Kottayam Local

കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ദീര്‍ഘകാല പദ്ധതി: കലക്ടര്‍

കോട്ടയം: കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ദീര്‍ഘകാല കര്‍മ പദ്ധതി തയ്യാറാക്കാന്‍ കലക്ടര്‍ സ്വാഗത് ഭണ്ഡാരി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
അടുത്ത വേനല്‍ക്കാലത്ത് ജില്ലയില്‍ വെള്ളം വിലകൊടുത്ത് വാങ്ങി വിതരണം ചെയ്യുന്ന സ്ഥിതി വിശേഷം ഉണ്ടാവാതിരിക്കാനാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പദ്ധതി തയ്യാറാക്കുന്നത്. ഇതനുസരിച്ച് രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന 27 ഗ്രാമപ്പഞ്ചായത്തുകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്.
വാര്‍ഡ് പ്രതിനിധികളുടെ സഹായത്തോടെ ഈ പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങള്‍ കണ്ടെത്തി പദ്ധതി ആവിഷ്‌കരിക്കും. താലൂക്കുതല യോഗത്തിലൂടെ ചര്‍ച്ച ചെയ്ത് തുടര്‍ നടപടി സ്വീകരിക്കും. വാര്‍ഡ്തല റിപോര്‍ട്ട് ജൂണ്‍ നാലിന് കലക്ടര്‍ക്ക് സമര്‍പ്പിക്കണം. തുടര്‍ന്ന് ജൂണ്‍ 13നകം പഞ്ചായത്ത് സെക്രട്ടറിമാര്‍, പ്രസിഡന്റുമാര്‍, സ്ഥിരംസമിതി അധ്യക്ഷന്‍മാര്‍ എന്നിവരുടെ താലൂക്ക്തലയോഗം ചേരണം.
ജൂണ്‍ 23ന് 27 ഗ്രാമപ്പഞ്ചായത്തുകളുടെയും കുടിവെള്ള പദ്ധതികളുടെ അന്തിമ റിപോര്‍ട്ട്, എസ്റ്റിമേറ്റ് സഹിതം കലക്ടര്‍ക്ക് സമര്‍പ്പിക്കണം. ജൂലൈ, ആഗസ്ത് മാസങ്ങളില്‍ വാട്ടര്‍ അതോറിറ്റി എംഡിയുമായി നേരിട്ട് ബന്ധപ്പെട്ട് കലക്ടര്‍ അനുമതി വാങ്ങാനാണ് ഉദ്ദേശിക്കുന്നത്.
വാട്ടര്‍ അതോറിറ്റി, പഞ്ചായത്ത് വകുപ്പ്, ഗ്രാമ വികസന വകുപ്പ്, ചെറുകിട-വന്‍കിട ജലസേചനവകുപ്പ്, ഭൂഗര്‍ഭജല വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.
കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it