Pathanamthitta local

കുടിവെള്ളം കൂടുതല്‍ പേരിലെത്തിക്കാന്‍ കണക്ഷന്‍ മേള നടത്തും: മന്ത്രി പി ജെ ജോസഫ്

മല്ലപ്പള്ളി: ജല അതോറിറ്റിയുടെ കുടിവെള്ളം കൂടുതല്‍ പേരിലെത്തിക്കുന്നതിന് കണക്ഷന്‍ മേള നടത്തുമെന്ന് ജലവിഭവ മന്ത്രി പി ജെ ജോസഫ് പറഞ്ഞു. മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങല്‍ ഗ്രാമപ്പഞ്ചായത്തുകള്‍ക്കു വേണ്ടി നടപ്പാക്കുന്ന ശുദ്ധജല വിതരണ പദ്ധതിയുടെ ഒന്നാംഘട്ട നിര്‍മാണോദ്ഘാടനം മല്ലപ്പള്ളിയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കണക്ഷന്‍ മേള നടത്തുന്നതിന് നടപടികള്‍ ലഘൂകരിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ പുതിയതായി 400 തടയണകള്‍ നിര്‍മിച്ചു. ഇതില്‍ 100 എണ്ണം കുടിവെള്ള സ്രോതസുകള്‍, കിണറുകള്‍, കുളങ്ങള്‍ എന്നിവ സംരക്ഷിക്കാനുള്ളതാണ്. വീടുകളിലേക്ക് കുടിവെള്ള കണക്ഷന്‍ നല്‍കാന്‍ റോഡിന്റെ ഇരുവശങ്ങളിലും പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
മഴവെള്ള സംഭരണം പ്രധാന പദ്ധതിയായി നടപ്പാക്കും. ശുദ്ധമായ കുടിവെള്ളം ജനങ്ങളുടെ അവകാശമാണ്. വായു കഴിഞ്ഞാല്‍ ഏറ്റവും ആവശ്യം കുടിവെള്ളമാണ്. 200ലേറെ കുടിവെള്ള പദ്ധതികള്‍ കമ്മീഷന്‍ ചെയ്തു.
290 പദ്ധതികളുടെ നിര്‍മാണം പുരോഗമിക്കുന്നു. ജല അതോറിറ്റിയുടെ പഴയ പൈപ്പുകള്‍ മാറ്റി പുതിയവ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.വരള്‍ച്ചയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് നിലവിലെ കുടിവെള്ള പദ്ധതികള്‍ ജനങ്ങള്‍ക്ക് പരമാവധി പ്രയോജനം ചെയ്യുന്ന വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് അധ്യക്ഷത വഹിച്ച മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു.
Next Story

RELATED STORIES

Share it