ernakulam local

കുടിയൊഴിപ്പിക്കലിനെതിരേ വ്യാപക പ്രതിഷേധം

കീഴ്മാട്: ചാലക്കല്‍ പകലോമറ്റത്ത് കുടിയൊഴിപ്പിക്കലിന് ഇരകളായ വഴിയോര കച്ചവടം നടത്തിയിരുന്ന അഗതി കുടുംബങ്ങളുടെ ദയനീയത വിശദീകരിക്കുന്ന വീഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പഞ്ചായത്ത് അധികൃതര്‍ നടത്തിയ മനുഷ്യത്വരഹിതമായ കുടിയൊഴിപ്പിക്കലിനെതിരേ സോഷ്യല്‍ മീഡിയയില്‍ അടക്കം ജനരോഷം ശക്തമായി.
പഞ്ചായത്തിന്റെ പുറമ്പോക്ക് കൈയേറി അനധികൃത വ്യാപാരം നടത്തി എന്ന് ആരോപിച്ചാണ് ഇവര്‍ക്കെതിരേ വന്‍ പോലിസ് സംഘത്തിന്റെ ബന്തവസ്സില്‍ പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിച്ചത്. എന്നാല്‍ തങ്ങള്‍ പുറമ്പോക്ക് കൈയേറിയിട്ടില്ലന്നും പഞ്ചായത്ത് പ്രസ്തുത പ്രദേശത്ത് എന്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്ദേശിക്കുന്ന സമയത്തും റോഡരികില്‍ നിന്ന് സ്വമേധയാ ഒഴിഞ്ഞ് നല്‍കാന്‍ തയ്യാറാണെന്ന് പഞ്ചായത്തിന് സത്യവാങ്മൂലം നല്‍കിയിരുന്നതായും വഴിയോര കച്ചവടക്കാര്‍ പറഞ്ഞു. എന്നാല്‍ യാതൊരു നിര്‍മാണ പ്രവര്‍ത്തനവും ഉദ്ദേശിക്കാതെ ഈ അവസരത്തിലുള്ള കുടിയൊഴിപ്പിക്കല്‍ ദുരൂഹമാണ്.
വഴിയോര കച്ചവടക്കാരെ ഒഴിവാക്കി പ്രസ്തുത കണ്ണായ പ്രദേശം ഭൂമാഫിയക്ക് കൈമാറാനുള്ള പഞ്ചായത്ത് അധികാരികളുടെ നീക്കത്തിന്റെ ഭാഗമായാണ് കുടിയൊഴിപ്പിക്കല്‍ നടന്നതെന്നാണ് പ്രദേശവാസികളുടെ അഭിപ്രായം. അതിന്റെ ഭാഗമായി പ്രസ്തുത പുറമ്പോക്കിലൂടെ സ്വകാര്യവ്യക്തി പഞ്ചായത്തിന്റെ ഒത്താശയോടെ വൈദ്യുതലൈന്‍ വലിച്ചു. പഞ്ചായത്ത് അധികാരികള്‍ അതിനെതിരേ യാതൊരു നടപടിയും ഇതേവരെ സ്വീകരിച്ചിട്ടില്ല.
പ്രാദേശിക സിപിഎം നേതൃത്വത്തിന്റെ പരിപൂര്‍ണ ഒത്താശയുള്ള ഭൂമാഫിയക്ക് പഞ്ചായത്ത് സ്ഥലം കൈയേറാന്‍ വേണ്ട സൗകര്യം ഒരുക്കാനാണ് കുടിയൊഴിപ്പിക്കല്‍ നടപടികള്‍ നടത്തിയതെന്ന് എസ് ഡിപിഐ കീഴ്മാട് പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. പ്രദേശത്തുണ്ടായിരുന്ന കുളം നികത്തിയതടമുള്ള നടപടികള്‍ കോടികള്‍ വിലമതിക്കുന്ന ഭൂമി കൈയേറാനുള്ള ഒരുക്കത്തിന്റെ ഭാഗമായാണ്. ഇതിനെതിരേ സഹകരിക്കുന്ന മുഴുവന്‍ പ്രസ്ഥാനങ്ങളുമായി ചേര്‍ന്ന് പൊതുജനത്തെ സംഘടിപ്പിച്ച് സമര പരിപാടികള്‍ ആവിഷ്‌കരിക്കുമെന്നും പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
ചാലക്കല്‍ പകലോമറ്റത്ത് ഭൂമാഫിയക്ക് പുറമ്പോക്ക് കൈയേറാന്‍ പഞ്ചായത്തധികാരികള്‍ സൗകര്യം ചെയ്യുന്നതിന് വേണ്ടി പാവപ്പെട്ടവരെ ഒഴിപ്പിച്ച സ്ഥലങ്ങള്‍ എസ്ഡിപിഐ ജില്ല, മണ്ഡലം നേതാക്കള്‍ സന്ദര്‍ശിച്ചു. ജില്ലാ കമ്മിറ്റിയംഗം റഷീദ് എടയപ്പുറം, ആലുവ മണ്ഡലം പ്രസിഡന്റ് ഷിജു ബക്കര്‍, സെക്രട്ടറി ഷിഹാബ് ശ്രീമൂലനഗരം, മണ്ഡലം കമ്മിറ്റി അംഗം സമദ് ആലുവ, വാഴകുളം പഞ്ചായത്ത് പ്രസിഡന്റ് നസര്‍, സെക്രട്ടറി നുര്‍ മഹമ്മദ്, കീഴ്മട് പഞ്ചയാത്ത് പ്രസിഡന്റ് ഫെമീര്‍ മനാടാത്ത് പങ്കെടുത്തു.



Next Story

RELATED STORIES

Share it