kasaragod local

കുടിവെള്ളം കിട്ടാക്കനിയായി; ജനങ്ങള്‍ നെട്ടോട്ടത്തില്‍

കാഞ്ഞങ്ങാട്: വേനല്‍ കടുത്തതോടെ കുടിവെള്ളം കിട്ടാക്കനിയാകുകയാണ്. വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണം മുടങ്ങിയിട്ട് ദിവസങ്ങളായി. തിരഞ്ഞടുപ്പ് കാലമായതിനാല്‍ ടാങ്കറില്‍ ജലവിതരണം നടത്തുന്നതിനും കടുത്ത നിയന്ത്രണം. കാഞ്ഞങ്ങാട് നഗരസഭയുടെ കിഴക്കന്‍ മേഖലയില്‍ പെട്ട ചെമ്മട്ടംവയല്‍, കവ്വായി, തോയമ്മല്‍, ആറങ്ങാടി ഭാഗങ്ങളില്‍ വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണമാണ് ആശ്രയം. മടിക്കൈ മുക്കൂട് പുഴയില്‍ നിന്നാണ് ഇവിടങ്ങളിലേക്ക് വെള്ളം പമ്പു ചെയ്ത് എത്തിക്കുന്നത്.
വേനല്‍ കടുക്കും വരെ ദിവസം 16 മണിക്കൂര്‍ വരെ വെള്ളം പമ്പു ചെയ്തിരുന്നതായി വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറയുന്നു. എന്നാലിപ്പോള്‍ ഒന്നര മണിക്കൂര്‍ പമ്പ് ചെയ്യുമ്പോഴേക്കും വെള്ളം തീരുകയാണ്. വാട്ടര്‍ അതോറിറ്റി ജലത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന ചെമ്മട്ടംവയല്‍ എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിലെ കുടുംബങ്ങള്‍ താമസം മാറാന്‍ ആലോചിക്കുകയാണ്.
ടാങ്കറിലുള്ള വെള്ളം വിതരണത്തിന് നിയന്ത്രണവും ഉണ്ട്. തിരഞ്ഞെടുപ്പായതിനാല്‍ റവന്യൂ വകുപ്പിനാണ് ജലവിതരണത്തിന്റെ ചുമതല. വെള്ളം ആവശ്യമുള്ളത് സംബന്ധിച്ച് അതത് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിയും വില്ലേജ് ഓഫിസറും സംയുക്തമായി റിപ്പോര്‍ട്ട് തഹസില്‍ദാര്‍ക്ക് നല്‍കണം. ഈ റിപോര്‍ട്ടില്‍ പറയുന്നവര്‍ക്ക് മാത്രമേ വെള്ളം കിട്ടുകയുള്ളൂ. ഈ റിപോര്‍ട്ട് ആര്‍ഡിഒ/സബ് കലക്ടര്‍ക്ക് സമര്‍പ്പിക്കണം. സബ് കലക്ടറാണ് അനുവദിക്കേണ്ടത്. പല ഭാഗത്തും ടാങ്കറില്‍ വെള്ളം തന്നെ രണ്ടും മൂന്നും ദിവസം കൂടുമ്പോഴാണ് എത്തുന്നത്.
ഹൊസ്ദുര്‍ഗ് താലൂക്കില്‍ ജലവിതരണത്തിന് എട്ട് വാഹനങ്ങള്‍ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ജലവിതരണ പ്രശ്‌നത്തില്‍ കഴിഞ്ഞ ദിവസം മടിക്കൈ പഞ്ചായത്ത് ഭരണസമിതി തഹസില്‍ദാറെയും സബ് കലക്ടറെയും ഘരാവോ ചെയ്തിരുന്നു.
കോടോം-ബേളൂര്‍ പഞ്ചായത്ത് ഭരണസമിതിയും സമരത്തിന്റെ പാതയിലാണ്. വേനല്‍ മഴ വരാതെ ഒരു രക്ഷയുമില്ലെന്ന് അധികാരികള്‍ പറയുന്നു. ജനങ്ങളാകട്ടെ ടാങ്കറില്‍ വെള്ളം വരുന്നതും കാത്ത് പാത്രങ്ങളൊക്കെയും നിരത്തുവക്കില്‍ വച്ച് കാത്തിരിക്കുകയാണ്.
Next Story

RELATED STORIES

Share it