതരണച്ചുമതല സര്‍ക്കാര്‍ ജലസേചന വകുപ്പിനെ ഏല്‍പ്പിച്ചു. 93 മുതല്‍ വീണ്ടും പഴയ മുന്‍സിപ്പല്‍ പ്രദേശത്തെ കുടിവെള്ള വിതരണം നഗരസഭയെ സര്‍ക്കാര്‍ തിരിച്ചേല്‍പ്പിച്ചു. തുടര്‍ന്ന് കഴിഞ്ഞ 25 വര്‍ഷക്കാലത്തോളം നഗരസഭ നിശ്ചയിച്ച നിരക്കിലാണ് കുടിവെള്ള വിതരണത്തിന് ചാര്‍ജ് ഈടാക്കിയിരുന്നത്.
ഒരു ദിവസം അറുന്നൂറ് ലിററര്‍ മുതല്‍ മാസം പതിനെണ്ണായിരം ലിറ്റര്‍ വരെ വെളളം ഉപയോഗിക്കുന്നവര്‍ക്ക് 23 രൂപയാണ് കോര്‍പറേഷന്‍ കുടിവെള്ള വിതരണത്തിന് ഈടാക്കിയിരുന്ന നിരക്ക്.
ഏകീകരണം വരുന്നതോടെ പഴയ മുന്‍സിപ്പല്‍ പ്രദേശത്ത് പതിനെണ്ണായിരം ലിറ്റര്‍ വരെ വെള്ളം ഉപയോഗിക്കുന്ന ഉപഭോക്താവിന് 108 രൂപ ചാര്‍ജ് കൊടുക്കേണ്ടിവരും. അതേസമയം കുടിവെള്ള ചാര്‍ജ് ഏകീകരണവുമായി ബന്ധപ്പെട്ട് പല ഫഌറ്റുകള്‍ക്കും കുടിശികയായി വന്‍ തുകയാണ് സ്‌പോട്ട് ബില്ലായി ലഭിച്ച് കൊണ്ടിരിക്കുന്നത്. ഫഌറ്റുകള്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ കുടിശിക ബില്ല് വന്നതോടെ തര്‍ക്കങ്ങള്‍ക്കും വഴിവെച്ചു.
പ്രതിസന്ധി പരിഹരിക്കാന്‍ കോര്‍പറേഷന്‍ പഴയ മുന്‍സിപ്പല്‍ പ്രദേശത്തെ ഫഌറ്റ് നിവാസികളുടെ യോഗം ചേര്‍ന്ന് അഭിപ്രായങ്ങള്‍ ആരാഞ്ഞു. ഫഌറ്റു താമസക്കാരുടെ പരാതിയെത്തുടര്‍ന്ന് കോര്‍പറേഷന്റെ നേതൃത്വത്തില്‍ പ്രത്യേക അദാലത്ത് വിളിച്ച് ചേര്‍ക്കുമെന്ന് മുന്‍ ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി പറഞ്ഞു.
Next Story

RELATED STORIES

Share it