wayanad local

കുടിവെള്ള ക്ഷാമം രൂക്ഷം;  ജില്ലാ ഹോമിയോ ആശുപത്രിയില്‍ നിന്നു രോഗികളെ തിരിച്ചയക്കുന്നു

പനമരം: 20 വര്‍ഷം മുമ്പ് ആരംഭിച്ച പനമരം പഞ്ചായത്തിലെ അഞ്ചുകുന്ന് ജില്ലാ ഹോമിയോ ആശുപത്രിയില്‍ കുടിവെളളക്ഷാമം രൂക്ഷമായി. ഇതോടെ അഡ്മിറ്റ് ചെയ്ത രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്ന സ്ഥിതിയിലെത്തി കാര്യങ്ങള്‍. കുടിവെള്ള ക്ഷാമത്തിന്റെ പേരില്‍ ആശുപത്രിയില്‍ നിന്നു രോഗികളെ ഡിസ്ചാര്‍ജ് ചെയ്തത് ജില്ലയില്‍ ആദ്യമാണ്.
അഞ്ചുകുന്ന് ടൗണിനടുത്ത ജില്ലാ ഹോമിയോ ആശുപത്രിക്ക് സ്വന്തമായി കിണറില്ല. തൊട്ടടുത്ത പട്ടിഗവര്‍ഗ ഹോസ്റ്റലിന്റെ കിണറില്‍ നിന്നാണ് വെള്ളമെടുക്കുന്നത്. ഹോസ്റ്റലിന്റെ കിണറിലാണെങ്കില്‍ കുളിക്കാനും കുടിക്കാനും ഭക്ഷണം പാകം ചെയ്യുന്നതിനുപോലും വെള്ളമില്ലാത്ത സ്ഥിതിയുമാണ്. ജില്ലാ ഹോമിയോ ആശുപത്രിയില്‍ കിണര്‍ നിര്‍മിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
ആശുപത്രി കോംപൗണ്ടില്‍ കിണര്‍ നിര്‍മിക്കുന്നതില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. പലപ്പോഴും തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി രേഖകളില്‍ ഹോമിയോ ആശുപത്രിയിലെ കിണര്‍ നിര്‍മാണം പറഞ്ഞിട്ടുണ്ടെങ്കിലും പ്രാവര്‍ത്തികമായില്ല.
പ്രതിദിനം ഒപിയില്‍ 150നും 300നുമിടയില്‍ രോഗികള്‍ ചികില്‍സ തേടിയെത്തുന്നുണ്ട്. ഐപി വിഭാഗത്തില്‍ 20 കിടക്കകളുണ്ടെങ്കിലും പത്തോളം പേരെയാണ് കിടത്തിച്ചികില്‍സിക്കുന്നത്.
കുടിവെള്ള ക്ഷാമത്തെ തുടര്‍ന്ന് ഇവരിലധികം പേരെ ചികില്‍സിക്കാന്‍ അധികൃതര്‍ മടിക്കുന്നു. മെഡിക്കല്‍ സൂപ്രണ്ട്, മെഡിക്കല്‍ ഓഫിസര്‍മാര്‍, ഫാര്‍മസിസ്റ്റ്, ലാബ് ടെക്‌നീഷ്യന്‍, നഴ്‌സിങ് സ്റ്റാഫ് എന്നീ തസ്തികകള്‍ ആശുപത്രിയിലുണ്ട്. എന്നാല്‍, നഴ്‌സിങ് അസിസ്റ്റന്റുമാരുടെ മൂന്നു പോസ്റ്റുകളില്‍ രണ്ടു പേര്‍ക്ക് മാത്രമാണ് സ്ഥിര നിയമനം.
Next Story

RELATED STORIES

Share it