thrissur local

കുടിവെള്ളക്ഷാമ പരിഹാരം : ചെറു ജലസ്രോതസ്സുകളുടെ സംരക്ഷണം അത്യന്താപേക്ഷിതമെന്ന്



ചാലക്കുടി: കുടിവെള്ളക്ഷാമ പരിഹാരത്തിന് ചെറു ജലസ്രോതസ്സുകളുടെ സംരക്ഷണം അത്യന്താപേക്ഷിതമെന്ന് ശാസ്ത്രീയ പഠനങ്ങള്‍. ഡാമുകളുടെ നിര്‍മ്മാണം കൊണ്ടുമാത്രമല്ല ചെറുകിട ജലസ്രോതസ്സുകളുടെ സംരക്ഷണവും ജലസുരക്ഷയ്ക്ക് ഒഴിച്ചുകൂടാനാകാത്തതാണെന്നാണ് പുതിയ കണ്ടെത്തല്‍. ജലവിഭവം നിലനില്‍ക്കുന്നവിധം ഉപയോഗിക്കാനും മഴയുടെ വ്യതിയാനങ്ങള്‍ മൂലമുണ്ടാകുന്ന സാമ്പത്തിക ക്ലേശങ്ങള്‍ ഏറ്റവും കുറഞ്ഞ തോതിലേക്ക് പിടിച്ചുനിര്‍ത്താനും ചെറുജലസ്രോതസ്സുകളുടെ സംരക്ഷണം മൂലം സാധിക്കുമെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. കേന്ദ്രീകൃത പദ്ധതികളുടെ വരവോടെ സ്വഭാവികമായും പരമ്പരാഗതമായും പരിചരണം ലഭിച്ചുകൊണ്ടിരുന്ന ഇത്തരം സമ്പ്രദായങ്ങള്‍ക്ക് പ്രാധാന്യം കുറഞ്ഞു. അവ നടത്തികൊണ്ടുപോകാനുള്ള സാമ്പത്തിക സഹായങ്ങളും ഇല്ലാതായതോടെ ഇത്തരം സംരക്ഷണങ്ങളും ഇല്ലാതായി. പൈപ്പുകളിലൂടെ വെള്ളം കിട്ടുമെന്നായപ്പോള്‍ കിണറുകള്‍ ശ്രദ്ധിക്കാതെയായി. കനാല്‍ ജലസേചന സൗകര്യം ലഭിച്ചതോടെ പരമ്പരാഗത കുളങ്ങള്‍ക്ക് ലഭിച്ചിരുന്ന പരിചരണവും ഇല്ലാതായി. ജനുവരി മുതല്‍ ജൂണ്‍ വരെ ഏതാണ്ട് 7600 മില്യന്‍ ക്യൂബിക്ക് മീറ്റര്‍ ജലം കമ്മിയാകുമ്പോള്‍ വര്‍ഷക്കാലത്ത് 9000 മില്യന്‍ ക്യൂബിക്ക് മീറ്റര്‍ ജലം അധികവുമാണ്. കാലാനുസൃതമായ ഈ വൈരുദ്ധ്യമാണ് നമ്മുടെ കുടിവെള്ള പ്രശ്‌നങ്ങളുടെ കാതലെന്നാണ് എസ്‌സിഎംഎസ് എന്‍ജിനീയറിങ് കോളജിലെ ജലവിഭാഗ മേധാവി ഡോ. സണ്ണി ജോര്‍ജ് നടത്തിയ പഠന റിപോര്‍ട്ടില്‍ പറയുന്നത്. ഇന്ന് നേരിടുന്ന ജലക്ഷാമം പരിഹരിക്കാന്‍ ആദ്യമായി ചെയ്യേണ്ടത് കിണറുകള്‍, കുളങ്ങള്‍ എന്നിവ സംരക്ഷിക്കുക എന്നതാണെന്നും റിപോര്‍ട്ടില്‍ പറയുന്നു. 2011 ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ ഏകദേശം 46ലക്ഷം കിണറുകളുണ്ട്. ഇടനാടന്‍ തീരപ്രദേശ മേഖലകളില്‍ ശരാശരി 200 കിണറുകളുമുണ്ട്. ഇവയുടെ സംരക്ഷണത്തിന് ശാസ്ത്രീയമായ രീതികള്‍ സ്വീകരിക്കണം. കിണറുകളുടേയും കുളങ്ങളുടേയും വിവരശേഖരണം നടത്തി അവയെ ജിഐഎസ് സംവിധാനത്തിന്റെ സഹായത്തോടെ ജനപങ്കാളിത്വത്തോടെ ഒരു മിഷന്‍ തന്നെ ഓരോ പഞ്ചായത്ത് തലത്തിലും രൂപീകരിക്കണം. വേനല്‍മാസങ്ങളില്‍ ഇവ വൃത്തിയാക്കി സംരക്ഷിക്കാന്‍ പദ്ധതിയുണ്ടാവണം. ഭൂര്‍ഗര്‍ഭജല സാന്നിധ്യം, ഉറവകളുടെ വൈവിധ്യം, സ്വാഭാവ സവിശേഷതകള്‍, പരിപാലനരീതികള്‍ എന്നിവ കൃത്യമായി രേഖപ്പെടുത്തി അടുത്ത തലമുറക്ക് കൈമാറാന്‍ സംവിധാനം ഒരുക്കണം. മേല്‍കൂരയിലെ മഴവെള്ളം കിണറിലേക്കും കുളങ്ങളിലേക്കും ഇറക്കുവാന്‍ ശ്രമം വേണം. 1000ചതുരശ്ര അടിയിലുള്ള മേല്‍കൂരയില്‍ നിന്നും ശരാശരി 3000 മില്ലി ലിറ്റര്‍ മഴ ലഭിക്കുന്ന കേരളത്തില്‍ ഒരു വര്‍ഷത്തില്‍ രണ്ട് ലക്ഷം ലിറ്റര്‍ ജലമാണ് കിണറില്‍ എത്തിക്കുവാന്‍ സാധിക്കുന്നത്. മഴയിലൂടെ ലഭിക്കുന്ന ജലമാണ് ഏറ്റവും ശുദ്ധവും ഗുണനിലവാരവുമുള്ള ജലമെന്നും അത് എവിടെ നിന്ന് ലഭിക്കുന്നുവോ അവിടെ തന്നെ സംഭരിക്കണമെന്നുമാണ് മഴവെള്ള സംഭരണത്തിന്റെ അടിസ്ഥാന തത്വം. അത് പ്രകൃതി ദത്തമായ സ്രോതസ്സുകളിലാകുമ്പോള്‍ ആ പ്രദേശത്തെ പരിസ്ഥിതിക്ക് അത് വലിയ മുതല്‍കൂട്ടാകും. താഴ്ന്ന് പോയ ഭൂഗര്‍ഭജലവിതാനം ഉയര്‍ത്തുന്നതിനും ഗുണനിലവാരമുള്ള ശുദ്ധജലം പ്രകൃതിദത്തമായി ലഭിക്കുന്നതിനും മേല്‍കൂരയില്‍ നിന്നുള്ള മഴവെള്ള സംഭരണം ഏറെ സഹായകമാണ്. വളരെ ലളിതമായി ചെയ്യാവുന്ന ഈ പ്രകിയയിലൂടെ നാം നേരിടുന്ന വേനല്‍ക്കാലത്തെ കുടിവെള്ളക്ഷാമത്തെ ഒരു പരിധിവരെ ചെറുക്കാനാകും. ഈ പദ്ധതിയെ കേവലം മഴവെള്ള സംഭരണത്തിനപ്പുറം ഒരു കാലാവസ്ഥാ വ്യതിയാന അതിജീവന പദ്ധതിയുടെ ഗണത്തില്‍പെടുത്തി അടിയന്തര പ്രാധാന്യം നല്‍കണം. ഇത്തരം പരിശ്രമങ്ങള്‍ പ്രാദേശികമായി ജലസുരക്ഷക്ക് മുതല്‍കൂട്ടാകുമെന്നും പഠനറിപോര്‍ട്ടില്‍ പറയുന്നു.
Next Story

RELATED STORIES

Share it