Flash News

കുടിയന്‍മാരായ ഭര്‍ത്താക്കന്‍മാരെ തല്ലാന്‍ മന്ത്രി വക ബാറ്റുകള്‍



ഭോപാല്‍: സമൂഹ വിവാഹത്തില്‍ വധുക്കള്‍ക്ക് മന്ത്രിയുടെ വക ബാറ്റ് സമ്മാനം. മധ്യപ്രദേശ് ഗ്രാമീണ വികസന മന്ത്രി ഗോപാല്‍ ഭാര്‍ഗവയാണ് വധുക്കള്‍ക്ക് വ്യത്യസ്തമായ സമ്മാനം നല്‍കിയത്. അക്ഷയ തൃതീയ ദിനത്തില്‍ സാഗര്‍ ജില്ലയിലെ ഗര്‍ഹകോട്ടയിലായിരുന്നു സമൂഹ വിവാഹം. 700ഓളം വധുക്കള്‍ക്കാണ് ഭാര്‍ഗവ ബാറ്റ് സമ്മാനിച്ചത്. ഭര്‍ത്താക്കന്‍മാര്‍ മദ്യപിച്ച് വരുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നുവെങ്കില്‍ സമ്മാനം കിട്ടിയ ബാറ്റുപയോഗിച്ച് അവരെ അടിക്കാന്‍ മന്ത്രി വധുക്കളോട് ഉപദേശിച്ചു.  മദ്യപന്‍മാരെ അടിക്കാനുള്ള സമ്മാനം പോലിസ് ഇടപെടുകയില്ല എന്ന് ബാറ്റില്‍ കുറിച്ചിരുന്നു. മദ്യപിച്ച് വന്ന് തങ്ങളെ ഉപദ്രവിക്കുന്ന ഭര്‍ത്താക്കന്‍മാരെ പറ്റി തന്റെ മണ്ഡലത്തിലെ പല സ്ത്രീകളും പരാതി പറയാറുണ്ടെന്നും അതിനാല്‍ ഇത് ഏറ്റവും അനുയോജ്യമായ സമ്മാനമാണെന്നും മന്ത്രി പറഞ്ഞു. മരക്കഷ്ണം കൊണ്ട് ഭര്‍ത്താവിനെ അടിച്ചാല്‍ മദ്യപാനശീലം മാറുമോ എന്ന് ഒരിക്കല്‍ ഒരു സ്ത്രീ ചോദിച്ചപ്പോഴാണ് ഇത്തരം സമ്മാനം നല്‍കാമെന്ന ആശയം ഉദിച്ചതെന്നും മന്ത്രി പറഞ്ഞു. മദ്യപന്‍മാരായ ഭര്‍ത്താക്കന്‍മാരാല്‍ പീഡിപ്പിക്കപ്പെടുന്ന സ്ത്രീകള്‍ക്കായി 10,000 ബാറ്റുകളാണ് മന്ത്രി സജ്ജമാക്കിയിട്ടുള്ളത്. ഇതില്‍ തെറ്റായിട്ടൊന്നുമില്ലെന്നും സാമൂഹിക പരിവര്‍ത്തനത്തിന്റെ ഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. അനധികൃത മദ്യവില്‍പന എല്ലാ സംസ്ഥാനങ്ങളിലും വ്യാപിച്ചിരിക്കുകയാണ്. ജനങ്ങള്‍ മുന്നോട്ടു വരാതെ ഇതിനു പരിഹാരം ഉണ്ടാക്കാന്‍ സാധിക്കില്ല. സ്ത്രീകള്‍ മരത്തൈകള്‍ വച്ചുപിടിപ്പിക്കണം. ഗ്രാമത്തിലെ എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും നിര്‍ത്തലാക്കണം. തങ്ങളുടെ കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഭാര്‍ഗവ പറഞ്ഞു.
Next Story

RELATED STORIES

Share it