kannur local

കുടിയിറക്ക് ഭീഷണി നേരിടുന്നവര്‍ തെരുവിലേക്ക്

കാട്ടാമ്പള്ളി: ജനവികാരം മാനിക്കാതെ ബൈപാസ് പദ്ധതിയുമായി മുന്നോട്ടുപോവുന്ന അധികൃതര്‍ക്കെതിരേ ചിറക്കല്‍ പഞ്ചായത്തിലെ ഏരുമ്മല്‍വയല്‍, കാഞ്ഞിരത്തറ ഭാഗങ്ങളില്‍ കുടിയറക്ക് ഭീഷണി നേരിടുന്നവര്‍ പ്രക്ഷോഭം ശക്തമാക്കാന്‍ ഒരുങ്ങുന്നു.
ഇതിന്റെ ഭാഗമായി ഈമാസം 10ന് കോട്ടക്കുന്നില്‍ കുടില്‍കെട്ടി തെരുവില്‍ പാര്‍ക്കല്‍ സമരം നടത്തും. സാമൂഹിക പ്രവര്‍ത്തകന്‍ ഹാഷിം ചെന്നമ്പള്ളി ഉദ്ഘാടനം ചെയ്യും. ഡോ. ഡി സുരേന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തും. ദേശീയപാത 17ല്‍ തലപ്പാടി-കണ്ണൂര്‍ (130 കിലോമീറ്റര്‍), കണ്ണൂര്‍-വെങ്ങളം (82 കിലോമീറ്റര്‍) എന്നിവയാണ് മേഖലയിലൂടെ കടന്നുപോവുന്നത്. ഇതില്‍ വളപട്ടണം ചുങ്കത്ത് നിന്നാരംഭിച്ച് താഴെചൊവ്വയില്‍ ചേരുന്നതാണ് കണ്ണൂര്‍ ബൈപാസ്. നേരത്തെ ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് കോട്ടക്കുന്നിലെ സര്‍വേ ദേശീയപാത അതോറിറ്റി നിര്‍ത്തിവച്ചിരുന്നു. കുറഞ്ഞ ചെലവില്‍ ദേശീയപാത വികസിപ്പിക്കാമെന്നിരിക്കെ ജനവാസ കേന്ദ്രങ്ങളിലെ വീടുകള്‍ നശിപ്പിച്ച് ബൈപാസിനായി അധികൃതര്‍ സമ്മര്‍ദം ചെലുത്തുന്നത് സംശയാസ്പദമാണെന്നാണ് കുടിയറക്ക് ഭീഷണി നേരിടുന്നവരുടെ ആരോപണം. മുന്‍ രൂപരേഖ റദ്ദാക്കി ജനസാന്ദ്രത കുറഞ്ഞ ഭാഗത്തുകൂടി സര്‍വേ നടത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. കുടിയൊഴിപ്പിക്കല്‍ കുറയുന്ന രീതിയിലാവണം പുതിയ രൂപരേഖ. ജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കണം. ബൈപാസിന്റെ പേരില്‍ കൈയേറ്റമാണ് ലക്ഷ്യമെങ്കില്‍ ശക്തമായി എതിര്‍ക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി.
കോട്ടക്കുന്ന് യുപി സ്‌കൂളില്‍ ചേര്‍ന്ന ജനകീയ കണ്‍വന്‍ഷനില്‍ കര്‍മസമിതി ചെയര്‍മാനായി എം എ ഹംസയെയും  ജനറല്‍ കണ്‍വീനറായി എന്‍ എം കോയയെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: സഹധര്‍മന്‍ (ഖജാഞ്ചി), പ്രദീപന്‍ (വൈസ്‌ചെയര്‍മാന്‍), സുഗുണന്‍, അശോകന്‍, മനാഫ്, നൗഫല്‍, സിറാജ്, സുഫിയാന്‍, കെ കെ സുഹൈല്‍, വേണു, മൂസാന്‍, ഷീന, സീനത്ത്,സബിത (അസിസ്റ്റന്റ് കണ്‍വീനര്‍മാര്‍).
Next Story

RELATED STORIES

Share it