Alappuzha local

കുടിവെള്ളക്ഷാമം രൂക്ഷം

ആലപ്പുഴ: ആലപ്പുഴ നഗരത്തിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായി.
കുടിവെള്ളവിതരണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ടു തോമസ് ഐസക് എംഎല്‍എ യുടെയും നഗരസഭയിലെ ഇടതുകൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ വാട്ടര്‍ അതോറിറ്റി എക്‌സിക്യുട്ടീവ് എന്‍ജിനീയറെ ഉപരോധിച്ചു. ഉപരോധത്തെ തുടര്‍ന്നു 24 മണിക്കൂറിനുള്ളില്‍ കുടിവെള്ള വിതരണം നടത്താമെന്നും എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ രേഖാമൂലം ഉറപ്പുനല്‍കി.
ചാത്തനാട്, തോണ്ടന്‍ കുളങ്ങര, കാളാത്ത് തുടങ്ങിയ പ്രദേശങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചയായി കുടിവെള്ളം ലഭിക്കുന്നില്ല. ദൂരസ്ഥലങ്ങളില്‍ നിന്നു ഏറെ കഷ്ടപ്പെട്ടാണ് ജനങ്ങള്‍ കുടിവെള്ളം ശേഖരിക്കുന്നത്. ഇതു സംബന്ധിച്ചു വാട്ടര്‍ അതോറിറ്റിയില്‍ നിരവധി പരാതികള്‍ നല്‍കിയിട്ടും പരിഹാരം ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് ഉപരോധസമരം സംഘടിപ്പിച്ചത്. മണിക്കൂറുകളോളം നീണ്ട ഉപരോധസമരത്തിനൊടുവിലാണ് കുടിവെള്ള ക്ഷാമത്തിനു പരിഹാരമുണ്ടാക്കാന്‍ തീരുമാനമായത്. കൗണ്‍സിലര്‍മാരായ എം ആര്‍ പ്രേം, കെ ബാബു പങ്കെടുത്തു.
ശുദ്ധജലത്തിന് ജല അതോറിറ്റിയെ ആശ്രയിക്കുന്നവരാണ് നഗരത്തിലെ ഭൂരിഭാഗവും. ജല അതോറിറ്റിയുടെ ജലസ്രോതസും കുഴല്‍ക്കിണര്‍തന്നെ. 27 ഓളം കുഴല്‍ക്കിണറുകളാണ് നഗരത്തില്‍ ജല അതോറിറ്റിക്കുള്ളത്. ഇവയില്‍ പലതിലെയും പ്രവര്‍ത്തനം കാര്യക്ഷമമല്ല. വെള്ളം കുഴല്‍ക്കിണറില്‍നിന്ന് പമ്പുചെയ്ത് ഓവര്‍ഹെഡ് ടാങ്കുകളില്‍ എത്തിച്ച് ക്‌ളോറിനേഷന്‍ നടത്തിയാണ് ജലഅതോറിറ്റി ശുദ്ധജലവിതരണം നടത്തുന്നത്. ജലനിരപ്പ് താഴുന്നതും പമ്പുഹൌസുകളില്‍ സ്ഥാപിച്ചിരിക്കുന്ന മോട്ടോറുകളുടെ ശേഷി കുറയുന്നതും വെള്ളം പമ്പ് ചെയ്യുന്നതില്‍ കുറവ് വരുത്തുന്നു. ഇതാണ് ജലവിതരണത്തിന്റെ പ്രധാന തടസങ്ങളിലൊന്ന്. കുഴല്‍ക്കിണറുകളെ ആശ്രയിച്ചുമാത്രം നടക്കുന്ന ആലപ്പുഴയിലെ ശുദ്ധജലവിതരണം കാര്യക്ഷമമല്ലെന്ന് പരാതിയുണ്ട്. നഗരത്തിലെ ആര്‍ഒ പ്ലാന്റുകള്‍ അടിക്കടി പണിമുടക്കുന്നതും കുടിവെള്ള ക്ഷാമം രൂക്ഷമാക്കുന്നു.
Next Story

RELATED STORIES

Share it