Kottayam Local

കുടിവെള്ളക്ഷാമം; ജില്ലയില്‍ മണ്ണെടുപ്പ് നിര്‍ത്തണം: കലക്ടര്‍

കോട്ടയം: കുടിവെള്ളക്ഷാമം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ മണ്ണെടുപ്പ് തുടരരുതെന്ന് ജില്ലാ വികസന സമിതിയില്‍ കലക്ടര്‍ യു വി ജോസ് അറിയിച്ചു. വീട് നിര്‍മാണത്തിന് മണ്ണെടുക്കുന്നതിന് പെര്‍മിറ്റ് അനുവദിച്ചിട്ടുണ്ട്.
എന്നാല്‍ അധികം മണ്ണെടുക്കുന്നതിന് ലാന്‍ഡ് ഡവലപ്‌മെന്റ് പെര്‍മിറ്റ് വാങ്ങണം. ജിയോളജി, വില്ലേജ് ഓഫിസര്‍/തഹസില്‍ദാരില്‍ നിന്ന് ലഭ്യമാകുന്ന സാക്ഷ്യപത്രം പഞ്ചായത്ത് സെക്രട്ടറിയ്ക്കു നല്‍കിയാണ് പെര്‍മിറ്റ് വാങ്ങേണ്ടത്. ഇതിനുള്ള പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ പ്രഖ്യാപിച്ച പരിപാടികളെല്ലാം പുരോഗതിയിലാണ്. ഓഫിസുകളിലെ മാലിന്യങ്ങള്‍ കൃത്യമായ വിധത്തില്‍ തരംതരിച്ച് വയ്ക്കണം. അല്ലാത്ത ഓഫിസുകള്‍ക്കെതിരെ നടപടി എടുക്കുമെന്നും അദ്ദേഹം അറിയിച്ചു. കടപ്ലാക്കല്‍ കോളനിയിലെ 41 വീട്ടുകാര്‍ക്ക് പട്ടയം നല്‍കാനുള്ള നടപടിയുണ്ടാവണം. ഈരാറ്റുപേട്ടയില്‍ പുതിയതായി തുറന്ന ബസ് സ്റ്റാന്റില്‍ നിന്ന് കൂടുതല്‍ ബസ് സര്‍വീസ് നടത്താനുള്ള നടപടിയും ഉണ്ടാവണമെന്ന് ഈരാറ്റുപേട്ട നഗരസഭാ ചെയര്‍മാന്‍ ടി എം റഷീദ് പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിനിധിയായ അഡ്വ. ഫില്‍സണ്‍ മാത്യൂസ് തുടര്‍ന്നു സംസാരിച്ചു. അമയന്നൂര്‍ ഹൈസ്‌കൂളിനടുത്തുളള ഓട ഒരാഴ്ചയ്ക്കകം സ്ലാബിട്ടുമൂടണം.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ വിതരണം വേഗത്തിലാക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണം.
ടോറസുകളുടെ ഓട്ടത്തിലും നിയന്ത്രണമുണ്ടാവണമെന്നും ജില്ലാ വികസന സമിതിയില്‍ അദ്ദേഹം നിര്‍ദേശിച്ചു. തുടര്‍ന്ന് പ്ലാന്‍പ്ലയ്‌സ് അവലോകനവും നടത്തി.  ധീരതയ്ക്കു ദേശീയ പുരസ്‌കാരം ലഭിച്ച വൈക്കം ദേവീ വിലാസം എച്ച്എസ്എസ്സിലെ മാസ്റ്റര്‍ അനന്തു ദിലീപ്, എരുമേലി സെന്റ് തോമസ് എച്ച്എസ്എസിലെ മാസ്റ്റര്‍ നിധിന്‍ ഫിലിപ്പ് മാത്യു എന്നിവര്‍ക്ക് കലക്ടര്‍ ഉപഹാരം നല്‍കി ആദരിച്ചു.
ഏറ്റുമാനൂര്‍ നഗരത്തിന്റെ ട്രാഫിക് പ്ലാനും വികസന സമിതിയില്‍ കലക്ടര്‍ പ്രകാശിപ്പിച്ചു. യോഗത്തില്‍ അസി. കലക്ടര്‍, ഡോ. ദിവ്യ എസ് അയ്യര്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ ടെസ് പി മാത്യു,  ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it