Kollam Local

കുടിവെള്ള ക്ഷാമം; നടപടിയുണ്ടായില്ലെങ്കില്‍ ജനം കൈകാര്യം ചെയ്യുമെന്ന് കൗണ്‍സിലര്‍മാര്‍

കൊല്ലം:കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ജനങ്ങള്‍ കൈകാര്യം ചെയ്യുമെന്ന് കൗണ്‍സിലര്‍മാര്‍. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകളും ജില്ലാ ഭരണകൂടവും തികഞ്ഞ അനാസ്ഥയാണ് കാട്ടുന്നതെന്ന് പൊതുചര്‍ച്ചയ്ക്ക് മറുപടിയായി മേയര്‍ അഡ്വ. വി രാജേന്ദ്രബാബുവിന്റെ വിശദീകരണം.
വേനല്‍ അതിരൂക്ഷമായ സാഹചര്യത്തില്‍ പ്രശ്‌നപരിഹാരത്തിനായി ഇന്ന് ജലഅതോറിറ്റി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുമെന്നും മേയര്‍ അറിയിച്ചു. ടാങ്കര്‍ ലോറികളും മോട്ടോറുകളും കോര്‍പറേഷന്റെ പക്കലുണ്ട്. കുടിവെള്ളം നല്‍കേണ്ട ബാധ്യത ജലഅതോറിറ്റിക്കുള്ളതാണ്.
പ്രതിമാസം 21.5 ലക്ഷം രൂപയാണ് കുടിവെള്ളവിതരണത്തിനായി കോര്‍പറേഷന്‍ ജലഅതോറിറ്റിക്ക് നല്‍കുന്നത്. നിരുത്തരവാദപരമായാണ് ജലഅതോറിറ്റി പെരുമാറുന്നതെന്നും മേയര്‍ പരാതിപ്പെട്ടു.ജില്ലാഭരണകൂടവും പ്രശ്‌നത്തെ നിസാരവല്‍ക്കരിക്കുകയാണ്.
എല്ലാ വര്‍ഷവും വേനല്‍ കടുക്കുന്നതിന് മുമ്പ് ജില്ലാ ഭരണകൂടം യോഗം വിളിച്ചു ചേര്‍ത്ത് അടിയന്തിര നടപടികള്‍ കൈക്കൊള്ളുന്ന പതിവുണ്ട്. എന്നാല്‍ ഇത്തവണ വേനല്‍ രൂക്ഷമായിട്ടും യാതൊരു നടപടിയും ജില്ലാഭരണകൂടം സ്വീകരിച്ചിട്ടില്ല. കുടിവെള്ളവിതരണം കാര്യക്ഷമമാക്കണമെന്നും മറ്റും ചില പ്രസ്താവനകള്‍ ജില്ലാ കലക്ടര്‍ പുറപ്പെടുവിച്ചതല്ലാതെ കാര്യമാത്ര പ്രസക്തമായ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല. ജനപ്രതിനിധികളും ഇക്കാര്യത്തില്‍ ശ്രദ്ധചെലുത്തിയിട്ടില്ലെന്ന് മേയര്‍ പറഞ്ഞു.നഗര പ്രദേശത്തേക്കുള്ള കുടിവെള്ളവിതരണം ഒന്നിടവിട്ട് ദിവസങ്ങളിലേക്ക് ക്രമീകരിച്ചതിനാല്‍ രൂക്ഷമായ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നതെന്ന് പൊതുചര്‍ച്ചയില്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
തീരമേഖലയിലെ സ്ഥിതി അത്യന്തം ശോചനീയമാണെന്ന് ചര്‍ച്ച തുടങ്ങി വച്ച കോണ്‍ഗ്രസിലെ പ്രഫ. കരുമാലില്‍ ഉദയസുകുമാരന്‍ പറഞ്ഞു. കിണറുകളും വറ്റിവരണ്ടിരിക്കുകയാണ്. വിഷയത്തിന്റെ അടിയന്തിര പ്രാധാന്യം പരിഗണിച്ച് ഇന്ന് ജലഅതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ക്കുമെന്ന് മേയര്‍ അറിയിച്ചു.
ഡെപ്യൂട്ടി മേയര്‍ വിജയഫ്രാന്‍സിസ്, സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍മാരായ എസ് ഗീതാകുമാരി, എസ് ജയന്‍, ടിആര്‍ സന്തോഷ്‌കുമാര്‍, എം നൗഷാദ്, അഡ്വ. ഷീബ ആന്റണി എന്നിവരും അംഗങ്ങളായ എ കെ ഹഫീസ്, എസ് മീനാകുമാരി, അഡ്വ. സൈജു, ജനറ്റ്, എന്‍ മോഹനന്‍, അജിത്കുമാര്‍ ബി, പ്രശാന്ത്, ബി അനില്‍കുമാര്‍, എം സലിം, വിനിതാ വിന്‍സന്റ് എന്നിവരും പൊതുചര്‍ച്ചയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it