കുടിയേറ്റ പ്രതിസന്ധി; 2015ല്‍ യൂറോപ്പില്‍ അഭയം തേടിയത് 10 ലക്ഷം പേര്‍

ജനീവ: ആഭ്യന്തരസംഘര്‍ഷങ്ങളും ദാരിദ്ര്യവും സൃഷ്ടിച്ച അരക്ഷിതാവസ്ഥമൂലം ഈ വര്‍ഷം യൂറോപ്പില്‍ അഭയം തേടിയത് 10 ലക്ഷത്തിലധികം പേര്‍. കുടിയേറ്റക്കാര്‍ക്കുവേണ്ടിയുള്ള അന്താരാഷ്ട്ര സംഘടനയാണ് റിപോര്‍ട്ട് പുറത്തുവിട്ടത്.
കഴിഞ്ഞ വര്‍ഷം യൂറോപ്പിലെത്തിയതിനേക്കാള്‍ നാലിരട്ടി യാണ് ഇത്തവണയെത്തിയതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഭൂരിഭാഗംപേരും കടല്‍മാര്‍ഗമാണ് എത്തിയത്. ഇതില്‍ എട്ടുലക്ഷത്തോളം പേരും തുര്‍ക്കി വഴി ഗ്രീസിലേക്ക് കടന്നവരാണ്. സിറിയ, അഫ്ഗാന്‍, ഇറാഖ് എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് അഭയാര്‍ഥികളില്‍ കൂടുതലും. കടല്‍ക്ഷോഭത്തിലും ബോട്ട് തകര്‍ന്നും 3695 പേര്‍ മുങ്ങിമരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്. ഗ്രീസ്, ബള്‍ഗേറിയ, ഇറ്റലി, സ്‌പെയിന്‍, മാള്‍ട്ട, സൈപ്രസ് എന്നീ യൂറോപ്യന്‍ രാജ്യങ്ങളിലൂടെയെത്തിയ അഭയാര്‍ഥികളുടെ കണക്കാണ് ഐഒഎം പുറത്തുവിട്ടത്. അതേസമയം, യൂറോപ്പിലെത്തിയ 4,55,000 അഭയാര്‍ഥികളും സിറിയയിലെ യുദ്ധമുഖത്തുനിന്നു ജീവനും കൊണ്ട് ഓടിപ്പോന്നവരാണ്. 1,86,000ത്തോളം പേര്‍ അഫ്ഗാനില്‍നിന്നുള്ളവരാണ്.
ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍നിന്ന് ഇറ്റലിയിലേക്ക് ബോട്ടുകള്‍ വഴി കടക്കുന്നതിനിടെയാണ് ഏറ്റവും കൂടുതല്‍ അഭയാര്‍ഥികള്‍ മരണപ്പെട്ടത്. 2,889 പേരാണ് ഇത്തരത്തില്‍ മരണത്തിന്റെ ആഴങ്ങളിലേക്ക് മുങ്ങിപ്പോയത്. തുര്‍ക്കിയില്‍നിന്ന് ഈജിയന്‍ കടല്‍ വഴി ഗ്രീസിലേക്കു കടക്കാനുള്ള ശ്രമത്തില്‍ 700ഓളം പേര്‍ ജീവന്‍ വെടിഞ്ഞു.
തുര്‍ക്കിയില്‍നിന്നു കരമാര്‍ഗം ബള്‍ഗേറിയ, ഗ്രീസ് എന്നീ രാജ്യങ്ങളിലേക്കെത്തിയത് 3.5 ശതമാനം അഭയാര്‍ഥികളാണ്. അഭയാര്‍ഥിപ്രവാഹം യൂറോപ്യന്‍ യൂനിയന്‍ രാഷ്ട്രീയത്തില്‍ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ചില രാജ്യങ്ങള്‍ അഭയാര്‍ഥികളെ നിയന്ത്രിക്കാന്‍ അതിര്‍ത്തിയില്‍ കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തി. ജര്‍മനിയെ ലക്ഷ്യമാക്കിയാണ് ഭൂരിഭാഗംപേരും നീങ്ങുന്നത്.
Next Story

RELATED STORIES

Share it