kozhikode local

കുടിവെള്ളമെത്തിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ തീരുമാനം

കോഴിക്കോട്: നഗരസഭയിലെ വരള്‍ച്ചാ ബാധിത പ്രദേശങ്ങളില്‍ ടാങ്കര്‍ലോറിയില്‍ കുടിവെള്ളമെത്തിക്കുന്നതിന് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ഐകകണ്‌ഠ്യേന തീരുമാനമായി. എത്രയും വേഗം നടപടികള്‍ സ്വീകരിക്കാന്‍ മേയര്‍ വികെസി മമ്മദ്‌കോയ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കുടിവെള്ളമെത്തിക്കുന്നത് റവന്യൂവിഭാഗത്തിന്റെ ചുമതലയാണ്. കുടിവെള്ള ക്ഷാമം സംബന്ധിച്ച് കലക്ടറോട് നടപടിസ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ കുടിവെള്ളവിതരണത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വേണം. ഇതിന്റെ നടപടികള്‍ വൈകുമെന്നതിനാല്‍ കുടിവെള്ള വിതരണത്തിന് കോര്‍പറേഷന് അനുവാദം നല്‍കണമെന്നും അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് കോര്‍പറേഷന്‍ മുന്‍കൈയെടുത്ത് കുടിവെള്ള വിതരണം നടത്താന്‍ തീരുമാനിച്ചതെന്ന് മേയര്‍ അറിയിച്ചു. അതേസമയം സങ്കേതികത്വം പറഞ്ഞ് കുടിവെള്ള വിതരണം വൈകിപ്പിച്ച കോര്‍പറേഷനിലെ ഉദ്യോസ്ഥരെ കൗണ്‍സില്‍ രൂക്ഷമായി വിമര്‍ശിച്ചു.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ പദ്ധതിപ്രവര്‍ത്തനങ്ങള്‍ തുടരാന്‍ ഹൈക്കോടതി അംഗീകാരം നല്‍കിയതായി മേയര്‍ അറിയിച്ചു. ഇതില്‍ ടെന്‍ഡര്‍ നടപടികള്‍വരെപ്പെടും. നാഗ്ജി ഫുട്‌ബോള്‍ മല്‍സരം യോഗത്തില്‍ ചര്‍ച്ചയായി. കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ജനപ്രതിനിധികളെ അവഗണിച്ചതായും മേയര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കിയില്ലെന്നും പ്രോട്ടോകോള്‍വരെ തെറ്റിച്ചതായും കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി. അഡ്വ. പി എം സുരേഷ്ബാബു, കിഷന്‍ചന്ദ്, നമ്പിടി നാരായണന്‍, സി അബ്ദുറഹിമാന്‍, അഡ്വ. പി എം നിയാസ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മല്‍സരവുമായി ബന്ധപ്പെട്ട് കമ്മിറ്റികള്‍ക്ക് വീഴ്ചപറ്റിയതായി മേയര്‍ പറഞ്ഞു.
ഇനി മല്‍സരങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ സംഘാടകര്‍ക്ക് വ്യക്തമായ നിര്‍ദേശം നല്‍കുമെന്നും മേയര്‍ അറിയിച്ചു. സാമൂഹിക സുരക്ഷാ പദ്ധതി പെന്‍ഷന്‍ ബാങ്കുകളില്‍ മടങ്ങിയത് സംബന്ധിച്ച് ടി സി ബിജുരാജാണ് ശ്രദ്ധക്ഷണിക്കല്‍ അവതരിപ്പിച്ചത്. കുടിശ്ശിക വൈകുന്നത് കോര്‍പറേഷന്റെ വീഴ്ചയായി ജനങ്ങള്‍ തെറ്റിദ്ധരിക്കുന്നതായും അടിയന്തര പരിഹാരത്തിന് സര്‍ക്കാരിനോട് ആവശ്യപ്പെടാനായിരുന്നു ശ്രദ്ധക്ഷണിക്കല്‍. അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടിച്ചുകെട്ടാന്‍ നടപടിസ്വീകരിക്കണമെന്ന് സി അബ്ദുറഹിമാന്‍ ആവശ്യപ്പെട്ടു. കന്നുകാലികളെ പിടിച്ചുകെട്ടാന്‍ ആളുകളെ കിട്ടുമെങ്കിലും പരിപാലിക്കാന്‍ ആളില്ലാത്തതാണ്പ്രശ്‌നം. ടെന്‍ഡര്‍ നല്‍കിയിട്ടും ആളെ കിട്ടുന്നില്ല.
തല്‍ക്കാലം പിടിച്ച് കെട്ടുന്ന ആളുകള്‍ പരിപാലനം ഏറ്റെടുക്കുന്നതു സംബന്ധിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് വകുപ്പ് ഉദ്യോദസ്ഥര്‍ അറിയിച്ചു. സി പി ശ്രീകല, ആര്‍ വി ഐശാബി, പി അനിത, എന്‍ സതീഷ്‌കുമാര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ കൗണ്‍സിലിന്റെ ശ്രദ്ധക്ഷണിച്ചു. കൗണ്‍സിലര്‍മാരായ മുല്ലവീട്ടില്‍ മൊയ്തീന്‍, തോട്ടത്തില്‍ രവീന്ദ്രന്‍, കെ സി ശോഭിത, ബീരാന്‍കോയ, ഉഷാദേവി സംസാരിച്ചു.
Next Story

RELATED STORIES

Share it