Kottayam Local

കുടിവെള്ളമെത്തിക്കാന്‍ ജല അതോറിറ്റിക്ക് ലോകായുക്തയുടെ നിര്‍ദേശം

കാഞ്ഞിരപ്പള്ളി: മണങ്ങല്ലൂര്‍ കൂവപ്പള്ളി ശുദ്ധജല പദ്ധതിയുടെ വിതരണ പ്രദേശങ്ങളില്‍ ഡിസംബര്‍ 31ന് മുമ്പ് കുടിവെള്ളമെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ലോകായുക്ത നിര്‍ദേശം. ആലംപരപ്പ്, വട്ടോളികുന്ന്, പനച്ചേപാറ, മണങ്ങല്ലൂര്‍, നെടുമല, കുടപ്പനക്കുഴി, കൂവപ്പള്ളി കോളനി, നാലാംമൈല്‍, കുളമാംകുഴി എന്നിവിടങ്ങളില്‍ വെള്ളമെത്തിക്കാനാണ് നിര്‍ദേശം.  2007ല്‍ ത്രിതല പഞ്ചായത്തുകള്‍ ആരംഭിച്ച പദ്ധതിയാണ് മണങ്ങല്ലൂര്‍-കൂവപ്പള്ളി ശുദ്ധജല പദ്ധതി. കിണര്‍ കുഴിച്ച് വാട്ടര്‍ ടാങ്കും നിര്‍മിച്ചു വൈദ്യുതി ലൈന്‍ വലിക്കുകയും ചെയ്തിരുന്നു.

500ഓളം കുടുംബങ്ങള്‍ക്ക് ഹൗസ് കണക്ഷന്‍ നല്‍കുന്നതിനു വേണ്ടി ഉപഭോക്തൃ വിഹിതവും നല്‍കിയാണ് പദ്ധതി വിഭാവനം ചെയ്തത്. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പണി പൂര്‍ത്തിയാവാതെ വന്നതോടെ പി.യു.സി. എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി എച്ച് അബ്ദുല്‍ അസീസ് ലോകായുക്ത ഡിവിഷനല്‍ ബെഞ്ചിനെ സമീപിച്ചു. ഈ പദ്ധതി പൂര്‍ത്തീകരിക്കാന്‍ ത്രിതല പഞ്ചായത്തുകള്‍ക്കു ഫണ്ടില്ലെന്നും ത്രിതല പഞ്ചായത്തുക കമ്മിറ്റിയുടെ തീരുമാനങ്ങള്‍ ഒരോ പഞ്ചായത്തു സെക്രട്ടറിമാരും കോടതിയെ അറിയിക്കുകയും ചെയ്തു. വാട്ടര്‍ അതോറിറ്റി ഈ പദ്ധതി ഏറ്റെടുക്കാന്‍ നിര്‍ദേശമുണ്ടായെങ്കിലും കിണറും ടാങ്കും ഉപയോഗ യോഗ്യമല്ലായെന്നും പഞ്ചായത്തുകള്‍ വേണ്ട പഠനം നടത്താതെയാണ് തുക ചെലവഴിച്ചതെന്നും വാട്ടര്‍ അതോറിറ്റി അധികൃതര്‍ ലോകായുക്തയില്‍ റിപോര്‍ട്ട് നല്‍കി.

പദ്ധതി ഏറ്റെടുത്തു നടത്തണമെങ്കില്‍ മൂന്നു കോടിയിലധികം രൂപ ചെലവഴിക്കണമെന്നും ഇക്കാരണത്താല്‍ നിര്‍ദേശം പുനപ്പരിശോധിക്കണമെന്നും വാട്ടര്‍ അതോറിറ്റി ആവശ്യപ്പെടുകയും ചെയ്തു. ഹരജിക്കാരന്‍ ആവശ്യപ്പെട്ടിരിക്കുന്ന പദ്ധതി പ്രദേശത്തു നിര്‍മാണം പൂര്‍ത്തീകരിക്കുന്ന കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ പനച്ചേപള്ളിയിലെ ഓവര്‍ ഹെഡ് ടാങ്കില്‍ നിന്നു പൈപ്പ് ലൈന്‍ വലിച്ചു കുടിവെള്ളം എത്തിച്ചു കൊടുക്കാമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ ലോകായുക്ത കോടതിയില്‍ സത്യവാങ്മൂലം നല്‍കി.പദ്ധതി പൂര്‍ത്തികരണത്തിന് ആവശ്യമുള്ള ഫണ്ട് എന്‍ ജയരാജ് എം. എല്‍ . എ.അനുവദിച്ചിരുന്നു.
Next Story

RELATED STORIES

Share it