kozhikode local

കുടിവെള്ളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് പഞ്ചായത്തംഗത്തിന്റെ കിടപ്പ് സമരം

കൊടുവള്ളി: മടവൂര്‍ പഞ്ചായത്തിലേക്കുള്ള കുടിവെള്ള വിതരണം മുടങ്ങിയതില്‍ പ്രതിഷേധിച്ച് ഗ്രാമപ്പഞ്ചായത്ത് അംഗം എ പി നസ്തര്‍ കൊടുവള്ളി വാട്ടര്‍ അതോറിറ്റി അസി. എന്‍ജിനീയര്‍ ഓഫിസിനു മുന്നില്‍ കിടപ്പ് സമരം നടത്തി. ഉച്ചയ്ക്ക് ഒന്നോടെ ആരംഭിച്ച സമരം ചര്‍ച്ചയ്‌ക്കൊടുവില്‍ അഞ്ചു മണിയോടെ അവസാനിപ്പിച്ചു.
പത്തിലേറെ ദിവസങ്ങളായി മടവൂരിലേക്കുള്ള കുടിവെള്ള വിതരണം മുടങ്ങിയിട്ട്. വേനല്‍ കടുത്തതോടെ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് ജനം. വിവരം വാട്ടര്‍ അതോറിറ്റി അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍ വ്യക്തമായ മറുപടി ലഭിക്കാത്തതിനാലാണ് സമരം നടത്തിയതെന്ന് നസ്തര്‍ പറഞ്ഞു.
കൊട്ടക്കവയല്‍ പദ്ധതിയില്‍ പൂനൂര്‍ പുഴയിലെ കിണറിനോടനുബന്ധിച്ചുള്ള പമ്പ് ഹൗസിലെ മോട്ടോര്‍ പമ്പ്‌സെറ്റ് കഴിഞ്ഞ ആഴ്ച കത്തിപ്പോയതിനെ തുടര്‍ന്നാണ് മടവൂരിലേക്കുള്ള ജല വിതരണം നിലച്ചത്. തുടര്‍ന്ന് തിങ്കളാഴ്ച കോടഞ്ചേരിയില്‍ നിന്ന് താല്‍ക്കാലിക പമ്പ്‌സെറ്റ് കൊണ്ടുവന്ന് സ്ഥാപിച്ച് ജല വിതരണം പുനരാരംഭിച്ചെങ്കിലും ഭാഗികമായെ വിതരണം നടന്നിരുന്നുള്ളൂ. 500ല്‍ പരം ഗുണഭോക്താക്കളുള്ള മടവൂരില്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് വെള്ളം ലഭിച്ചിരുന്നില്ല.
വൈകീട്ട് നാലോടെ മടവൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി സി അബ്ദുല്‍ ഹമീദ്, സിപിഎം നേതാക്കളായ കെ ബാബു, മടവൂര്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കോരപ്പന്‍, പി കെ ഇ ചന്ദ്രന്‍ തുടങ്ങിയവര്‍ വാട്ടര്‍ അതോറിറ്റി എഇയുമായി നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌ന പരിഹാരം ആയതിനെ തുടര്‍ന്ന് അഞ്ചോടെ സമരം അവസാനിപ്പിക്കുകയായിരുന്നു. കേടായ മോട്ടോര്‍ പമ്പ്‌സെറ്റ് ഉടനെ അറ്റകുറ്റപ്പണി ചെയ്ത് അടുത്ത ബുധനാഴ്ചയോടെ വിതരണം സാധാരണ നിലയിലാക്കാനും ഇപ്പോഴത്തെ താല്‍ക്കാലിക മോട്ടോര്‍ പമ്പ്‌സെറ്റില്‍ 24 മണിക്കൂറും പമ്പിങ് നടത്താനും തീരുമാനമായി.
Next Story

RELATED STORIES

Share it