Flash News

കുടിവെള്ളം: പണം തടസ്സമാവില്ലെന്നു മന്ത്രി



തിരുവനന്തപുരം: വരള്‍ച്ച രൂക്ഷമായ പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കാന്‍ പണം തടസ്സമാവില്ലെന്നും കേന്ദ്രസഹായം ഉടന്‍ ലഭ്യമാവുമെന്നാണ് പ്രതീക്ഷയെന്നും റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. കുടിവെള്ള വിതരണത്തിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ച് വരികയാണെന്ന് ജലവിഭവ മന്ത്രി മാത്യു ടി തോമസും വ്യക്തമാക്കി. വരള്‍ച്ച നേരിടുന്നതിലെ സ ര്‍ക്കാര്‍ വീഴ്ച ചൂണ്ടിക്കാട്ടിയുള്ള പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു ഇരുവരും. കുടിവെള്ള വിതരണത്തിനായി 3352 കിയോസ്‌കുകള്‍ ഇതിനകം സ്ഥാപിച്ചതായി റവന്യൂമന്ത്രി പറഞ്ഞു. വെള്ളം ലഭ്യമല്ലെന്ന പരാതി ഒരുജില്ലയിലുമില്ല. ആവശ്യമായ സ്ഥലങ്ങളിലെല്ലാം ടാങ്കറില്‍ വെള്ളമെത്തിക്കുന്നു. കുടിവെള്ള വിതരണത്തിന് ആവശ്യമായ പണം ചെലവഴിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. മാര്‍ച്ച് വരെ 69.1 കോടി രൂപ കുടിവെള്ള വിതരണത്തിനായി അനുവദിച്ചു. എന്നാല്‍, ഉത്തരവുകള്‍ ഇറക്കുകയല്ലാതെ വരള്‍ച്ച നേരിടുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ അടൂര്‍പ്രകാശ് പറഞ്ഞു. നവംബറില്‍ വരള്‍ച്ച തുടങ്ങിയതാണെങ്കിലും കുടിവെള്ള വിതരണത്തിന് പണം ചെലവഴിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയത് നാല് മാസം കഴിഞ്ഞാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it