thrissur local

കുടിവെള്ളത്തിനായി ജനം നെട്ടോട്ടത്തില്‍; ബദല്‍ സംവിധാനങ്ങളൊരുക്കാതെ അധികൃതര്‍

ചാവക്കാട്: കനത്ത ചൂടില്‍ തീരദേശമേഖല വറ്റി വരളുന്നു. കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുമ്പോഴും ബദല്‍ സംവിധാനങ്ങളൊരുക്കാനോ നിലവിലെ ജല പദ്ധതികളുടെ കാര്യശേഷി വര്‍ധിപ്പിക്കാനോ നടപടിയെടുക്കാതെ അധികൃതരുടെ വട്ടം കറക്കല്‍ തുടരുന്നു. ചാവക്കാട് നഗരസഭയിലും കടപ്പുറം, ഒരുമനയൂര്‍, പുന്നയൂര്‍ പഞ്ചായത്തുകളിലുമാണ് കുടിവെള്ള ക്ഷാമം രൂക്ഷമായി തുടരുന്നത്.
തീരദേശത്ത് പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന ആയിരക്കണക്കിന് കുടുംബാംഗങ്ങളാണ് ഇതുമൂലം ദുരിതമനുഭവിക്കുന്നത്. പൊതുടാപ്പുകള്‍ക്ക് മുന്നില്‍ പാത്രങ്ങളുമായി മണിക്കൂറുകള്‍ കാത്തിരിക്കേണ്ട അവസ്ഥയിലാണ് ജനങ്ങള്‍. കാലങ്ങളായി തുടരുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാന്‍ അധികൃതര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
കടപ്പുറം പഞ്ചായത്തിന്റെ പലഭാഗങ്ങളിലും കുടിവെള്ളത്തിനായി രാത്രി സമയങ്ങളില്‍ പൊതുടാപ്പുകള്‍ക്ക് മുന്നില്‍ മെഴുകുതിരി വെളിച്ചത്തില്‍ ശുദ്ധജലം ശേഖരിക്കുന്നത് പതിവു കാഴ്ചയാണ്.
കടപ്പുറം പഞ്ചായത്തിലെ വട്ടേക്കാട് ചുള്ളിപ്പാടം, കറുകമാട്, വട്ടേകാട്, മുനക്കകടവ്, അഴിമുഖം, തൊട്ടാപ്പ്, മേഖലകളിലും ഒരുമനയൂര്‍ പഞ്ചായത്തിലെ വില്ല്യംസ്, കരുവാരക്കുണ്ട് മേഖലകളിലും ചാവക്കാട് നഗരസഭയിലെ തെക്കന്‍പാലയൂര്‍, തെക്കഞ്ചേരി, പുന്ന എന്നിവടങ്ങൡലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്.
ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിലെ ജനങ്ങള്‍ വഞ്ചിയില്‍ പുഴയിലൂടെ സഞ്ചരിച്ച് അയല്‍ ഗ്രാമങ്ങളില്‍ നിന്നാണ് കുടിവെള്ളം ശേഖരിക്കുന്നത്. ടാങ്കര്‍ ലോറികളില്‍ വില്‍പനയ്‌ക്കെത്തുന്ന വെള്ളം വാങ്ങി ഉപയോഗിക്കേണ്ട ഗതികേടിലാണ് ജനങ്ങള്‍. പലയിടങ്ങളിലും അഞ്ചുമുതല്‍ പത്തു രൂപ വരെ ഒരു കുടം വെള്ളത്തിന് നാട്ടുകാര്‍ നല്‍കുന്നുണ്ട്. തീരദേശമേഖലയി ല്‍ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് അടിയന്തിര പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Next Story

RELATED STORIES

Share it