kozhikode local

കുടിവെള്ള ക്ഷാമം രൂക്ഷം ; അധികൃതര്‍ക്ക് നിസ്സംഗത



കോഴിക്കോട്: മായനാട് താഴെ വയല്‍ പ്രദേശത്ത് കുടിവെള്ള ലഭ്യത രൂക്ഷമാകുമ്പോഴും ബന്ധപ്പെട്ടവര്‍ നിസ്സംഗതയില്‍. പുനത്തില്‍, മുളയത്ത്, കുണ്ടാവില്‍, കിഴക്കേക്കര ചോയിമഠം പൊറ്റ എന്നീ ഭാഗങ്ങളിലാണ് ശുദ്ധജല ദൗര്‍ലഭ്യം നേരിടുന്നത്. ഒരു മാസത്തോളമായി ചില സന്നദ്ധ സംഘടനകള്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തെയാണ് ഈ പ്രദേശത്തുകാര്‍ ആശ്രയിക്കുന്നത്. മായനാട് പ്രദേശത്തെ കുന്നുകളെല്ലാം ഇടക്കാലത്ത് ഇടിച്ചു നിരത്തിയതും വയലുകളും ജലാശയങ്ങളും മണ്ണിട്ട് നികത്തിയതും ജലക്ഷാമം രൂക്ഷമാവാന്‍ കാരണമായിരിക്കയാണ്. റവന്യൂ അധികൃതരുടെ ഒത്താശയോടെയാണ് ഭൂമാഫിയകള്‍ ഇവിടെ വയലുകളും ജലാശയങ്ങളും വ്യാപകമായി നികത്തി വരുന്നത്. ഇത് തടയുന്നതിന് നടപടികളൊന്നും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നുണ്ടാവാറില്ല. കുടിവെള്ളക്ഷാമം രൂക്ഷമായതോടെ പ്രദേശവാസികള്‍ ദുരിതത്തിലാണ്. മായനാട് താഴെ വയല്‍ പ്രദേശത്ത് ആവശ്യമായ കുടിവെള്ളമെത്തിച്ചു കൊടുക്കുന്നതിനുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്തു നിന്നുണ്ടാവണമെന്ന് മായനാട് വികസന സമിതി അധികൃതരോടാവശ്യപ്പെട്ടു. പ്രസിഡന്റ് എ രാജേഷ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സി കെ സെയ്താലിക്കുട്ടി, സി പി അജിത്കുമാര്‍, കെ പി മമ്മത്‌കോയ, കെ റസാക്ക്, പി അഷ്്‌റഫ്, സി പി ഹുസ്സയിന്‍, സത്യപാലന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it