കുടിയേറ്റ മേഖല ഇസ്രായേലിന്റേതല്ല: യൂറോപ്യന്‍ യൂനിയന്‍

ബ്രസ്സല്‍സ്: ദ്വിരാഷ്ട്ര പ്രഖ്യാപനത്തിലൂടെ ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തിനു പരിഹാരം കണ്ടെത്താന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് ആവര്‍ത്തിച്ച യൂറോപ്യന്‍ യൂനിയന്‍ ഇസ്രായേലിന്റെ കുടിയേറ്റ നയങ്ങളെ ശക്തമായി വിമര്‍ശിച്ചു.
കഴിഞ്ഞ ദിവസം ബ്രസ്സല്‍സില്‍ ചേര്‍ന്ന യൂറോപ്യന്‍ യൂനിയന്‍ വിദേശകാര്യ മന്ത്രിമാരുടെ പ്രതിമാസ യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രമേയം പാസാക്കിയത്. 1967നു മുമ്പ് അന്താരാഷ്ട്ര അംഗീകാരമുള്ള അതിന്റെ അതിര്‍ത്തികളുമായി ബന്ധപ്പെട്ട് മാത്രമേ കരാറുകളും ധാരണയും ഉണ്ടാക്കൂയെന്നും പ്രമേയം വ്യക്തമാക്കുന്നു. 1948ന് ശേഷമുള്ള അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങളില്‍ ഇസ്രായേലുമായി യാതൊരു ധാരണയും ഉണ്ടാക്കില്ലെന്നും യൂറോപ്യന്‍ യൂനിയന്‍ അറിയിച്ചു. 1967 മുതല്‍ ഇസ്രായേല്‍ അധിനിവേശം നടത്തിയ വെസ്റ്റ്ബാങ്ക്, കിഴക്കന്‍ ഖുദ്‌സ്, ജൂലാന്‍ കുന്ന് അടക്കമുള്ള പ്രദേശങ്ങള്‍ ഇസ്രായേലിന്റെ ഭാഗമല്ലെന്നത് അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട യാഥാര്‍ഥ്യമാണെന്നും മന്ത്രിമാര്‍ നിലപാട് വ്യക്തമാക്കി.
ഇസ്രായേലിന്റെ ഉല്‍പന്നങ്ങളില്‍ പതിക്കുന്ന ലേബലുകളുടെ കാര്യത്തിലുള്ള തീരുമാനം യൂറോപ്യന്‍ യൂനിയന്‍ നിയമങ്ങളനുസരിച്ചുള്ളതാണെന്നും അവര്‍ വ്യക്തമാക്കി. അതനുസരിച്ച് കുടിയേറ്റ മേഖലയില്‍നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് മേല്‍ 'മെയ്ഡ് ഇന്‍ ഇസ്രായേല്‍' എന്നുള്ള ലേബല്‍ പതിക്കാനാവില്ല.
അത്തരം ഉല്‍പന്നങ്ങള്‍ കുടിയേറ്റ മേഖലയില്‍ നിര്‍മിച്ചതാണെന്ന് വ്യക്തമാക്കുന്ന ലേബലുകളാണ് പതിക്കേണ്ടത്. സുരക്ഷാനടപടികള്‍ ശക്തമാക്കിയതു കൊണ്ടു മാത്രം ഫലസ്തീനിലെ അധിനിവിഷ്ട പ്രദേശങ്ങളിലെ അക്രമസംഭവങ്ങള്‍ അവസാനിപ്പിക്കാനാവില്ലെന്നും ഇസ്രായേല്‍ നയങ്ങളില്‍ കാര്യമായ പരിഷ്‌കരണങ്ങള്‍ വരുത്തുകയാണ് വേണ്ടതെന്നും യൂനിയന്‍ വ്യക്തമാക്കി.
യൂറോപ്യന്‍ യൂനിയന്‍ ഫണ്ടുകൊണ്ട് നിര്‍മിച്ചതടക്കമുള്ള പ്രൊജക്ടുകള്‍ തകര്‍ക്കുകയും കണ്ടുകെട്ടുകയും ചെയ്യുന്ന നടപടികളെയും ഫലസ്തീനികളെ അവരുടെ ഗ്രാമങ്ങളില്‍നിന്ന് ആട്ടിയോടിക്കുന്നതിനെയും യൂനിയന്‍ വിമര്‍ശിച്ചു. ഫലസ്തീന്റെയും ഇസ്രായേല്‍ കുടിയേറ്റ കേന്ദ്രങ്ങളുടെയും കാര്യത്തിലുള്ള യൂനിയന്‍ തീരുമാനങ്ങളെ പിഎല്‍ഒ എക്‌സിക്യൂട്ടീവ് സമിതി സെക്രട്ടറി സാഇബ് അരീഖാത് സ്വാഗതം ചെയ്തു. ഉല്‍പന്നങ്ങളുടെ കാര്യത്തിലെടുത്ത പോലെയുള്ള തീരുമാനങ്ങള്‍ യൂറോപ്പ് ഇനിയും സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it