kasaragod local

കുടിവെള്ളത്തിന് വേണ്ടി രാഷ്ട്രീയം മറന്നു; പഞ്ചായത്ത് അംഗങ്ങള്‍ സബ് കലക്ടറെ ഘെരാവോ ചെയ്തു

കാഞ്ഞങ്ങാട്: കുടിവെള്ളമില്ലാതെ ദുരിതമനുഭവിക്കുന്ന മടിക്കൈ പഞ്ചായത്തിലെ ജനങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയം മറന്ന് ജന പ്രതിനിധികള്‍ രംഗത്തെത്തി. മടിക്കൈ പഞ്ചായത്തില്‍ കുടിവെള്ള വിതരണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് സി പ്രഭാകരന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഭരണ സമിതിയിലെ മുഴുവന്‍ അംഗങ്ങളും ഹൊസ്ദുര്‍ഗ് മിനി സിവില്‍ സ്‌റ്റേഷനിലെത്തി തഹസില്‍ദാറെ അദ്ദേഹത്തിന്റെ ഓഫിസില്‍ ഘെരാവോ ചെയ്തു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ ഫലമില്ലാതെ വന്നതോടെ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍ ആര്‍ഡിഒ ഓഫിസിലെത്തി സബ് കലക്ടര്‍ മൃണ്‍മയി ജോഷിയെ ഉപരോധിച്ചു. പിന്നീട് നടന്ന ചര്‍ച്ചയില്‍ പ്രശ്‌ന പരിഹാരമായതോടെയാണ് പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍ പിരിഞ്ഞു പോയത്. മടിക്കൈ, പുല്ലൂര്‍-പെരിയ, അജാനൂര്‍, എന്നീ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ കുടി വെള്ളം വിതരണം ചെയ്യാന്‍ കേവലം ഒരു വാഹനം മാത്രമാണ് ഏര്‍പ്പാട് ചെയ്തത്. ഇന്ന് നടന്ന ചര്‍ച്ചയെ തുടര്‍ന്ന് മടിക്കൈ പഞ്ചായത്തിന് ഒരു വാഹനം കൂടി അനുവദിക്കാമെന്ന് റവന്യൂ അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് സി പ്രഭാകരന്‍, വൈസ് പ്രസിഡന്റ് കെ പ്രമീള, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ശശീന്ദ്രന്‍ മടിക്കൈ, അബ്ദുര്‍ റഹ്മാന്‍, സി ഇന്ദിര, അംഗങ്ങളായ വി ജഗദീശന്‍, വി ശശി, ബിജിബാബു, എം വല്‍സല, പി ഗീത, ടി സരിത, പി സുശീല, ഇ കെ കുഞ്ഞികൃഷ്ണന്‍, എ ദാമോദരന്‍, പി വി രുഗ്മിണി സംബന്ധിച്ചു.
Next Story

RELATED STORIES

Share it