കുടിവെള്ളം മുടക്കില്ല

സ്വന്തം പ്രതിനിധികൊച്ചി: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ വേനല്‍ക്കാലത്ത് കുടിവെള്ള വിതരണത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. സംസ്ഥാനത്ത് കുടിവെള്ള വിതരണ പദ്ധതികള്‍ നടപ്പാക്കുന്നതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപാധികളോടെ അനുമതി നല്‍കി. കടുത്ത വരള്‍ച്ച  നേരിടുന്ന പ്രദേശങ്ങളില്‍ സൗജന്യമായി കുടിവെള്ളമെത്തിക്കാന്‍ അനുവദിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇക്കാര്യം മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ഇ കെ മാജി ഹൈക്കോടതിയെ അറിയിച്ചു. കുടിവെള്ള വിതരണം സംബന്ധിച്ച് പത്ര-ദൃശ്യ മാധ്യമങ്ങളിലും ഇന്റര്‍നെറ്റിലും ഉള്‍പ്പെടെ യാതൊരു പ്രചാരണവും പാടില്ലെന്നും രാഷ്ട്രീയനേതൃത്വം പ്രസംഗത്തിലും മറ്റും ഇതേക്കുറിച്ച് പരാമര്‍ശിക്കരുതെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. സൗജന്യ കുടിവെള്ള വിതരണം നടക്കുന്ന പ്രദേശങ്ങളില്‍ മന്ത്രിമാരും രാഷ്ട്രീയപ്പാര്‍ട്ടി ഭാരവാഹികളും പങ്കാളികളാവരുത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരുപോലെ ബാധകമാണെന്നും മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. ഈ നിര്‍ദേശങ്ങളടങ്ങുന്ന കത്ത് കമ്മീഷന്റെ അഭിഭാഷകന്‍ മുരളി പുരുഷോത്തമന്‍ കോടതിക്ക് കൈമാറി. തുടര്‍ന്ന് കുട്ടനാട്ടിലെ കുടിവെള്ള വിതരണത്തിനുള്‍പ്പെടെ ആലപ്പുഴ ജില്ലയ്ക്ക് സര്‍ക്കാര്‍ അനുവദിച്ച തുകയില്‍ ഒരുകോടി രൂപ ഉടന്‍ വിട്ടുകൊടുക്കണമെന്ന് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് ഉത്തരവിട്ടു. പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ കുടിവെള്ള വിതരണത്തിനുള്ള ഫണ്ട് സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്നും സമുദ്രനിരപ്പില്‍നിന്ന് താഴെയുള്ള കുട്ടനാടന്‍മേഖല കടുത്ത കുടിവെള്ളക്ഷാമത്തിലാണെന്നും ചൂണ്ടിക്കാട്ടി തോമസ് ചാണ്ടി എംഎല്‍എ നല്‍കിയ ഹരജിയാണു കോടതി പരിഗണിച്ചത്. കുടിവെള്ള വിതരണത്തിനായി കുട്ടനാടിന് സര്‍ക്കാര്‍ ഒരുകോടി അനുവദിച്ചെങ്കിലും ലഭിച്ചില്ലെന്നാണ് ഹരജിയിലെ ആരോപണം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമാണ് ഇതിനു കാരണം. കുടിവെള്ള വിതരണം പാടെ മുടങ്ങിയിരിക്കുകയാണ്. കുട്ടനാടിന്റെ പ്രത്യേക അവസ്ഥ കണക്കിലെടുത്ത് ചട്ടത്തില്‍ ഇളവനുവദിക്കണമെന്നും അനുവദിച്ച തുക കൈമാറാന്‍ ഉത്തരവിടണമെന്നുമായിരുന്നു എംഎല്‍എയുടെ ആവശ്യം. ഹരജി പരിഗണിക്കവെ, രാഷ്ട്രീയനേട്ടത്തിന് വിനിയോഗിക്കരുതെന്ന ഉപാധിയോടെ കുടിവെള്ള വിതരണത്തിന് പെരുമാറ്റച്ചട്ടത്തില്‍ ഇളവനുവദിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.കടുത്ത വരള്‍ച്ച  നേരിടുന്ന സ്ഥലങ്ങളില്‍ വാഹനങ്ങളില്‍ കുടിവെള്ളമെത്തിക്കാനുള്ള നടപടി കമ്മീഷന്‍ നേരത്തേ തടഞ്ഞിരുന്നു. ഇതിനെതിരേ  മന്ത്രിസഭ പ്രതിഷേധിക്കുകയുണ്ടായി.  തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുമ്പുതന്നെ കുടിവെള്ള വിതരണത്തിന് തീരുമാനമെടുത്ത് ഫണ്ടനുവദിച്ചതാണ്. ചീഫ് സെക്രട്ടറി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് കാര്യങ്ങള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it