Kollam Local

കുടിവെള്ളം; മുന്‍പെങ്ങുമില്ലാത്ത മോശമായ അവസ്ഥയെന്ന് മേയര്‍

കൊല്ലം:ചൂട് കടുക്കുന്നതോടെ കുടിവെള്ളക്ഷാമം രൂക്ഷമാകുമെന്ന ആശങ്ക കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിലും അംഗങ്ങള്‍ ഉയര്‍ത്തി.
ഇപ്പോള്‍ തന്നെ നഗരത്തിന്റെ പല ഭാഗങ്ങളിലും കുടിവെള്ളം കിട്ടാക്കനിയായിട്ടുണ്ടെന്ന് പൊതുചര്‍ച്ചയില്‍ പങ്കെടുത്ത അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. കുടിവെള്ളം ലഭിക്കാത്ത ഇടറോഡുള്ള മേഖലകളില്‍ ശുദ്ധജലം ചെറിയ വാഹനങ്ങളില്‍ എത്തിക്കണമെന്ന് ചാത്തിനാംകുളം ഡിവിഷന്‍ കൗണ്‍സിലര്‍ എ നിസാര്‍ നിര്‍ദ്ദേശിച്ചു.
ശക്തികുളങ്ങരയോട് ചേര്‍ന്നുകിടക്കുന്ന തുരുത്ത് നിവാസികള്‍ കടുത്ത ശുദ്ധജല ക്ഷാമത്തെ നേരിടുകയാണെന്ന് മീനത്തുചേരി ഡിവിഷന്‍ കൗണ്‍സിലര്‍ ജനറ്റ് പറഞ്ഞു. പമ്പ്ഹൗസില്‍ നിന്ന് സ്ഥിരമായി വെള്ളം പമ്പുചെയ്യുന്നുണ്ടെങ്കിലും അതൊന്നും തുരുത്തുകാര്‍ക്ക് ലഭിക്കുന്നില്ല. പ്രദേശത്തെ ഐസ്പ്ലാന്റുകളും മറ്റും വെള്ളം ചോര്‍ത്തുന്നുവെന്ന സംശയവും നിലനില്‍ക്കുന്നുണ്ടെന്ന് അംഗം കൂട്ടിച്ചേര്‍ത്തു.
പൊതുടാപ്പുകളിലൂടെ മലിനജലമാണ് ലഭിക്കുന്നതെന്ന് ശക്തികുളങ്ങര ഡിവിഷന്‍ കൗണ്‍സിലര്‍ എസ് മീനാകുമാരിയും പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമായതായി കിളികൊല്ലൂര്‍ ഡിവിഷനെ പ്രതിനിധീകരിക്കുന്ന ടി ലൈലാകുമാരിയും പരാതിപ്പെട്ടു.
കുടിവെള്ളത്തിന്റെ കാര്യത്തില്‍ മുന്‍പെങ്ങുമില്ലാത്തവിധം മോശമായ അവസ്ഥയെയായിരിക്കും അഭിമുഖീകരിക്കുകയെന്ന് പൊതുചര്‍ച്ചയ്ക്ക് മറുപടി പറയവെ മേയര്‍ അഡ്വ. വി രാജേന്ദ്രബാബു വ്യക്തമാക്കി. കുടിവെള്ള വിതരണത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് ജലഅതോറിറ്റി ഉറപ്പുനല്‍കിയിട്ടുണ്ടെങ്കിലും മുന്‍കരുതല്‍ കൈക്കൊള്ളേണ്ടത് അത്യാവശ്യമാണ്.
ഇതിനായി ജലഅതോറിറ്റി ഉദ്യോഗസ്ഥരുമായി ഒന്‍പതിന് ചര്‍ച്ച നടത്തുന്നുണ്ട്. അതിനുശേഷം കൗണ്‍സിലര്‍മാരെ കൂടി ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്യാമെന്നും മേയര്‍ ഉറപ്പുനല്‍കി.പോളയത്തോട് ഷോപ്പിങ് കോംപ്ലക്‌സില്‍ അനധികൃത കയ്യേറ്റം നടക്കുന്നതായി സിപിഐയിലെ ഹണിബഞ്ചമിന്‍ പറഞ്ഞു. പുനരധിവസിക്കപ്പെട്ട കടക്കാര്‍, കട രണ്ടായി തിരിച്ച് വാടകയ്ക്ക് നല്‍കുന്നു.
മുന്‍പ് അവിടെ ഉണ്ടായിരുന്ന കടക്കാരെ പുനരധിവസിപ്പിക്കാന്‍ കാട്ടിയ മനുഷ്യത്വപരമായ തീരുമാനത്തെ വെല്ലുവിളിക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. കടകള്‍ മറിച്ചുവില്‍ക്കുന്ന സാഹചര്യവും ഉണ്ട്. ഇതിന് പിന്നില്‍ കോര്‍പ്പറേഷനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണെന്നും അംഗം ആരോപിച്ചു. കടകള്‍ വിഭജിച്ച് വാടകയ്ക്ക് നല്‍കിയവരോട് അത് പൂര്‍വസ്ഥിതിയിലാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ് പറഞ്ഞു. എന്നാല്‍ കാലപരിധി അവസാനിച്ചിട്ടും കടക്കാര്‍ അതിന് തയ്യാറായിട്ടില്ല. കര്‍ശന നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുള്ളതായും ഡെപ്യൂട്ടി മേയര്‍ അറിയിച്ചു.
കടപ്പാക്കട ജങ്ഷന്‍ വികസനം അടിയന്തിരമായി പ്രാവര്‍ത്തികമാക്കണമെന്ന് ഡിവിഷന്‍ കൗണ്‍സിലര്‍ എന്‍ മോഹനന്‍ ആവശ്യപ്പെട്ടു. ഇരവിപുരം സോണലിനോട് ചിറ്റമ്മ നയം കാട്ടുന്നുവെന്നായിരുന്നു ഭരണിക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. സൈജുവിന്റെ പരാതി.സമഗ്രമായ മാലിന്യസംസ്‌കരണ സംവിധാനത്തിലേക്ക് കടക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ലെന്ന് അറുന്നൂറ്റിമംഗലം ഡിവിഷനെ പ്രതിനിധീകരിക്കുന്ന എസ് പ്രസന്നന്‍ പറഞ്ഞു. പ്ലാസ്റ്റിക് ഷ്‌റെഡിങ്് യൂനിറ്റ് ആരംഭിക്കണമെന്നും അംഗം ആവശ്യപ്പെട്ടു.തെരുവ് വിളക്കിനെ സംബന്ധിച്ച് ഡിവിഷന്‍ കൗണ്‍സിലര്‍മാര്‍ ആവര്‍ത്തിച്ചുവന്നിരുന്ന പരാതികളെ മരാമത്ത് സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ ചിന്ത എല്‍ സജിത് പൊളിച്ചുകാട്ടി. ഓരോ ഡിവിഷനുകള്‍ക്കും അനുവദിച്ച ലൈറ്റിന്റെ കണക്ക് അവര്‍ അവതരിപ്പിക്കുകയും ചെയ്തു. സ്വഛ് സര്‍വെ കുറ്റമറ്റ രീതിയില്‍ നടത്തുന്നതിന് നേതൃത്വം നല്‍കിയ കൗണ്‍സിലര്‍മാരെയും ഉദ്യോഗസ്ഥരെയും ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ എസ് ജയന്‍ അഭിനന്ദിച്ചു. കൊല്ലം തുറമുഖം സജീവമാകുന്നതിന് നടപടി വേണമെന്ന് തുറമുഖ വകുപ്പ് മന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. കൊല്ലം തോടിന്റെ ശുചീകരണ വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെട്ടതായും ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായും മേയര്‍ അറിയിച്ചു.അമ്മന്‍നട ഡിവിഷന്‍ കൗണ്‍സിലര്‍ രാജിവച്ച പശ്ചാത്തലത്തില്‍ പുതിയ അംഗത്തെ തിരഞ്ഞെടുക്കപ്പെടുന്നതുവരെ ചാര്‍ജ്ജ് അയത്തില്‍ ഡിവിഷന്‍ കൗണ്‍സിലറായ സരിതയ്ക്ക് നല്‍കാനും തീരുമാനിച്ചു.എസ് രാജ്‌മോഹന്‍, ബി അജിത്കുമാര്‍, അഡ്വ. എംഎസ് ഗോപകുമാര്‍, ഷൈലജ, വിജയലക്ഷ്മി, എ കെ ഹഫീസ്, വത്സല ടീച്ചര്‍, കരുമാലില്‍ ഡോ. ഉദയ സുകുമാരന്‍, സുരേഷ്‌കുമാര്‍, സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍മാരായ എം എ സത്താര്‍, എസ് ഗീതാകുമാരി എന്നിവരും പൊതുചര്‍ച്ചയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it