കുടിവെള്ളത്തിന് വേണ്ടി കലാപം; ലാത്തൂരില്‍ നിരോധനാജ്ഞ

മുംബൈ: കടുത്ത വരള്‍ച്ചയുടെ പിടിയിലായ മഹാരാഷ്ട്രയിലെ ലാത്തൂരില്‍ കുടിവെള്ളത്തിനു വേണ്ടി കലാപം രൂക്ഷമായി. സ്ഥിതിഗതികള്‍ വഷളായതിനെ തുടര്‍ന്ന് മേഖലയിലെ 20 പ്രദേശങ്ങളില്‍ മെയ് അവസാനം വരെ ജില്ലാ കലക്ടര്‍ പാണ്ഡുരംഗ് പോള്‍ 144ാം വകുപ്പുപ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ജലസംഭരണികള്‍, കുടിവെള്ള വിതരണ ടാങ്കറുകള്‍ എന്നിവയ്ക്കരികില്‍ സംഘടിക്കുന്നതും അഞ്ചുപേരിലധികം കൂട്ടംകൂടുന്നതും നിരോധിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരീക്ഷ പൂര്‍ത്തിയാക്കി ഈ മാസം 31നകം അടയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് ഇതാദ്യമായാണ് കുടിവെള്ളത്തിന്റെ പേരില്‍ കലാപം പൊട്ടിപ്പുറപ്പെടുന്നത്.
കുടിവെള്ളവിതരണത്തെച്ചൊല്ലി പലയിടത്തും തര്‍ക്കങ്ങളും പരാതികളും വ്യാപകമാണ്. ഗ്രാമീണമേഖലയില്‍ ജനങ്ങള്‍ ജലസംഭരണികളും ടാങ്കറുകളും ആക്രമിക്കുന്ന സാഹചര്യമുണ്ടായി. തുടര്‍ന്നാണ് കടുത്ത ക്രമസമാധാനപാലന നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ബന്ധിതരായത്. ലാത്തൂര്‍ മേഖലയിലെ 1.5 ലക്ഷം പേര്‍ കടുത്ത വരള്‍ച്ചയുടെ പിടിയിലാണ്. തദ്ദേശ സ്ഥാപനങ്ങള്‍ ആഴ്ചയിലൊരിക്കല്‍ ടാങ്കറിലെത്തിക്കുന്ന വെള്ളമാണ് മിക്കവരുടെയും ആശ്രയം. വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ അളവ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ തെരുവിലിറങ്ങിയ സംഭവങ്ങളും അരങ്ങേറിയിട്ടുണ്ട്.
പലയിടത്തും ടാങ്കറുകള്‍ക്കു നേരെ ആക്രമണമുണ്ടായി. പൊതുകിണറുകളുടെ നിയന്ത്രണം പിടിച്ചെടുക്കാനും നീക്കമുണ്ടായി. വരള്‍ച്ചയെ തുടര്‍ന്ന് ഒന്നരലക്ഷത്തോളംപേര്‍ അയല്‍ജില്ലകളിലേക്ക് പലായനം ചെയ്തതായി റിപോര്‍ട്ടുണ്ട്. പ്രശ്‌നം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അധികൃതര്‍ പറയുന്നു. ലാത്തൂര്‍ കോര്‍പറേഷന്‍ 70 ടാങ്കറുകളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്. ഗ്രാമീണ വികസനവകുപ്പ് 200 ടാങ്കറുകള്‍ ഇറക്കി. ഓരോ ടാങ്കറുകളും ഏഴോളം ട്രിപ്പുകള്‍ നടത്തുന്നതായും അധികൃതര്‍ അവകാശപ്പെടുന്നു. എന്നാല്‍, ഗ്രാമങ്ങളിലെ സ്ഥിതി അതിദയനീയമാണ്.
മുന്‍ മുഖ്യമന്ത്രി വിലാസ്‌റാവു ദേശ്മുഖിന്റെ ജന്‍മനാടാണ് ലാത്തൂര്‍. 2004ല്‍ ദേശ്മുഖ് സര്‍ക്കാര്‍ ദാനെഗാവ് കുടിവെള്ളപദ്ധതി നടപ്പാക്കിയിരുന്നു. ഇതുവഴിയായിരുന്നു ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിച്ചിരുന്നത്. ആവശ്യത്തിന് കുഴല്‍ക്കിണറുകളും സ്ഥാപിച്ചു. എന്നാല്‍, ഇതിലൊന്നും വെള്ളമില്ലാത്ത സ്ഥിതിയാണിപ്പോള്‍. ഇവിടേക്ക് വെള്ളമെത്തിക്കണമെങ്കില്‍ പുതിയ ജലസ്രോതസ്സ് കണ്ടെത്തണം. ഔറംഗബാദിലെ ജയ്ക്‌വാദി ജലപദ്ധതിയില്‍നിന്നോ സോലാപൂരിലെ ഉജാനി പദ്ധതിയില്‍നിന്നോ വെള്ളമെത്തിക്കാനുള്ള ആലോചന നടന്നിരുന്നെങ്കിലും ഫലം കണ്ടില്ല.
Next Story

RELATED STORIES

Share it