കുടിവെള്ളമില്ല; വിവാഹം ചെയ്യാനാവാതെ തെരിയാമറിലെ പയ്യന്‍മാര്‍

ചാറ്റര്‍പൂര്‍: മധ്യപ്രദേശിലെ ചാറ്റര്‍പൂര്‍ ജില്ലയിലെ തെരിയാമര്‍ ഗ്രാമത്തിലുള്ള പയ്യന്‍മാര്‍ക്ക് വിവാഹം ചെയ്യണമെങ്കില്‍ സര്‍ക്കാര്‍ കനിയണം. തുടര്‍ച്ചയായി മൂന്നു വര്‍ഷം മഴ പെയ്യാതായതോടെ കടുത്ത വരള്‍ച്ച നേരിടുന്ന ഇവിടേക്ക് പെണ്‍കുട്ടികളെ വിവാഹം ചെയ്തയക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാവുന്നില്ല. ഇതാണ് ഗ്രാമത്തിലെ യുവാക്കളുടെ വിവാഹസ്വപ്‌നങ്ങള്‍ മുടങ്ങാന്‍ കാരണമാവുന്നത്. ഗ്രാമത്തിലെ 60തോളം യുവാക്കളാണ് വിവാഹപ്രായമെത്തിയിട്ടും വധുക്കളെ ലഭിക്കാത്തതിനാല്‍ ഇത്തരത്തില്‍ പുരനിറഞ്ഞു നില്‍ക്കുന്നത്. ദൈനംദിന ആവശ്യത്തിന് വെള്ളമെത്തിക്കണമെങ്കില്‍ കിലോമീറ്ററുകളോളം നടക്കണം. പെണ്‍കുട്ടികളെ ഇത്തരത്തിലുള്ള കഷ്ടപ്പാടിലേക്ക് തള്ളിവിടാന്‍ തയ്യാറല്ലെന്നാണ് അവരുടെ രക്ഷിതാക്കള്‍ പറയുന്നത്.മോഹന്‍ യാദവ് എന്ന 32കാരന്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി വധുവിനു വേണ്ടിയുള്ള അന്വേഷണത്തിലാണ്. പക്ഷേ വെള്ളമില്ലാത്തതിനാല്‍ ഈ പ്രദേശത്തേക്ക് ആരും പെണ്‍കുട്ടിയെ തരുന്നില്ലെന്ന് ഇദ്ദേഹം പറയുന്നു. പ്രദേശത്ത് ഡാം നിര്‍മിച്ചാല്‍ വെള്ളക്ഷാമം പരിഹരിക്കാമെന്നാണ് നാട്ടുകാരുടെ അഭിപ്രായം. എന്നാല്‍, സര്‍ക്കാര്‍ വേണ്ടപോലെ തങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നില്ലെന്ന് ഇവര്‍ പരാതിപ്പെടുന്നു. ജില്ലാ ഭരണകൂടം പറയുന്നത് ഇവിടെ ഡാം നിര്‍മിക്കുന്നതിനു തീരുമാനമായിട്ടുണ്ടെന്നാണ്. പക്ഷേ ഡാം പൂര്‍ത്തിയായി കുടിവെള്ളക്ഷാമം തീരണമെങ്കില്‍ മൂന്നു വര്‍ഷമെങ്കിലും സമയമെടുക്കുമെന്നും തിരക്കു കൂട്ടരുതെന്നും ഇവര്‍ യുവാക്കളെ ഉപദേശിക്കുന്നു.
Next Story

RELATED STORIES

Share it