kasaragod local

കുടിവെള്ളം കിട്ടാക്കനി; അങ്കണവാടി കുട്ടികള്‍ ദുരിതത്തില്‍

തൃക്കരിപ്പൂര്‍: ഭക്ഷണം പാകം ചെയ്യാനോ കുടിക്കാന്‍ ശുദ്ധജലമോ ലഭിക്കാതെ വലയുകയാണ് ഇളമ്പച്ചി കണ്ണംകൈ വിറ്റാക്കുളം അങ്കണവാടിയിലെ കുട്ടികള്‍. പഞ്ചായത്ത് 15-ാം വാര്‍ഡിലെ അങ്കണവാടിയില്‍ 18 കുരുന്നുകളാണെത്തുന്നത്. ഇവര്‍ക്ക് ഏറെ ദൂരം പോയാണു ജീവനക്കാര്‍ വെള്ളം കൊണ്ടുവരുന്നത്. വെള്ളം ലഭിക്കാന്‍ സംവിധാനമില്ലാത്തതല്ല പ്രശ്‌നം.
തൃക്കരിപ്പൂര്‍ പഞ്ചായത്ത് നല്‍കിയ സ്ഥലത്ത് 2006ല്‍ സുനാമി പുനരധിവാസ പദ്ധതിയിലാണ് സാമൂഹികക്ഷേമ വകുപ്പ് അങ്കണവാടി കെട്ടിടവും അനുബന്ധ സൗകര്യവും ഒരുക്കിയത്. പിന്നീട് കുടിവെള്ള ടാങ്കും അങ്കണവാടി മുറ്റത്ത് ടാപ്പും സ്ഥാപിച്ചു.
എന്നാല്‍ കുടിവെള്ളം ഇവിടെ കിട്ടിയില്ല. ഇതോടെ കണ്ണംകൈ എടക്കി കുടിവെള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജലമെത്തിക്കാന്‍ തീരുമാനിച്ചു.
പൈപ്പ് ലൈന്‍ വലിച്ചു ഒരു മാസം കഴിയും മുമ്പ് പ്രദേശത്തേക്കുള്ള റോഡ് നിര്‍മാണത്തിനിടെ പൈപ്പും തകര്‍ന്നു. ആദ്യമാരും ശ്രദ്ധിച്ചില്ല.
വെള്ളം പൈപ്പില്‍ വരാതായത്തോടെ ദൂരെയുള്ള വീടുകളില്‍ പോയി വെള്ളം ശേഖരിക്കുന്നതു അങ്കണവാടി ജീവനക്കാരുടെ പ്രധാന ജോലിയായി. ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇതിനു മാറ്റമില്ല.
മാസങ്ങളായി റോഡിനടുത്തു വെള്ളമൊഴുകാന്‍ തുടങ്ങിയപ്പോഴാണു പൈപ്പ് പൊട്ടിയ വിവരം അധികൃതര്‍ അറിയുന്നത്. ദ്രുതഗതിയില്‍ പ്രശ്‌നം പരിഹരിക്കുകയും ചെയ്തു.
അങ്കണവാടിയിലേക്കും പ്രദേശത്തെ നാലു വീടുകളിലേക്കുമുള്ള പൈപ്പ് മുറിച്ച് സ്‌റ്റോപ്പറുമിട്ടു. പിന്നീട് തുടര്‍ നടപടിയുണ്ടായില്ല. നിര്‍ധന കുടുംബങ്ങളില്‍ നിന്നെത്തുന്ന കുരുന്നുകളും ജീവനക്കാരും ഇവിടെ ദുരിതമാണ് അനുഭവിക്കുന്നത്. പ്രശ്‌നത്തിന് അടിയന്തിര പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it