Kottayam Local

കുടിവെള്ളത്തിനായി ജനം നെട്ടോട്ടത്തില്‍

പത്തനാട്: വേനല്‍ കനത്തതോടെ കറുകച്ചാല്‍ ടൗണില്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് വ്യാപാരികളും നാട്ടുകാരും.ആവശ്യമായ നടപടി സ്വീകരിക്കുന്നതില്‍ വാട്ടര്‍ അതോറ്റിയും പഞ്ചായത്തും അനാസ്ഥ തുടരുകയാണ്.മാസാമാസം കൃത്യമായി നെടുംകുന്നത്തെ വാട്ടര്‍ അതോറ്റി ഓഫിസില്‍ എത്തി ബില്ലടയ്ക്കുന്നതല്ലാതെ പ്രയോജനം ഒന്നുമില്ലന്നാണ് നാട്ടുകാര്‍ പറയുന്നത്. കറുകച്ചാല്‍ ടൗണില്‍ പൈപ്പുവെള്ളം എത്തിയിട്ട് ഒരു മാസത്തോളമായി.
കിണറുകള്‍ വറ്റി വരണ്ടു തുടങ്ങിയതോടെ പ്രതിദിനം ആയിരങ്ങള്‍ മുടക്കി വെള്ളം വാങ്ങേണ്ട അവസ്ഥയാണ് പൊതുജനങ്ങള്‍ക്ക്. മുമ്പ് ആഴ്ച്ചയില്‍ എത്തിയിരുന്ന വെള്ളം ഇപ്പോള്‍ മാസങ്ങള്‍ കൂടുമ്പോഴാണ് എത്തുന്നത്. ജനുവരി മാസത്തോടെ തന്നെ വെള്ളം ഇല്ലാതായതോടെ മിക്ക സ്ഥാപനങ്ങളിലെയും ശൗചാലയങ്ങളടക്കം അടച്ചുപൂട്ടി. മണിലയാറിന്റെ തീരത്ത് ആനിക്കാട് പഞ്ചായത്തില്‍ നിര്‍മിച്ചിട്ടുള്ള കിണറ്റില്‍ നിന്നും പമ്പു ചെയ്യുന്ന വെള്ളം നെടുങ്ങാടപ്പള്ളിയിലെ സംഭരണിയില്‍ എത്തിച്ച് ശുചീകരിച്ച ശേഷം ശാന്തിപുത്തെ ടാങ്കില്‍ എത്തിച്ചാണ് കറുകച്ചാലില്‍ ജലവിതരണം നടത്തിയിരുന്നത്. മാടപ്പള്ളി, വാകത്താനം, കറുകച്ചാല്‍ പഞ്ചായത്തുകളില്‍ ജലവിതരണം നടത്തിയിരുന്ന പദ്ധതി ആദ്യകാലത്ത് വന്‍ വിജയമായിരുന്നു.
എന്നാല്‍ ഉപഭോക്താക്കളുടെ എണ്ണം വര്‍ധിച്ചതോടെയും, മോട്ടോര്‍ തകരാറും, പൈപ്പ് പൊട്ടലും പതിവായതോടെയുമാണ് പ്രശ്‌നം രൂക്ഷമായത്. വേനലിനെ മറികടക്കുവാന്‍ പഞ്ചായത്തും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. സമീപ പഞ്ചായത്തുകളിലെല്ലാം ജലനിധിയടക്കമുള്ള പദ്ധതികള്‍ നടപ്പിലാക്കിയിട്ടും കറുകച്ചാല്‍ പഞ്ചായത്തില്‍ മാത്രം ഒരു ശുദ്ധജല വിതരണ പദ്ധതി നടപ്പിലാക്കുവാന്‍ നീളിതുവരെയായും കഴിഞ്ഞിട്ടില്ല. വെള്ളത്തിന് ആവശ്യക്കാര്‍ ഏറിയതോടെ അവസരം മുതലെടുക്കുവാനായി കുടിവെള്ള വിതരണ മാഫിയകളും സജീവമാണ്. പാറമടകളില്‍ നിന്നും കുളങ്ങളില്‍ നിന്നും പോലും എടുക്കുന്ന നിലവാരമില്ലാത്ത വെള്ളമാണ് പലരും ശുദ്ധജലം എന്ന പേരില്‍ പ്രദേശത്ത് വിതരണം നടത്തുന്നത്. ഇത്തരത്തില്‍ വിതരണം ചെയ്യുന്ന വെള്ളത്തിന്റ ഗുണനിലവാരം ആരും പരിശോധിക്കുന്നുമില്ല. ജലവിതരണത്തിന്റ പോരായ്മളെപ്പറ്റി ചോദിച്ചാല്‍ പമ്പിങ് കാര്യക്ഷമമാണെന്നും പ്രശ്‌നം ഒന്നും തന്നെയില്ലെന്നുമാണ് വാട്ടര്‍ അതോററ്റി അധികൃതരുടെ മറുപടി.
Next Story

RELATED STORIES

Share it