kannur local

കുടിവെള്ളവും അടിസ്ഥാന സൗകര്യവുമില്ല; പെരിങ്ങോത്തെ ചെങ്ങറ നിവാസികള്‍ ദുരിതക്കയത്തില്‍

ചെറുപുഴ: പെരിങ്ങോം വയക്കര പഞ്ചായത്തിലെ ചെങ്ങറ കോളനി നിവാസികള്‍ കുടിവെള്ളത്തിനായി വലയുന്നു. ഏഴുവര്‍ഷം മുമ്പ് ഇവിടെ താമസമാക്കിയ അഞ്ച് കുടുംബങ്ങളാണ് കുടിവെള്ളമുള്‍പ്പെടെയുളള അടിസ്ഥാന സൗകര്യമില്ലാതെ ദുരിതം പേറുന്നത്.
ഇവര്‍ക്കൊപ്പം മൂന്ന് കിലോമീറ്റര്‍ മാത്രം അകലെ കാസര്‍കോഡ് ജില്ലാ അതിര്‍ത്തിയിലെ വെളിച്ചംതോട് ഭൂമി ലഭിച്ചവര്‍ക്ക് കോണ്‍ക്രീറ്റിട്ട വീടും ശൗചാലയങ്ങളും വൈദ്യുതിയും കുടിവെള്ള സൗകര്യവുമെല്ലാം ഇഷ്ടം പോലെ ലഭ്യമായപ്പോഴാണ് കണ്ണൂരില്‍ ഭൂമി നല്‍കിയവരോട് അവഗണന തുടരുന്നത്. കരക്കാട്ടെ അഞ്ച് കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ വേട്ടുവക്കുന്നില്‍ കുളം കുഴിച്ചിരുന്നു. ലക്ഷങ്ങള്‍ ചെലവഴിച്ച് ടാങ്കും നിര്‍മിച്ച് വീട്ടുമുറ്റത്ത് ടാപ്പുകളും സ്ഥാപിച്ചു.
പക്ഷേ നാലു വര്‍ഷം കഴിഞ്ഞിട്ടും കോളനിയില്‍ വെള്ളമെത്തിയില്ല. ഇപ്പോള്‍ ഇവര്‍ വെള്ളത്തിനായി ആശ്രയിക്കുന്നത് ഒരു കുഴല്‍ക്കിണറിനെയാണ്. ഇതില്‍ നിന്ന് പുറത്തുവരുന്നത് തുരുമ്പുകലര്‍ന്ന വെള്ളവും. ഈ വെള്ളം കുടിക്കുന്നതുമൂലം ഉദരസംബന്ധമായ രോഗമുണ്ടാവുന്നതായും ആക്ഷേപമുണ്ട്. കെ ഭാസ്‌കരന്‍, രാമന്‍, കേശവന്‍, കുഞ്ഞിമോന്‍, വാസന്തി, പൊടിക്കുട്ടി എന്നിവരുടെ കുടുംബങ്ങളാണ് ഇവിടെയുള്ളത്.
മക്കളും മരുമക്കളും കുട്ടികളും ഉള്‍പ്പെടെ മുപ്പത്തഞ്ചിലധികം അംഗങ്ങളാണ് വേനല്‍ കടുത്ത് വെള്ളത്തിന് ക്ഷാമം നേരിടുന്നത്. ഇതുകാരണം മിക്കവരും ബന്ധുവീടുകളില്‍ അഭയം തേടിയിരിക്കുകയാണ്. പ്രായമായവര്‍ മാത്രമാണ് ഇവിടെ ശേഷിക്കുന്നത്. കോളനിക്കാരുടെ ദുരിതം കണ്ട് മാസങ്ങള്‍ക്ക് മുമ്പ് പെരിങ്ങോം വയക്കര പഞ്ചായത്ത് ഒരു വാട്ടര്‍ ടാങ്ക് സ്ഥാപിച്ചെങ്കിലും വെള്ളമെത്തിക്കാനുള്ള നടപടിയുണ്ടായില്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോഴെങ്കിലും വോട്ട് തേടിയെത്തുന്നവര്‍ക്കുമുന്നില്‍ തങ്ങളുടെ ദുരിതകഥ പറയാമെന്ന പ്രതീക്ഷയിലാണ് കോളനിയിലുള്ളവര്‍.
Next Story

RELATED STORIES

Share it