kannur local

കുടിവെള്ളക്ഷാമം രൂക്ഷമാവുമ്പോഴും പൊതുകിണറുകള്‍ കാട്മൂടി നശിക്കുന്നു

ഇരിട്ടി: വേനല്‍ കനത്തതോടെ കുടിവെള്ളത്തിന് ജനം നെട്ടോട്ടമോടുമ്പോള്‍ മലയോര പഞ്ചായത്ത്-മുനിസിപാലിറ്റികളിലെ പൊതുകിണറുകള്‍ കാടുമൂടി നാശോന്മുഖമാകുന്നു. 1981ലുണ്ടായ അതിരൂക്ഷമായ വരള്‍ച്ചയെ തുടര്‍ന്നു പഞ്ചായത്തുകളില്‍ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി കുഴിച്ച കിണറുകളാണ് നാശത്തിന്റെവക്കിലുള്ളത്. പല സ്ഥലങ്ങളിലെയും കിണറുകളില്‍ മാലിന്യം പോലും തള്ളിയിരിക്കുകയാണ്. ആറളം-81, അയ്യംകുന്ന്-30, പായം-75, ഉളിക്കല്‍-20, മുഴക്കുന്ന്-30 പഞ്ചായത്തുകളില്‍ 236 കിണറുകളും ഇരിട്ടി മുനിസിപാലിറ്റിയില്‍ 40 കിണറുകളും കൂടി ആകെ 276 പൊതു കിണറുകളാണുള്ളത്.
ഇവയില്‍ ചിലതൊക്കെ ഉപയോഗിക്കുന്നുണ്ടെങ്കിലും ഭുരിഭാഗം കിണറുകളും കാടു മൂടി കിടക്കുകയാണ്. ചില പഞ്ചായത്തുകളിലെ കിണറുകള്‍ വറ്റിവരണ്ടെങ്കിലും ഒട്ടു മിക്ക കിണറുകളും വെള്ളമുള്ളവയാണ്. വെള്ള ഉള്ള കിണറുകള്‍ പോലും കാടു മൂടി കിടക്കുകയാണ്. കരിക്കോട്ടക്കരി രാജീവ് ഗാന്ധി കോളനി, ഈന്തുങ്കരി കോളനി, ഓടിച്ചക്കുന്ന്, വാണിയാപ്പാറ എസ്ടി കോളനി, വാണിയപ്പാറ തട്ട്, മണിമരുതും ചാല്‍, വലിയപറമ്പ്, രണ്ടാം കടവ്, ചരള്‍ പ്രദേശങ്ങള്‍ അതിരൂക്ഷമായ കുടി വെള്ളക്ഷാമത്തിന്റെ പിടിയിലാണ്. മലയോര പഞ്ചായത്തിലെ പുഴകളും, തോടുകളും, കുളങ്ങളുമെല്ലാം വറ്റി വരണ്ടുകഴിഞ്ഞു.
പഴയ ഡാമിന്റെ ഷട്ടര്‍ പണി പൂര്‍ത്തിയാക്കി വെള്ളം സംഭരിച്ചതിനാല്‍ ഇക്കുറി ഇരിട്ടി പുഴയിലും മറ്റും വെള്ളം സുലഭമായുള്ളതിനാല്‍ ഇരിട്ടി ടൗണും പ്രദേശവും കുടിവെള്ള ക്ഷാമം കുറവാണ്. മലയോരത്തെ കോളനികളും മറ്റും കടുത്ത കുടിവെള്ള ക്ഷാമത്തിലാണ്. ചിലയിടങ്ങളില്‍ പഞ്ചായത്തുകള്‍ ടാങ്കര്‍ ലോറിയില്‍ വെള്ളം എത്തിക്കുന്നുണ്ടെങ്കിലും ആവശ്യത്തിന് തികയാത്ത അവസ്ഥയാണ്. ഉപയോഗ ശൂന്യമായ കിണറുകള്‍ ശുചീകരിക്കാന്‍ പഞ്ചായത്തും മുനിസിപാലിറ്റിയും തയ്യാറായി കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ മുന്നോട്ടു വരണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.—
Next Story

RELATED STORIES

Share it